BoolokamBoolokam

അമേരിക്കന്‍ മണ്ണിലെ മലയാളി സന്യാസിനി ആത്മീയ സംഗമം: ചരിത്രമുഹൂര്‍ത്തം സമ്മാനിച്ച് ചിക്കാഗോ സീറോ മലബാര്‍ രൂപത

മാര്‍ട്ടിന്‍ വിലങ്ങോലില്‍

ചിക്കാഗോ: ചിക്കാഗോയിലെ ബെന്‍സന്‍വില്‍ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ പള്ളി അങ്കണത്തില്‍ കഴിഞ്ഞ ഏപ്രില്‍ 17, 18 തീയതികളില്‍ നടന്നത് കേവലം ഒരു ഒത്തുചേരലായിരുന്നില്ല; മറിച്ച് അമേരിക്കയിലെ സഭാചരിത്രത്തില്‍ സ്വര്‍ണ്ണലിപികളാല്‍ എഴുതപ്പെടേണ്ട ഒരു മഹാസംഭവമായിരുന്നു.

അമേരിക്കയിലും കാനഡയിലുടനീളം ശുശ്രൂഷ ചെയ്യുന്ന മലയാളി സന്യാസിനികളുടെ ചരിത്രപ്രധാനമായ ഈ അനുഗ്രഹീത സംഗമത്തിന് ബെന്‍സന്‍വില്ലിലെ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ ഫൊറോന ഇടവക ആതിഥേയത്വം വഹിച്ചു. ചിക്കാഗോ സീറോ-മലബാര്‍ രൂപതയുടെ സ്ഥാപനത്തിന്റെയും മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേകത്തിന്റെയും രജത ജൂബിലി ആഘോഷങ്ങള്‍ക്ക് ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും ഹൃദ്യമായ ഒരു അനുഭവമായി ഈ സംഗമം മാറി.

പരിപാടികളുടെ ഉദ്ഘാടനം ചിക്കാഗോ സീറോ മലബാര്‍ രൂപതാ മെത്രാന്‍ മാര്‍. ജോയ് ആലപ്പാട്ട് പിതാവും,എമിരറ്റസ് മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവും, അമേരിക്കയിലെ ബൈസന്റൈന്‍ കത്തോലിക്കാ രൂപതയിലെ മാര്‍ റോബര്‍ട്ട് പി. പിപ്റ്റ പിതാവും ചേര്‍ന്ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. നിരവധി വൈദികരും 28-ലധികം സഭകളെ പ്രതിനിധീകരിക്കുന്നകേരളത്തില്‍നിന്നുള്ള 225 സന്യാസിനികളും ഈ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഉച്ചകഴിഞ്ഞു നടന്ന സെമിനാറിന് ഇല്ലിനോയിയിലെ സ്പ്രിംഗ്ഫീല്‍ഡ് രൂപതയിലെ മാര്‍. തോമസ് പാപ്പറോക്കി പിതാവ് നേതൃത്വം നല്‍കി. വൈകുന്നേരം നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് മാര്‍ ജോയ് ആലപ്പാട്ട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. മാര്‍. റോബര്‍ട്ട് പിപ്റ്റ ശിഷ്യത്വത്തെക്കുറിച്ച് ആത്മീയമായ സന്ദേശം നല്‍കി. മാര്‍ ജേക്കബ് അങ്ങാടിയത്തും മറ്റ് വൈദികരും സഹകാര്‍മ്മികരായിരുന്നു.

വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം സന്യാസിനികളെ ആദരിക്കുന്ന വര്‍ണ്ണാഭമായ സാംസ്‌കാരിക ഘോഷയാത്ര നടന്നു. മുത്തുക്കുടകളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ നീങ്ങിയ ഈ ഘോഷയാത്ര, അവര്‍ക്ക് വേദിയിലേക്ക് സ്നേഹാദരവുകളോടെയുള്ള ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്.

തുടര്‍ന്ന് സൗഹൃദ വിരുന്നും പൊതുസമ്മേളനവും സംഘടിപ്പിച്ചു. പരമ്പരാഗത നിലവിളക്ക് കൊളുത്തി മാര്‍ റോബര്‍ട്ട് പിപ്റ്റി പിതാവ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. മാര്‍ ജോയ് ആലപ്പാട്ട് പിതാവ് അധ്യക്ഷത വഹിച്ചു. മാര്‍ ജേക്കബ് അങ്ങാടിയത്ത്, റവ. ഫാ. അലക്‌സാണ്ടര്‍ കുര്യന്‍, ഡൊമിനിക്കന്‍ സിസ്റ്റര്‍ അമെലിയ ഹോലര്‍, സിസ്റ്റര്‍ ആനി സെറീന്‍ സി.എം.സി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ചിക്കാഗോ സീറോ-മലബാര്‍ രൂപതയുടെ വികാരി ജനറല്‍മാരായ റവ. ഫാ. തോമസ് മുളവനാല്‍, റവ. ഫാ. ജോണ്‍ മേലേപ്പുറം , റവ. ഫാ. തോമസ് കടുകപ്പിള്ളില്‍, ചാന്‍സലര്‍ റവ. ഫാ. ജോണ്‍സണ്‍ കോവൂര്‍ പുത്തന്‍പുരയില്‍, ബെന്‍സന്‍വില്‍ വികാരി റവ. ഫാ. ഏബ്രഹാം കളരിക്കല്‍ , മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരീസ് പള്ളിയുടെ അസിസ്റ്റന്റ് വികാരി റവ. ഫാ. അനീഷ് മാവേലിപുത്തന്‍പുരയില്‍, സിസ്റ്റര്‍ ലിസ ഏഞ്ചലിക്കല്‍ എന്നിവരും സന്നിഹിതരായിരുന്നു.

