
കിളിമാനൂർ: എംസി റോഡിൽ കിളിമാനൂർ പാപ്പാലയിൽ മിനിവാൻ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം. പാപ്പാലയിലെ റോയൽ എൻഫീൽഡ് ഷോറൂമിലെ സെക്യൂരിറ്റി ജീവനക്കാരനായ നഗരൂർ സ്വദേശി ബാബുക്കുട്ടൻ ആണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെ ജോലിസ്ഥലത്തിന് സമീപത്ത് വെച്ചായിരുന്നു അപകടം.
അമിതവേഗതയിൽ എത്തിയ മിനിവാൻ ബാബുക്കുട്ടനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയി. ഗുരുതരമായി പരിക്കേറ്റ ബാബുക്കുട്ടനെ ഉടൻ തന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ചികിത്സയിലിരിക്കെ അദ്ദേഹം മരിക്കുകയായിരുന്നു.
