
മലയാളികളുടെ പ്രിയനടൻ മോഹൻലാലും പത്നി സുചിത്രയും തങ്ങളുടെ 38-ാം വിവാഹ വാർഷികം ആഘോഷിക്കുന്ന വാർത്ത സിനിമാ ലോകത്തും സോഷ്യൽ മീഡിയയിലും വലിയ തരംഗമായിരിക്കുകയാണ്. ഇത്തവണത്തെ ഈ പ്രത്യേക ദിനം ന്യൂയോർക്കിലെ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ടുള്ള മനോഹരമായ ചിത്രം പങ്കുവെച്ചുകൊണ്ടാണ് മോഹൻലാൽ ആരാധകർക്കായി അറിയിച്ചത്.

1988 ഏപ്രിൽ 28-ന് നടന്ന ഇവരുടെ വിവാഹം മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായിരുന്നു. വാർഷിക ദിനത്തിൽ പ്രിയതമയ്ക്കൊപ്പമുള്ള ചിത്രം ലാൽ പങ്കുവെച്ചതോടെ സഹപ്രവർത്തകരും ആരാധകരും ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് ആശംസകളുമായി രംഗത്തെത്തിയത്. തമിഴിലെ പ്രശസ്ത നിർമ്മാതാവ് കെ. ബാലാജിയുടെ മകളായ സുചിത്ര, മോഹൻലാൽ എന്ന നടന്റെ കടുത്ത ആരാധികയായിരുന്നു എന്നതാണ് ഇവരുടെ പ്രണയകഥയിലെ കൗതുകകരമായ വശം.

മോഹൻലാലിന്റെ അഭിനയത്തോട് തോന്നിയ ആരാധന പിന്നീട് പ്രണയമായി വളരുകയായിരുന്നു. അദ്ദേഹം അഭിനയിച്ച സിനിമകൾ കണ്ട് ആകൃഷ്ടയായ സുചിത്ര, താരത്തിന് കത്തുകൾ അയച്ചാണ് ആ ഇഷ്ടം പ്രകടിപ്പിച്ചു തുടങ്ങിയത്. പിന്നീട് ആ ആഗ്രഹം കുടുംബങ്ങൾ തമ്മിലുള്ള ആലോചനകളിലേക്ക് വഴിമാറുകയായിരുന്നു. എന്നാൽ ഇവരുടെ വിവാഹാലോചനകൾ നടക്കുന്ന സമയത്ത് ജാതകപ്പൊരുത്തം സംബന്ധിച്ച് വലിയൊരു തടസ്സം നേരിട്ടിരുന്നു. ആദ്യമായി ജാതകം പരിശോധിച്ച ഒരു ജോത്സ്യൻ ഇരുവരുടെയും പൊരുത്തം ചേരില്ലെന്ന് പ്രവചിച്ചു. ഇതോടെ വിവാഹം മുടങ്ങിപ്പോകുമെന്ന് കരുതി എല്ലാവരും നിരാശരായെങ്കിലും, പിന്നീട് മറ്റൊരു പ്രഗത്ഭനായ ജോത്സ്യനെക്കൊണ്ട് ജാതകം പരിശോധിച്ചപ്പോൾ പൊരുത്തമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. അങ്ങനെ പ്രതിസന്ധികൾ മറികടന്ന് ആ ശുഭമുഹൂർത്തത്തിന് വഴിയൊരുങ്ങി.

തിരുവനന്തപുരത്ത് വെച്ച് നടന്ന ഇവരുടെ വിവാഹം ഒരു സിനിമാ റിലീസിനേക്കാൾ വലിയ ആവേശത്തോടെയാണ് മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയത്. അന്ന് വിവാഹവേദിയിലേക്ക് ഒഴുകിയെത്തിയ വൻ ജനക്കൂട്ടം ഇന്നും സിനിമാ പ്രേമികളുടെ ഓർമ്മകളിൽ പച്ചപിടിച്ചു നിൽക്കുന്നുണ്ട്. സിനിമാ രംഗത്തെ പ്രമുഖരും ആരാധകരും ഒത്തുചേർന്ന ആ വിപുലമായ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും ഇന്നും സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. തിരുവനന്തപുരം ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. നേരത്തെ മോഹന്‍ലാലിന്‍റെ കടുത്ത ആരാധികയായിരുന്നു സുചിത്ര. ഈ ആരാധന തന്നെയാണ് വിവാഹത്തിലേക്ക് എത്തിയതും.

