BoolokamBoolokam

അറസ്റ്റ് മെമോയിൽ കേസ് നമ്പർ മാത്രം; യുവാവ് ഒരു ആവശ്യവുമില്ലാതെ അഴിയെണ്ണിയത് ഏകദേശം മൂന്നുമാസത്തോളം; സത്യാവസ്ഥ അറിഞ്ഞപ്പോൾ ഹൈക്കോടതിയുടെ വക എട്ടിന്റെ പണി

ലക്നൗ: യുവാവിനെ മൂന്നുമാസത്തോളം അന്യായമായി തടങ്കലിൽ വെച്ച സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിന് 10 ലക്ഷം രൂപ പിഴ ചുമത്തി അലഹബാദ് ഹൈക്കോടതി. 2026 ജനുവരി 27 മുതൽ ഏപ്രിൽ 29 വരെ ഹർജിക്കാരൻ നിയമവിരുദ്ധമായി തടവിൽ കഴിഞ്ഞുവെന്ന് നിരീക്ഷിച്ച ജസ്റ്റിസ് അബ്ദുൽ മോയിൻ, ജസ്റ്റിസ് പ്രമോദ് കുമാർ ശ്രീവാസ്തവ എന്നിവരടങ്ങിയ ബെഞ്ചാണ് മാതൃകാപരമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

അറസ്റ്റ് മെമോയിൽ കേസ് നമ്പർ അല്ലാതെ അറസ്റ്റ് ചെയ്യാനുള്ള കൃത്യമായ കാരണങ്ങൾ രേഖപ്പെടുത്താതിരുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 22(1) പ്രകാരമുള്ള മൗലികാവകാശങ്ങളുടെയും സുപ്രിം കോടതി ഉത്തരവുകളുടെയും ലംഘനമാണെന്ന് കോടതി കണ്ടെത്തി. സുപ്രിം കോടതിയുടെ മുൻ ഉത്തരവുകൾ പാലിക്കാതെ നടത്തിയ ഈ അറസ്റ്റിന്റെ അടിസ്ഥാനത്തിൽ മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച റിമാൻഡ് ഉത്തരവും കോടതി റദ്ദാക്കി.

വിഷയത്തിൽ വിശദീകരണം തേടിയിട്ടും ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കൃത്യമായ മറുപടി നൽകാത്തതിനെ കോടതി രൂക്ഷമായി വിമർശിച്ചു. ഉന്നത ഉദ്യോഗസ്ഥർ പോലും ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും, കോടതി ഉത്തരവുണ്ടായിട്ടും നടപടിയെടുക്കാത്തത് ഹർജിക്കാരന്റെ അന്യായ തടവ് നീളാൻ കാരണമായെന്നും കോടതി നിരീക്ഷിച്ചു.

നാല് ആഴ്ചയ്ക്കുള്ളിൽ 10 ലക്ഷം രൂപ നഷ്ടപരിഹാരമായി ഹർജിക്കാരന് നൽകണം. ഈ തുക ആദ്യം സംസ്ഥാന സർക്കാർ നൽകണമെന്നും പിന്നീട് നിയമവിരുദ്ധ നടപടിക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽ നിന്ന് ഈ തുക ഈടാക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. പൗരന്റെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ഉദ്യോഗസ്ഥർ കാട്ടുന്ന വീഴ്ചകൾക്ക് കനത്ത വില നൽകേണ്ടി വരുമെന്ന ഓർമ്മപ്പെടുത്തൽ കൂടിയായി ഈ വിധി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അറസ്റ്റ് മെമോയിൽ കേസ് നമ്പർ മാത്രം; യുവാവ് ഒരു ആവശ്യവുമില്ലാതെ അഴിയെണ്ണിയത് ഏകദേശം മൂന്നുമാസത്തോളം; സത്യാവസ്ഥ അറിഞ്ഞപ്പോൾ ഹൈക്കോടതിയുടെ വക എട്ടിന്റെ പണി - Marunadan Malayali | Boolokam