BoolokamBoolokam

അട്ടപ്പാടിയിലെ പാറയിടുക്കില്‍നിന്ന് വനംവകുപ്പ് രക്ഷപ്പെടുത്തിയ ആനക്കുട്ടി ചരിഞ്ഞു

പാലക്കാട്: അട്ടപ്പാടിയിലെ പാറയിടുക്കില്‍നിന്ന് വനംവകുപ്പ് രക്ഷപ്പെടുത്തിയ 12 ദിവസം മാത്രം പ്രായമുള്ള കാട്ടാനക്കുട്ടി ചരിഞ്ഞു. പാലക്കാട് ധോണിയിലെ എലിഫെന്റ് സാറ്റലൈറ്റ് ക്യാമ്പില്‍ പ്രത്യേക പരിചരണത്തിലിരിക്കെ ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് അന്ത്യം. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി വൈകീട്ടോടെ ജഡം സംസ്‌കരിച്ചു.

അട്ടപ്പാടി മേലേ അബ്ബന്നൂരിലെ പാറയിടുക്കില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയ കുട്ടിയാനയെ പുതൂര്‍ ദ്രുതപ്രതികരണ സേനയാണ് രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് കുട്ടിയാനയെ അമ്മയാനയുടെ അടുത്തെത്തിക്കാന്‍ വനംവകുപ്പ് അഞ്ച് ദിവസത്തോളം കാട്ടില്‍ താല്‍ക്കാലിക കൂട് ഒരുക്കി കാത്തിരുന്നെങ്കിലും അമ്മയാന തിരിച്ചെത്തിയില്ല. ഇതോടെയാണ് ആനക്കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താനായി കഴിഞ്ഞ 18-ന് ധോണിയിലെ ക്യാമ്പിലേക്ക് മാറ്റിയത്.

ഓസ്‌കാര്‍ ജേതാക്കളായ 'ദി എലിഫന്റ് വിസ്പറേഴ്സി'ലൂടെ പ്രശസ്തരായ പാപ്പാന്‍ ബൊമ്മനും ഭാര്യ സിന്ധുവുമായിരുന്നു ധോണിയില്‍ കുട്ടിയാനയെ പരിചരിച്ചിരുന്നത്. ഡോക്ടര്‍മാരുടെ കര്‍ശന മേല്‍നോട്ടത്തില്‍ ലാക്ടോജനും കരിക്കിന്‍ വെള്ളവും നല്‍കി ആരോഗ്യം വീണ്ടെടുക്കാന്‍ ശ്രമിച്ചെങ്കിലും ജന്മനായുള്ള ഹൃദയസംബന്ധമായ അസുഖങ്ങള്‍ നില വഷളാക്കി. ശനിയാഴ്ച മുതല്‍ ബാധിച്ച വയറിളക്കവും നിലവിലെ കനത്ത ചൂടും ആനക്കുട്ടിയുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചുവെന്ന് എസ്.എഫ്.ഒ ശശിഭൂഷണ്‍ വ്യക്തമാക്കി.

സാങ്കേതിക സമിതിയുടെ സാന്നിധ്യത്തില്‍ വന്യജീവി ആരോഗ്യ കേന്ദ്രത്തില്‍ വെച്ചായിരുന്നു പോസ്റ്റ്മോര്‍ട്ടം. പാലക്കാട് ഡി.എഫ്.ഒ രവികുമാര്‍ മീണ, എം.കെ സമീര്‍, റെയ്ഞ്ചര്‍ കെ.ആര്‍ കൃഷ്ണദാസ്, വെറ്ററിനറി സര്‍ജന്‍ ഡോ. ഡേവിഡ് എബ്രഹാം തുടങ്ങിയ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അട്ടപ്പാടിയിലെ പാറയിടുക്കില്‍നിന്ന് വനംവകുപ്പ് രക്ഷപ്പെടുത്തിയ ആനക്കുട്ടി ചരിഞ്ഞു - Marunadan Malayali | Boolokam