ഒരു വിവാഹത്തിന് പോയപ്പോഴാണ് മോഹന്‍ലാലിനെ തിരുവനന്തപുരത്ത് വച്ച് ആദ്യമായി കാണുന്നതെന്നും അതിന് മുന്‍പ് അദ്ദേഹത്തിന്‍റെ സിനിമകള്‍ കാണാറുണ്ടെന്നും സുചിത്ര നേരത്തെ വെളിപ്പെടുത്തിയിരുന്നു. മോഹന്‍ലാലിനോടുള്ള കടുത്ത ആരാധന മൂലം എസ് കെ പി ( സുന്ദര കുട്ടുപ്പന്‍) എന്നായിരുന്നു സുചിത്ര താരത്തെ വിശേഷിപ്പിച്ചിരുന്നത്.
മോഹൻലാലിന് അക്കാലത്ത് സ്ഥിരമായി കാർഡ് അയക്കുമായിരുന്നു. ഒരു ദിവസം തന്നെ അഞ്ച് കാർഡുകളൊക്കെ അയച്ചിരുന്നെന്നും സുചിത്ര പറഞ്ഞു. കാർഡിൽ ഇഷ്ടമുണ്ടെന്ന് തുടങ്ങി പലകാര്യങ്ങളും ഉണ്ടാവുമായിരുന്നെന്നും പക്ഷേ അതിൽ പേരോ, ഒപ്പോ ഒന്നും കൊടുത്തിരുന്നില്ല. പിന്നീട് ആരാണ് കാര്‍ഡുകള്‍ അയച്ചതെന്ന് മോഹൻലാൽ കണ്ടെത്തിയെന്നും എന്നാല്‍ എങ്ങനെ കണ്ടെത്തി എന്ന ചോദ്യത്തിന് അതൊക്കെ കണ്ടുപിടിച്ചെന്നായിരുന്നു മറുപടിയെന്നും സുചിത്ര നേരത്തെ വെളിപ്പെടുത്തിയിരുന്നു.

മറ്റു വിവാഹാലോചനകള്‍ വന്നപ്പോഴാണ് മോഹന്‍ലാലിനോടുള്ള തന്‍റെ പ്രണയത്തെ കുറിച്ച് സുചിത്ര വീട്ടില്‍ പറഞ്ഞത്. പിന്നീട് സുചിത്രയുടെ പിതാവ് (അന്തരിച്ച നടനും ചലച്ചിത്ര നിർമാതാവുമായ കെ. ബാലാജി) കല്യാണാലോചനയുമായി മുന്നോട്ട് പോയെന്നും നടി സുകുമാരിയോടായിരുന്നു തന്‍റെ അച്ഛൻ മോഹൻലാലിനെ കുറിച്ച് അന്വേഷിച്ചതെന്നും സുചിത്ര പറഞ്ഞു. 1988-ലാണ് മോഹന്‍ലാലും സുചിത്രയും വിവാഹിതരായത്. പ്രണവും വിസ്‌മയയുമാണ് മക്കള്‍.
64 വയസുള്ള മോഹന്‍ലാല്‍ നാലു പതിറ്റാണ്ടിലേറെ നീണ്ട സിനിമാ കരിയറിന് ഉടമയാണ്. ഇക്കാലയളവില്‍ 400 ലധികം സിനിമകളില്‍ അഭിനനയിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ക്ക് 2001 ല്‍ പത്മശ്രീയും പത്മഭൂഷണും നല്‍കി ആദരിച്ചു. 2009 ല്‍ ടെറിറ്റോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്‍റ് കേണല്‍ ഓണററി റാങ്ക് ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ നടനായി താരം മാറുകയും ചെയ്‌തു.
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് സുചിത്രയെന്ന് മോഹൻലാൽ പല വേദികളിലും തുറന്നു പറഞ്ഞിട്ടുണ്ട്. ലാലിന്റെ കരിയറിലെ ഉയർച്ചതാഴ്ചകളിൽ വലിയ പിന്തുണയുമായി സുചിത്ര എപ്പോഴും കൂടെയുണ്ടായിരുന്നു. വിവാഹത്തിന് ശേഷമുള്ള ഈ 38 വർഷങ്ങളും മലയാളിക്ക് മാതൃകയാക്കാവുന്ന ഒരു ദാമ്പത്യ ജീവിതമാണ് ഇവർ നയിച്ചുകൊണ്ടിരിക്കുന്നത്.

