
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ നടന്ന ‘അതിരടി’ എന്ന ചിത്രത്തിന്റെ സിനിമാ പ്രമോഷനിടെയുണ്ടായ അനിഷ്ട സംഭവങ്ങളും അതിനോടുള്ള അവതാരക രഞ്ജിനി ഹരിദാസിന്റെ ശക്തമായ പ്രതികരണവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചാവിഷയം. ടൊവിനോ തോമസും ബേസിൽ ജോസഫും ഉൾപ്പെടെയുള്ള വൻ താരനിരയെ കാണാൻ പതിനായിരക്കണക്കിന് ആളുകളാണ് ബീച്ചിൽ തടിച്ചുകൂടിയത്.
വൻ ജനാവലി എത്തിയതോടെ പരിപാടി നടന്ന സ്ഥലത്ത് നിയന്ത്രിക്കാനാവാത്ത വിധം തിരക്ക് അനുഭവപ്പെടുകയും ഇതിനിടയിൽ ചില കുട്ടികളെ കാണാതാവുകയും ചെയ്തു. മാതാപിതാക്കളുടെ ആശങ്ക അണിയറ പ്രവർത്തകരെ അറിയിച്ചതിനെത്തുടർന്ന് അവതാരകയായ രഞ്ജിനി ഹരിദാസ് പരിപാടി നിർത്തിവെച്ച് കുട്ടികളെ കണ്ടെത്താനുള്ള അറിയിപ്പ് മൈക്കിലൂടെ നൽകുകയായിരുന്നു. എന്നാൽ ഗൗരവകരമായ ഈ അറിയിപ്പിനെ കാണികളിൽ ഒരാൾ പരിഹാസപൂർവ്വം നേരിടുകയും മോശം കമന്റ് പറയുകയും ചെയ്തതാണ് രഞ്ജിനിയെ പ്രകോപിപ്പിച്ചത്.
തമാശയായി കാണേണ്ട വിഷയമല്ല ഇതെന്നും ഒരാളെ കാണാതാകുമ്പോൾ പരിഹസിക്കുന്നത് മനുഷ്യത്വമില്ലായ്മയാണെന്നും രഞ്ജിനി വേദിയിൽ വെച്ച് തുറന്നടിച്ചു. "നിന്റെ അമ്മയാണെങ്കിൽ നീ ഇങ്ങനെ പറയുമോ?" എന്ന് ചോദിച്ച രഞ്ജിനി, ആളുകൾ മരിക്കുമ്പോൾ പോലും ചിരിക്കുന്ന വികലമായ മാനസികാവസ്ഥയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. താൻ ആ വ്യക്തിയുടെ മുഖം മറക്കില്ലെന്ന് വ്യക്തമാക്കിയ രഞ്ജിനി, ഇത്തരം ബോറൻ സ്വഭാവങ്ങൾ അംഗീകരിക്കാനാവില്ലെന്നും വേദിയിൽ ആവർത്തിച്ചു.
രഞ്ജിനിയുടെ വാക്കുകൾ ഇങ്ങനെ..
‘നിന്റെ അമ്മയാണെങ്കിൽ നീ പറയുവോടാ, അങ്ങനെ? എന്തുവാഡേ, എന്ത് ബോറാണ്. ഒരാളെ കാണുന്നില്ലെന്ന് പറയുമ്പോൾ തമാശ. ഇതാണ് മനുഷ്യരുടെ പ്രശ്നം. പത്ത് പേർ ചാവുമ്പോൾ കിടന്ന് ചിരിക്കും. നിങ്ങൾ ഇത്രയും മനോഹരമായി നിൽക്കുമ്പോൾ ഇടയ്ക്ക് ഒരെണ്ണം. അവന്റെ മുഖം ഞാൻ മറക്കില്ല.’’–രഞ്ജിനിയുടെ വാക്കുകൾ.
സംഭവത്തിന്റെ വീഡിയോ വൈറലായതോടെ വലിയ പിന്തുണയാണ് രഞ്ജിനിക്ക് ലഭിക്കുന്നത്. ഉത്തരവാദിത്തബോധമുള്ള ഒരു അവതാരക എങ്ങനെയായിരിക്കണം എന്നതിന് ഉദാഹരണമാണ് രഞ്ജിനിയെന്നും, സന്ദർഭത്തിനൊത്ത് ധൈര്യപൂർവ്വം ഇടപെട്ടതിലൂടെ വലിയൊരു പ്രശ്നം ഒഴിവാക്കാൻ സാധിച്ചുവെന്നും പരിപാടിയിൽ പങ്കെടുത്തവർ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ കുറിച്ചു.
