BoolokamBoolokam

അടിമാലി താലൂക്ക് ആശുപത്രിയിലെ പരിശോധനയില്‍ ധന്യയുടെ നാക്കിനടിയില്‍നിന്ന് ടിഷ്യു പേപ്പര്‍ കണ്ടെത്തിയെന്ന പ്രചാരണം അടിസ്ഥാനരഹിതമമെന്ന് പോലീസ്; ധന്യയുടെ മൊഴിയില്‍ 'ട്വിസ്റ്റ്'; സര്‍വ്വത്ര ദുരൂഹത; എല്ലാം കുടുംബപ്രശ്‌നമായി ഒതുക്കാന്‍ നീക്കം? കേസെടുക്കില്ലെന്ന് പോലീസ്; മാങ്കുളത്തെ തിരോധാന കേസ് അന്വേഷണം അവസാനിപ്പിക്കും

അടിമാലി: മാങ്കുളം പഞ്ചായത്ത് അംഗം ധന്യ ഗണേശന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ ദുരൂഹതകള്‍ ഏറുന്നു. അഞ്ച് ദിവസം കാട്ടിലും ബന്ധുവീട്ടിലുമായി കഴിഞ്ഞ ധന്യയെ കണ്ടെത്തിയതിന് പിന്നാലെ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കേസെടുക്കുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ പോലീസ് പിന്നാക്കം പോകുന്നതായാണ് വിവരം. ഭര്‍ത്താവിനെതിരെ കേസെടുക്കണമെന്ന് ധന്യ മൊഴി നല്‍കിയിട്ടില്ലെന്ന് മൂന്നാര്‍ ഡിവൈ.എസ്.പി വ്യക്തമാക്കിയതോടെ, സംഭവം കേവലം ഒരു കുടുംബപ്രശ്‌നമായി ഒതുക്കിത്തീര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന ആക്ഷേപം ശക്തമായി.

ഭര്‍ത്തൃവീട്ടിലെ പീഡനം കാരണമാണ് താന്‍ വീട് വിട്ടതെന്ന് ധന്യ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഫോണ്‍ അടിച്ചുതകര്‍ക്കുകയും വഴക്കുപറയുകയും ചെയ്തതില്‍ മനംനൊന്താണ് വീടിറങ്ങിയതെന്നും ധന്യ പറയുന്നു. ഇത്രയും വ്യക്തമായ പീഡനവിവരം മൊഴിയിലുണ്ടായിട്ടും ഭര്‍ത്താവിനെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറാകാത്തത് എന്തുതരം നിയമവാഴ്ചയാണെന്ന ചോദ്യം ഉയരുന്നു. വീട്ടിലെ പീഡനം മൂലം ഒരു ജനപ്രതിനിധിക്ക് നാടുവിടേണ്ടി വന്നിട്ടും കേസെടുക്കാതെ 'മൊഴി ലഭിച്ചിട്ടില്ല' എന്ന സാങ്കേതികത്വം പറയുന്നതില്‍ ദുരൂഹതയുണ്ട്.

അടിമാലി താലൂക്ക് ആശുപത്രിയിലെ പരിശോധനയ്ക്കിടെ ധന്യയുടെ നാക്കിനടിയില്‍ നിന്നും ടിഷ്യു പേപ്പര്‍ കണ്ടെത്തിയെന്ന വാര്‍ത്തകള്‍ വലിയ ചര്‍ച്ചയായിരുന്നു. ധന്യയെ മറ്റാരോ അപായപ്പെടുത്താന്‍ ശ്രമിച്ചതോ അല്ലെങ്കില്‍ ബോധപൂര്‍വ്വം സംസാരിക്കാതിരിക്കാന്‍ ശ്രമിച്ചതോ ആകാമെന്ന നിഗമനത്തിലായിരുന്നു നാട്ടുകാര്‍. എന്നാല്‍ ഈ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഡിവൈ.എസ്.പി പറഞ്ഞു. ഇത്തരം നിര്‍ണ്ണായകമായ വിവരങ്ങള്‍ പോലീസ് നിഷേധിക്കുന്നത് കേസ് ഒതുക്കിത്തീര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

അഞ്ച് രാത്രികള്‍ കാട്ടിലും അമ്പതാംമൈലിലെ ബന്ധുവീട്ടിലുമായി കഴിഞ്ഞെന്നാണ് ധന്യയുടെ മൊഴി. പോലീസും നാട്ടുകാരും തിരച്ചില്‍ നടത്തുമ്പോള്‍ മരത്തിന്റെ പൊത്തില്‍ ഒളിച്ചിരുന്നു എന്ന മൊഴി അവിശ്വസനീയമാണെന്നാണ് ഒരു വിഭാഗം നാട്ടുകാര്‍ പറയുന്നത്. ഇത്രയും വിപുലമായ തിരച്ചില്‍ നടന്നിട്ടും ഒരു മരപ്പൊത്തില്‍ ഒളിച്ചിരുന്ന് പോലീസിനെ വെട്ടിച്ചു എന്നത് കേസിന്റെ ഗൗരവം കുറയ്ക്കാനുള്ള ശ്രമമാണോ എന്ന് സംശയിക്കുന്നു.

