
തൃശൂർ: ഗുരുവായൂർ നിയമസഭാ മണ്ഡലത്തെ ചൊല്ലിയുള്ള രാഷ്ട്രീയപ്പോര് മുറുകുന്നതിനിടെ, ബിജെപിയുടെ പോരാട്ടം തരംതാഴ്ത്തി കാണുന്നവർക്ക് മെയ് നാലിന് കൃത്യമായ മറുപടി ലഭിക്കുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ അഡ്വ. ബി. ഗോപാലകൃഷ്ണൻ. ഗുരുവായൂർ ബിജെപിയുടെ 'സി-ക്ലാസ്' മണ്ഡലമാണെന്ന് പരിഹസിക്കുന്നവർക്ക് ഇതൊരു '24 കാരറ്റ് അസ്സൽ എ-ക്ലാസ്' മണ്ഡലമാണെന്ന് വോട്ടെണ്ണൽ കഴിയുന്നതോടെ ബോധ്യപ്പെടുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
എന്നാൽ, പ്രചാരണത്തിനിടെ ഗോപാലകൃഷ്ണൻ നടത്തിയ വിവാദപരമായ വർഗീയ പരാമർശങ്ങൾ മണ്ഡലത്തിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കും നിയമനടപടികൾക്കും വഴിവെച്ചിരിക്കുകയാണ്. മണ്ഡലത്തിൽ ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ട ജനപ്രതിനിധി വേണമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി, മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കറുടെ നിർദ്ദേശപ്രകാരം തൃശൂർ ജില്ലാ കളക്ടർ കേസെടുത്തിട്ടുണ്ട്. ഇത് സ്ഥാനാർത്ഥിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ടെങ്കിലും തന്റെ നിലപാടിൽ ഉറച്ചുനിന്നുകൊണ്ടുള്ള പ്രചാരണമാണ് അദ്ദേഹം നടത്തുന്നത്.
മറുവശത്ത്, ശക്തമായ ത്രികോണ മത്സരത്തിന് വേദിയാകുന്ന ഗുരുവായൂർ മണ്ഡലത്തിൽ ഇടതും വലതും ഒരുപോലെ പ്രതീക്ഷയിലാണ്. ചരിത്രപരമായി ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന് വലിയ സ്വാധീനമുള്ള മണ്ഡലമാണിത്; ഇതുവരെ നടന്ന 15 തിരഞ്ഞെടുപ്പുകളിൽ ഏഴ് തവണയും ലീഗ് സ്ഥാനാർത്ഥികളാണ് ഇവിടെ ജയിച്ചു കയറിയത്. ഈ പാരമ്പര്യം വീണ്ടെടുക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്.
എന്നാൽ 2006 മുതൽ മണ്ഡലത്തിൽ പ്രകടമായ ഇടതുപക്ഷ ആധിപത്യം അത്ര പെട്ടെന്ന് തകർക്കാനാവില്ലെന്നാണ് എൽഡിഎഫ് വിലയിരുത്തൽ. നിലവിലെ എംഎൽഎ ആയ എൻ.കെ. അക്ബറിലൂടെ മണ്ഡലം നിലനിർത്താൻ കഴിയുമെന്ന് ഇടത് മുന്നണി കണക്കുകൂട്ടുന്നു. ലീഗിന്റെ തിരിച്ചുവരവ് മോഹങ്ങളും ബിജെപിയുടെ അപ്രതീക്ഷിത മുന്നേറ്റ അവകാശവാദങ്ങളും നിലനിൽക്കുന്ന ഗുരുവായൂരിലെ രാഷ്ട്രീയ ചിത്രം ഏറെ സങ്കീർണ്ണമാണ്. വർഗീയ പരാമർശങ്ങളുടെ പേരിൽ ഉയർന്ന വിവാദങ്ങൾ വോട്ടർമാരെ എങ്ങനെ സ്വാധീനിക്കുമെന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലത്തിൽ നിർണ്ണായകമാകും.
ബി ഗോപാലകൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
ബിജെപിയുടെ അടിസ്ഥാന വോട്ടായ ഹൈന്ദവ സമൂഹം ന്യുനപക്ഷമായ കേവലം 47% മാത്രമുള്ള ഒരു മണ്ഡലത്തിൽ ആകെ വോട്ട് ചെയ്യപ്പെട്ട 160000 വോട്ടിൽ 74000 അടുത്ത് മാത്രം ഹൈന്ദവർ വോട്ട് ചെയ്യപ്പെട്ടുള്ളു എന്ന് അനുമാനിക്കുന്ന ഗുരുവായൂർ മണ്ഡലത്തിലെ നിയമസഭ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ കിട്ടിയ ഏറ്റവും വലിയ വോട്ട് 2016ൽ ശ്രീമതി നിവേദിതക്ക് കിട്ടിയ 25392 വോട്ടാണ്... 2021ൽ വീണ്ടും ശ്രീമതി നിവേദിത മത്സരിച്ചപ്പോൾ ചില സാങ്കേതിക കാരണങ്ങളാൽ പത്രിക തള്ളപ്പെട്ടപ്പോൾ ബിജെപി പിന്തുണച്ച ഡിഎസ്ജെപി സ്ഥാനാർഥി ശ്രീ ദിലീപ് നായർക്ക് കിട്ടിയ വോട്ട് 6742... ഈ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ബിജെപി നേടിയ വോട്ട് 25763...കഴിഞ്ഞ ലോക്സഭ ഇലക്ഷനിൽ ശ്രീ സുരേഷ്‌ഗോപി 75000 വോട്ടിന്റെ ഉജ്ജ്വല ഭൂരിപക്ഷത്തിൽ തൃശൂരിൽ ജയിച്ചപ്പോളും.. 7ൽ 6 നിയമസഭ സീറ്റ്കളിൽ ഒന്നാം സ്ഥാനത് എത്തിയപ്പോളും ബിജെപിക്ക് ഒപ്പം നിൽക്കാഞ്ഞ ഏക മണ്ഡലം ഗുരുവായൂർ ആണ്.. അതിന്റെ പ്രധാന കാരണം അടിസ്ഥാന വോട്ടായ ഹൈന്ദവർ ഇവിടെ ന്യുനപക്ഷം ആയത് കൊണ്ട് മാത്രമാണ്..അത് കൊണ്ട് തന്നെ രാഷ്ട്രീയ നിരീക്ഷകരും രാഷ്ട്രീയ എതിരാളികളും ബിജെപിയുടെ C ഗ്രേഡ് മണ്ഡലം എന്ന് വിളിച്ച മണ്ഡലമാണ് ഗുരുവായൂർ..കഴിഞ്ഞ 20 വർഷമായി ഇവിടെ തുടർച്ചയായി ജയിക്കുന്നത് ഇടതുപക്ഷമാണ്.. 2016 ൽ 16000 മുകളിൽ വോട്ടിന്റെയും 2021ൽ 19000 അടുത്ത് വോട്ടിന്റെയും വലിയ ഭൂരിപക്ഷത്തിൽ ഇടത് പക്ഷം ജയിച്ച അവരുടെ കുത്തക മണ്ഡലമാണ് . .. എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും... ഗുരുവായൂർ മണ്ണീന്റെ പൈതൃകം സംരക്ഷിക്കപ്പെടും. . എന്നെ ഹൃദയത്തിൽ ഏറ്റിയ ഗുരുവായൂരപ്പന്റെ ഭക്തർക്ക് ഹൃദയത്തിൽ നിന്നും എന്റെ നന്ദിയും സ്നേഹവും കടപ്പാടും ഒരിക്കൽ കൂടി അറിയിക്കുന്നു..
