BoolokamBoolokam

അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള ശക്തവും ആഴത്തില്‍ വേരൂന്നിയതുമായ ബന്ധമെന്ന് ഡൊണാള്‍ഡ് ട്രംപ്; തന്റെ അമ്മ, യുവാവായ ചാള്‍സിന്റെ ആരാധികയായിരുന്നെന്നും ട്രംപ്; മദ്ധ്യപൂര്‍വ്വേഷ്യയില്‍ സംഘര്‍ഷം വീഴ്ത്തിയ വിള്ളലുകള്‍ അടയ്ക്കാന്‍ രാജാവിന്റെ സന്ദര്‍ശനത്തിനാവുമോ ? ചാള്‍സിന്റെ അമേരിക്കന്‍ സന്ദര്‍ശന വിശേഷങ്ങള്‍

വാഷിങ്ടണ്‍: അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള ബന്ധം ദൃഢമായ ഒന്നാണെന്നും അതിന്റെ വേരുകള്‍ ആഴങ്ങളിലേക്ക് ഇറങ്ങിയിട്ടുണ്ടെന്നും അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ ബ്രിട്ടീഷ് രാജാവ് ചാള്‍സിനെയും കാമില രാജ്ഞിയേയും സ്വാഗതം ചെയ്തുകൊണ്ടുള്ള സൈനിക ചടങ്ങുകള്‍ക്കിടയിലാണ് അമേരിക്കന്‍ പ്രസിഡണ്ട് ഇക്കാര്യം പറഞ്ഞത്. വൈറ്റ്ഹൗസില്‍ വെച്ചായിരുന്നു ഈ ചടങ്ങ് നടന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വളരെ ഊഷ്മളമായായിരുന്നു അമേരിക്കന്‍ പ്രസിഡണ്ട് സംസാരിച്ചത്.

ചാള്‍സ് രാജാവിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം വൈറ്റ്ഹൗസിലെ സൗത്ത് ലോണില്‍ വെച്ചു നടന്ന ചടങ്ങില്‍ സംസാരിക്കവെ, രണ്ടര നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം അമേരിക്കയ്ക്ക് ബ്രിട്ടനെ പോലെ അടുത്ത മറ്റൊരു സുഹൃത്ത് ഉണ്ടായിട്ടില്ലെന്നും ട്രംപ് പറഞ്ഞു. മദ്ധ്യേഷ്യയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ വാക്കുകള്‍ എന്നത് അതിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. ഓവല്‍ ഹൗസില്‍ വെച്ച് ചാള്‍സ് രാജാവുമായി നടത്തിയ വ്യക്തിഗത കൂടിക്കാഴ്ച്ചയും അത്യന്തം ഊഷ്മളമായിരുന്നു എന്നും ട്രംപ് പറഞ്ഞു.

യുവാവായിരുന്ന ചാള്‍സ് രാജകുമാരന്റെ കടുത്ത ആരാധികയായിരുന്നു തന്റെ അമ്മ എന്ന് തുറന്ന് പറയാനും ട്രംപ് മടിച്ചില്ല. 2000 ല്‍ മരണമടഞ്ഞ തന്റെ അമ്മയ്ക്ക് ബ്രിട്ടീഷ് രാജകുടുംബത്തോടും പ്രത്യേകിച്ച് എലിസബത്ത് രാജ്ഞിയോടും ചാള്‍സ് രാജകുമാരനോടും വലിയ ആരാധനയായിരുന്നു എന്നും ട്രംപ് പറഞ്ഞു. പ്രസിഡണ്ടും, രാജാവും സ്വകാര്യ സംഭാഷണത്തിനായി ഓവല്‍ ഹൗസിലേക്ക് പോയപ്പോള്‍ വൈറ്റ്ഹൗസിലെ ടെന്നീസ് പവലിയനില്‍ മെലാനിയയ്‌ക്കൊപ്പം എത്തിയ കാമില രാജ്ഞി അവിടെ കൂടിയ ഒരു സംഘം അമേരിക്കന്‍ വിദ്യാര്‍ത്ഥികളുമായി സംസാരിച്ചു.

സന്ദര്‍ശനത്തിന്റെ ഭാഗമായി അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ സംയുക്ത സമ്മേളനത്തെ അഭിമുഖീകരിച്ച് ചാള്‍സ് രാജാവ് സംസാരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥ സമ്മതിച്ചുകൊണ്ടായിരുന്നു രാജാവ് സംസാരം ആരംഭിച്ചത്. മദ്ധ്യപൂര്‍വ്വേഷ്യയിലെ സംഘര്‍ഷങ്ങളെയും അദ്ദേഹം സംസാരത്തില്‍ പരാമര്‍ശിച്ചു. 1776 ലെ ആവേശം സിരകളില്‍ നിറച്ചു തന്നെ നമ്മള്‍ എല്ലായ്‌പ്പോഴും ഒരേ മനസ്സുള്ളവരായിരുന്നില്ല എന്ന വസ്തുതയും നമ്മള്‍ സമ്മതിക്കണം എന്നും രാജാവ് പറഞ്ഞു.

എന്നിരുന്നാലും ജനങ്ങളുടെ നന്മയ്ക്കായി ഒരുമിച്ച് ഒരു തീരുമാനമെടുക്കാറുണ്ട് എന്നും രാജാവ് ഓര്‍മ്മിപ്പിച്ചു. എക്‌സിക്യൂട്ടീവ് അധികാരം, പരിശോധനകള്‍ക്ക് വിധേയമാണെന്ന് മാഗ്‌നാ കാര്‍ട്ട പരാമര്‍ശിച്ചുകൊണ്ട് രാജാവ് പറഞ്ഞപ്പോള്‍ ഡെമോക്രാറ്റിക് എം പിമാര്‍ കരഘോഷം മുഴക്കി അതിനെ സ്വാഗതം ചെയ്തു. നാറ്റോ സഖ്യം ശക്തമായി നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയും രാജാവ് അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ പറഞ്ഞു. സ്വന്തം സഹോദരന്‍ കൂടി ഉള്‍പ്പെട്ട എപ്സ്റ്റീന്‍ വിവാദത്തെ കുറിച്ചോ, അതിലെ ഇരകളെ കുറിച്ചോ പക്ഷെ രാജാവ് പരാമര്‍ശിച്ചില്ല എന്നത് ശ്രദ്ധേയമായി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!