സംഗമത്തിന്റെ ചെയര്‍മാന്‍ റവ. ഫാ. തോമസ് മുളവനാല്‍ സ്വാഗത പ്രസംഗം നടത്തി. ജനറല്‍ കോര്‍ഡിനേറ്റര്‍ ശ്രീ ടോണി പുള്ളപ്പള്ളില്‍ നന്ദി പ്രസംഗം നടത്തി. എലന്‍ ഒറ്റത്തെക്കല്‍ ചടങ്ങുകളുടെ അവതാരകയായി സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് നടന്ന സാംസ്‌കാരിക പരിപാടികള്‍ ചിക്കാഗോ കത്തീഡ്രല്‍, സെന്റ് മേരീസ്, സേക്രഡ് ഹാര്‍ട്ട് പള്ളികളിലെ കലാകാരന്മാര്‍ അവതരിപ്പിച്ചു. പരിപാടികള്‍ക്ക് നിയാ ചെല്ലക്കണ്ടത്തില്‍, ഡെന്നി പുല്ലാപ്പള്ളില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ശനിയാഴ്ച രാവിലെ നടന്ന നന്ദിഅര്‍പ്പണ വിശുദ്ധ കുര്‍ബാന'യ്ക്ക് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യ കാര്‍മ്മികത്വം വഹിക്കുകയും മാര്‍ ജോയ് ആലപ്പാട്ട് സന്ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് റവ. ഫാ. അലക്‌സാണ്ടര്‍ കുര്യന്‍, സിസ്റ്റര്‍ അമേലിയ ഹോലര്‍ എന്നിവര്‍ നയിച്ച സെമിനാറുകള്‍ നടന്നു.

സമാപന സമ്മേളനത്തില്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന് രജത ജൂബിലി ആശംസകള്‍ അര്‍പ്പിച്ചു. മാര്‍ ജോയ് ആലപ്പാട്ട് പിതാവ്, റവ. ഫാ. അലക്‌സാണ്ടര്‍ കുര്യന്‍, സിസ്റ്റര്‍ അമേലിയ ഹോലര്‍, റവ. ഫാ. ജോണ്‍ മേലേപ്പുറം, റവ. ഫാ. തോമസ് മുളവനാല്‍, റവ. ഫാ. ഏബ്രഹാം കളരിക്കല്‍, സിസ്റ്റര്‍ ലിസ ഏഞ്ചലിക്കല്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു.

സംഗമം സമാപനത്തിലേക്ക് എത്തിയപ്പോള്‍ പങ്കെടുത്ത ഓരോ സന്യാസിനിയുടെയും ഉള്ളില്‍ നിറഞ്ഞത് സ്‌നേഹത്തിന്റെയും കൃതജ്ഞതയുടെയും മനോഹരമായ ഓര്‍മ്മകളായിരുന്നു. 'കര്‍ത്താവിനെ സ്തുതിക്കുവിന്‍; അവന്‍ നല്ലവന്‍; അവന്റെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു' എന്ന വചനം സ്മരിച്ചുകൊണ്ട്, തങ്ങള്‍ക്ക് ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് അവര്‍ ദൈവത്തിന് നന്ദി പറഞ്ഞു.

