
ഹഫര്‍: സൗദി അറേബ്യയിലെ ഹഫര്‍ അല്‍ ബാത്തിനില്‍ ഒട്ടകത്തിന്റെ ആക്രമണത്തിന് ഇരയായ തമിഴ്നാട് സ്വദേശിക്ക് ദാരുണാന്ത്യം. ഗൂഡല്ലൂര്‍ സ്വദേശി തങ്കദുരൈ രാമസാമി (51) ആണ് ചികിത്സയിലിരിക്കെ അന്തരിച്ചത്. വര്‍ഷങ്ങളായി പ്രവാസജീവിതം നയിക്കുന്ന ഇദ്ദേഹത്തിന് ജോലിസ്ഥലത്തുവെച്ചുണ്ടായ അപ്രതീക്ഷിത അപകടമാണ് ജീവന്‍ കവര്‍ന്നത്.
ഹഫര്‍ അല്‍ ബാത്തിന് സമീപമുള്ള മരുഭൂമിയില്‍ ആട്ടിടയനായി ജോലി ചെയ്തുവരികയായിരുന്നു തങ്കദുരൈ. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെ പ്രകോപിതനായ ഒട്ടകം ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ തലയ്ക്ക് അതീവ ഗുരുതരമായി പരിക്കേറ്റ തങ്കദുരൈയെ ഉടന്‍തന്നെ ഹഫര്‍ അല്‍ ബാത്തിന്‍ സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മരണാനന്തര നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ ഒ.ഐ.സി.സി ഹഫര്‍ അല്‍ ബാത്തിന്‍ ഭാരവാഹികളായ വിബിന്‍ മറ്റത്ത്, സമദ് കരുനാഗപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ചെന്നൈയില്‍ എത്തിക്കുകയും, തുടര്‍ന്ന് സ്വദേശമായ ഗൂഡല്ലൂരില്‍ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ സംസ്‌കരിക്കുകയും ചെയ്തു. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന തങ്കദുരൈയുടെ വേര്‍പാട് പ്രവാസലോകത്തിനും നാട്ടിലെ ബന്ധുക്കള്‍ക്കും വലിയ നോവായി മാറിയിരിക്കുകയാണ്.
