
ടെഹ്റാന്‍: പശ്ചിമേഷ്യയില്‍ ഇസ്രായേലും അമേരിക്കയുമായുള്ള യുദ്ധം രണ്ട് മാസം പിന്നിടുമ്പോള്‍ ഇറാന്‍ ഭരണകൂടത്തില്‍ വന്‍ അഴിച്ചുപണി. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ആദ്യമായി രാജ്യത്തിന്റെ അധികാരം പുരോഹിതന്മാരില്‍ നിന്ന് സൈനിക ജനറലുകളുടെ കൈകളിലേക്ക് മാറിയതായാണ് റിപ്പോര്‍ട്ടുകള്‍. പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ മരണത്തിന് പിന്നാലെ, ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (കഞഏഇ) രാജ്യത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുത്തു കഴിഞ്ഞു.
അലി ഖമേനിയുടെ പിന്‍ഗാമിയായി അധികാരമേറ്റ മകന്‍ മുജ്തബ ഖമേനി നിലവില്‍ ഒരു 'റബ്ബര്‍ സ്റ്റാമ്പ്' മാത്രമാണെന്നാണ് ആന്തരിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. യുദ്ധത്തിന്റെ ആദ്യ ദിനത്തിലുണ്ടായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മുജ്തബ ഇതുവരെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഓഡിയോ ലിങ്കുകള്‍ വഴിയും സഹായികള്‍ വഴിയുമാണ് അദ്ദേഹം ആശയവിനിമയം നടത്തുന്നത്. ജനറലുകള്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് നിയമസാധുത നല്‍കുക എന്നതിലപ്പുറം ഭരണത്തില്‍ അദ്ദേഹത്തിന് സ്വാധീനമില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
രാജ്യത്തിന്റെ സുപ്രധാന തീരുമാനങ്ങള്‍ ഇപ്പോള്‍ കൈക്കൊള്ളുന്നത് ഐ.ആര്‍.ജി.സി കമാന്‍ഡര്‍മാരുടെ നേതൃത്വത്തിലുള്ള ഒരു ചെറിയ സംഘമാണ്. വിദേശകാര്യമന്ത്രി അബ്ബാസ് അരാഖ്ചിയും സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫുമാണ് നയതന്ത്ര മുഖങ്ങളായി രംഗത്തുള്ളതെങ്കിലും, തിരശ്ശീലയ്ക്ക് പിന്നില്‍ കരുക്കള്‍ നീക്കുന്നത് ഐ.ആര്‍.ജി.സി കമാന്‍ഡര്‍ അഹമ്മദ് വാഹിദിയാണെന്നാണ് റിപ്പോര്‍ട്ട്. തങ്ങള്‍ ദുര്‍ബലരാണെന്ന തോന്നല്‍ വാഷിംഗ്ടണിന് ഉണ്ടാകാതിരിക്കാന്‍ അതീവ ജാഗ്രതയാണ് സൈനിക നേതൃത്വം പുലര്‍ത്തുന്നത്.
സമാധാന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന പാകിസ്താന്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരമനുസരിച്ച്, ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രതികരണങ്ങള്‍ക്ക് വലിയ കാലതാമസം നേരിടുന്നുണ്ട്. ഒരു ചെറിയ മറുപടി നല്‍കാന്‍ പോലും രണ്ടോ മൂന്നോ ദിവസമാണ് ഇറാന്‍ എടുക്കുന്നത്. വാഷിംഗ്ടണ്‍ മുന്നോട്ടുവെക്കുന്ന വാഗ്ദാനങ്ങള്‍ അംഗീകരിക്കാന്‍ ഐ.ആര്‍.ജി.സി തയ്യാറാകാത്തതാണ് ചര്‍ച്ചകള്‍ നീണ്ടുപോകാന്‍ കാരണം. ആണവ പ്രശ്‌നം മാറ്റിവെച്ച് യുദ്ധം അവസാനിപ്പിക്കണമെന്ന് ഇറാന്‍ ആവശ്യപ്പെടുമ്പോള്‍, ആണവ വിഷയം ആദ്യം ചര്‍ച്ച ചെയ്യണമെന്ന കടുത്ത നിലപാടിലാണ് അമേരിക്ക.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന സന്ദേശമാണ് ഇറാന്‍ സൈനിക നേതൃത്വം നല്‍കുന്നത്. തിരഞ്ഞെടുപ്പ് സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന ട്രംപിനും അയഞ്ഞ നിലപാട് സ്വീകരിക്കാന്‍ കഴിയില്ല. ഹോര്‍മുസ് കടലിടുക്കിലെ തങ്ങളുടെ സൈനിക സ്വാധീനം നിലനിര്‍ത്തിക്കൊണ്ട്, യുദ്ധത്തില്‍ നിന്ന് രാഷ്ട്രീയമായും സൈനികമായും കരുത്താര്‍ജ്ജിച്ച് പുറത്തുവരാനാണ് ഇറാന്‍ ലക്ഷ്യമിടുന്നത്.
ഇറാനില്‍ അധികാരം പുരോഹിതന്മാരില്‍ നിന്ന് സുരക്ഷാ വിഭാഗത്തിന്റെ കൈകളിലേക്ക് മാറിയത് വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് കാരണമായേക്കും. വിപ്ലവത്തിന്റെ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം പാശ്ചാത്യ സമ്മര്‍ദ്ദങ്ങളെ സൈനികമായി പ്രതിരോധിക്കുക എന്നതാണ് ഗാര്‍ഡുകളുടെ ലക്ഷ്യം. യുദ്ധം നയിക്കുന്ന സൈനിക കൗണ്‍സിലിനെ മറികടക്കാന്‍ പരമോന്നത നേതാവിന് പോലും സാധിക്കാത്ത സാഹചര്യം ഇറാന്റെ ഭാവി നയതന്ത്ര നീക്കങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും.