മലയാളി സിസ്റ്റേഴ്‌സ് കോയ്‌നോണിയ 2026: ആത്മീയ നേതൃത്വത്തിന് ഹൃദയപൂര്‍വ്വം നന്ദി:-

അമേരിക്കയിലെയും കാനഡയിലെയും 28 സന്യാസ സമൂഹങ്ങളെ പ്രതിനിധീകരിച്ച് എത്തിയ സിസ്റ്റര്‍മാര്‍, ഈ ചരിത്ര മുഹൂര്‍ത്തം യാഥാര്‍ത്ഥ്യമാക്കിയ ആത്മീയ നേതൃത്വത്തിന് ഹൃദയപൂര്‍വ്വം നന്ദി രേഖപ്പെടുത്തി. രൂപതാ അധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട്, എമിരറ്റസ് മാര്‍ ജേക്കബ് അങ്ങടിയത്ത് പിതാവ്, വികാരി ജനറല്‍മാര്‍, ചാന്‍സലര്‍ റവ. ഫാ. ജോണ്‍സണ്‍ സേവ്യര്‍, റവ. ഫാ. ഏബ്രഹാം കളരിക്കല്‍ എന്നിവരോടും രൂപതാ കുരിയയിലെ എല്ലാ വൈദികരോടുമുള്ള തങ്ങളുടെ ആഴമായ കടപ്പാട് അവര്‍ അറിയിച്ചു.

പ്രത്യേകിച്ച്, മാര്‍ ജോയ് ആലപ്പാട്ട് പിതാവിനോടും, റവ. ഫാ. തോമസ് മുളവനാല്‍, റവ. ഫാ. ജോണ്‍ മേലേപ്പുറം , റവ. ഫാ. ഏബ്രഹാം കളരിക്കല്‍ എന്നിവരും നല്‍കിയ നിരന്തരമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ അവര്‍ നന്ദിയോടെ സ്മരിച്ചു.

ഇടവകാംഗങ്ങളുടെയും വോളന്റിയര്‍മാരുടെയും നിസ്തുല സേവനവും ആതിഥേയത്വം വഹിച്ച ബെന്‍സന്‍വില്‍ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ ഫൊറോന പള്ളി, മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരീസ് പള്ളി, ബെല്‍വുഡ് മാര്‍ തോമാ ശ്ലീഹാ കത്തീഡ്രല്‍ എന്നിവിടങ്ങളിലെ വിശ്വാസികള്‍ നല്‍കിയ ഊഷ്മളമായ സ്വീകരണവും അശ്രാന്ത പരിശ്രമവും സന്യാസിനികളുടെ ഹൃദയം കവര്‍ന്നു.

ജനറല്‍ കോര്‍ഡിനേറ്റര്‍ ടോണി പുല്ലാപ്പള്ളിലിന്റെ നേതൃത്വത്തില്‍ രജിസ്‌ട്രേഷന്‍, ലിറ്റര്‍ജി, ഗായകസംഘം, ഭക്ഷണം, താമസം തുടങ്ങി വിവിധ കമ്മിറ്റികളിലായി സേവനമനുഷ്ഠിച്ച വോളന്റിയര്‍മാരുടെ സമര്‍പ്പണത്തെ അവര്‍ പ്രത്യേകം അഭിനന്ദിച്ചു.

മറക്കാനാവാത്ത ചിക്കാഗോ കാഴ്ചകള്‍ സംഗമത്തിന്റെ സവിശേഷമായ ആകര്‍ഷണമായി. സിസ്റ്റര്‍മാര്‍ക്കായി ഒരുക്കിയ ചിക്കാഗോ ഡൗണ്‍ടൗണ്‍ ബസ് ടൂര്‍ ആയിരുന്നു ഇതിലെ സവിശേഷത. നഗരത്തിന്റെ ചടുലതയും സൗന്ദര്യവും അനുഭവിച്ചറിഞ്ഞ ആ യാത്ര അവര്‍ക്ക് പരസ്പരം സ്‌നേഹം പങ്കുവെക്കാനും ബന്ധങ്ങള്‍ പുതുക്കാനുമുള്ള മികച്ച അവസരമായി.

പുതിയൊരു ചരിത്ര അധ്യായം കുറിച്ചു ശനിയാഴ്ച വൈകുന്നേരത്തോടെ സമാപിച്ച ഈ രണ്ടു ദിവസത്തെ ഒത്തുചേരല്‍ കേവലം ഒരു ചടങ്ങായിരുന്നില്ല; മറിച്ച് തങ്ങളുടെ ദൈവവിളി ഒരു കുടുംബമായി ആഘോഷിച്ച അവിസ്മരണീയ നിമിഷങ്ങളായിരുന്നു. കൃത്യമായ ആസൂത്രണവും വിശ്വാസികളുടെ സഹകരണവും ഒത്തുചേര്‍ന്നപ്പോള്‍ 'മലയാളി സിസ്റ്റേഴ്‌സ് കോയ്‌നോണിയ 2026', ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ചരിത്രത്തില്‍ പ്രചോദനാത്മകമായ ഒരു പുതിയ അധ്യായത്തിന് തുടക്കമിട്ടിരിക്കുകയാണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അമേരിക്കന്‍ മണ്ണിലെ മലയാളി സന്യാസിനി ആത്മീയ സംഗമം: ചരിത്രമുഹൂര്‍ത്തം സമ്മാനിച്ച് ചിക്കാഗോ സീറോ മലബാര്‍ രൂപത - Marunadan Malayali | Boolokam