ഒരു പഞ്ചായത്ത് അംഗം ഇത്രയും ദിവസം കാണാതായ സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് പകരം സമാധാന ചര്‍ച്ചകള്‍ക്കാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. ധന്യയെ കണ്ടെത്താന്‍ സഹായിച്ച നാട്ടുകാരും പോലീസും വലിയ അധ്വാനമാണ് നടത്തിയത്. എന്നാല്‍ ധന്യ തിരിച്ചെത്തിയതോടെ സത്യം പുറത്തുകൊണ്ടുവരുന്നതിന് പകരം വിവരങ്ങള്‍ മറച്ചുവെക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ആരുടെയും പ്രേരണയാലല്ല ഒളിവില്‍ കഴിഞ്ഞതെന്ന് പറയുമ്പോഴും, എന്തിനാണ് ബന്ധുവീട്ടില്‍ ഒളിച്ചിരുന്നത് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല.

ചൊവ്വാഴ്ച വൈകീട്ട് ധന്യയെ ദേവികുളം മജിസ്ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കി. മെമ്പറുടെ കൂടി അഭിപ്രായം കണക്കിലെടുത്താകും തുട നടപടികളെന്ന് പോലീസ് പറയുമ്പോള്‍ തന്നെ ആര്‍ക്കെതിരെയും കേസെടുക്കാന്‍ സാധ്യതയില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. അവശനിലയിലായ ധന്യയെ ആളൊഴിഞ്ഞ വീടിന്റെ ശൗചാലയത്തിലാണ് കണ്ടെത്തിയത്. അത്രയും അവശയായ ഒരാള്‍ എങ്ങനെ മരപ്പൊത്തില്‍ ഒളിച്ചിരുന്നു എന്നത് ഇന്നും ഉത്തരമില്ലാത്ത ചോദ്യമാണ്. സത്യസന്ധമായ അന്വേഷണം നടന്നാല്‍ മാത്രമേ ധന്യയെ വീടുവിടാന്‍ പ്രേരിപ്പിച്ച യഥാര്‍ത്ഥ കാരണങ്ങളും ഇതിന് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോ എന്ന കാര്യവും വ്യക്തമാകൂ.

അമ്പതാംമൈലിലുള്ള ബന്ധുവീട്ടിലും കാട്ടിലുമായാണ് അഞ്ച് രാത്രി കഴിഞ്ഞത്. ബന്ധുവിന്റെ വീട്ടില്‍നിന്ന് ചിലദിവസം പകല്‍ ഭക്ഷണം കഴിച്ചു. പോലീസും നാട്ടുകാരും രണ്ടാംദിവസവും മൂന്നാംദിവസവും പരിശോധനയ്ക്ക് വന്നപ്പോള്‍ കാട്ടില്‍ മരത്തിന്റെ പൊത്തില്‍ ഒളിച്ചിരുന്നു. തിങ്കളാഴ്ച രാവിലെയാണ് താന്‍ ആളൊഴിഞ്ഞ വീടിന്റെ ശൗചാലയത്തില്‍ എത്തിയത്. തീര്‍ത്തും അവശതയിലായതോടെ പോലീസിന്റെ മുന്‍പില്‍ എത്തുവാന്‍ തീരുമാനിക്കുകയായിരുന്നു. ആരുടെയും പ്രേരണയിലല്ല താന്‍ ഇത്രയും ദിവസം ഒളിവില്‍ താമസിച്ചതെന്നും ധന്യ മൊഴി നല്‍കി.

തിങ്കളാഴ്ച രാവിലെയാണ് ആള്‍ത്താമസമില്ലാത്ത വീട്ടില്‍ അവശനിലയില്‍ ധന്യയെ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് ദേവികുളം മജിസ്‌ട്രേറ്റിന് മുന്പില്‍ ഹാജരാക്കി. തുടര്‍ന്ന് മെമ്പറുടെ അഭിപ്രായംകൂടി കണക്കിലെടുത്ത് തുടര്‍നടപടി സ്വീകരിക്കുമെന്ന് മൂന്നാര്‍ ഡിവൈ.എസ്.പി. പറഞ്ഞു. അടിമാലി താലൂക്ക് ആശുപത്രിയിലെ പരിശോധനയില്‍ ധന്യയുടെ നാക്കിനടിയില്‍നിന്ന് ടിഷ്യു പേപ്പര്‍ കണ്ടെത്തിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മൂന്നാര്‍ ഡിവൈ.എസ്.പി. പറഞ്ഞു. ഭര്‍ത്താവിനെതിരേ കേസെടുക്കണമെന്ന് ധന്യ മൊഴി നല്‍കിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!