
ലാഹോര്‍: ഐപിഎല്‍ 2026 സീസണില്‍ ബാറ്റിംഗ് വെടിക്കെട്ടുമായി റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാരതാരം വൈഭവ് സൂര്യവംശിക്കെതിരെ വിചിത്രമായ ആരോപണവുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് നിരീക്ഷകന്‍ നൗമാന്‍ നിയാസ്. വൈഭവ് സൂര്യവംശിയുടെ ബാറ്റില്‍ പന്തിന്റെ പ്രഹരശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി നിര്‍മിത ബുദ്ധിയില്‍ (AI) പ്രവര്‍ത്തിക്കുന്ന ചിപ്പുകള്‍ ഘടിപ്പിച്ചിട്ടുണ്ടെന്നും ഇത് പരിശോധിക്കാന്‍ ബാറ്റ് ലാബിലേക്ക് അയക്കണമെന്നുമാണ് നിയാസിന്റെ ആവശ്യം. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ വെറും 36 പന്തില്‍ വൈഭവ് സെഞ്ച്വറി നേടിയതിന് പിന്നാലെയായിരുന്നു ഈ വിചിത്ര പരാമര്‍ശം.
ക്രിക്കറ്റ് താരങ്ങള്‍ക്ക് ഉത്തേജക മരുന്ന് പരിശോധന നടത്തുന്നത് പോലെ വൈഭവിന്റെ ബാറ്റിനും പരിശോധന ആവശ്യമാണെന്ന് ഒരു ചര്‍ച്ചയ്ക്കിടെ നിയാസ് പറഞ്ഞു. 15-16 വയസ്സ് മാത്രം പ്രായമുള്ള ഒരു ബാലന് ഇത്രയധികം കരുത്ത് ഉണ്ടാകില്ലെന്നും 18 വയസ്സൊക്കെ ആകുമ്പോഴാണ് ശരീരത്തിലെ മസിലുകള്‍ കരുത്താര്‍ജ്ജിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിരാട് കോലി ലോകചാമ്പ്യനായ സമയത്ത് ജനിച്ച ഈ പയ്യന്റെ പ്രകടനം അവിശ്വസനീയമാണെന്നും, സാങ്കേതികതയ്ക്ക് ഒത്ത കരുത്തല്ല വൈഭവിനുള്ളതെന്നും 360 ഡിഗ്രി ബാറ്റിംഗ് നടത്തുന്ന ഇവന്‍ മനുഷ്യനാണോ എന്ന് സംശയമുണ്ടെന്നും നിയാസ് പരിഹസിച്ചു.
''ആലോചിച്ചു നോക്കൂ, എന്താണ് ആ കുട്ടി ചെയ്യുന്നത്? വൈഭവിന്റെ ബാറ്റ് പരിശോധിക്കണം. ഉത്തേജക മരുന്നു പരിശോധനകള്‍ താരങ്ങള്‍ക്കു നടത്താറുണ്ട്. വൈഭവിന്റെ കാര്യത്തിലും അത്തരമൊരു പരിശോധന ആവശ്യമാണ്. വൈഭവിന്റെ ബാറ്റില്‍ എഐ ചിപ്പ് ഉണ്ടായിരിക്കണം. അസാധാരണമായ കളിയാണിത്. എന്തൊരു താരമാണ്? 18 വയസ്സാകുമ്പോള്‍ ശരീരത്തില്‍ മസിലുകളെല്ലാം കരുത്താര്‍ജിക്കും. പക്ഷേ ഈ പയ്യന് 16 വയസ്സാണു പ്രായം. വിരാട് കോലി ലോകചാംപ്യനായ സമയത്താണ് അവന്‍ ജനിച്ചത്. സാങ്കേതികതയ്ക്ക് ഒത്ത കരുത്തല്ല വൈഭവിനുള്ളത്. വൈഭവ് 360 ഡിഗ്രി ബാറ്റു ചെയ്യുന്ന താരമാണ്.'' നിയാസ് പ്രതികരിച്ചു.
പാക് നിരീക്ഷകന്റെ ഈ ആരോപണങ്ങളെ പരിഹാസത്തോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ തള്ളിക്കളയുന്നത്. ഈ സീസണില്‍ വൈഭവ് നടത്തുന്ന പ്രകടനം അസാധാരണമാണെന്നത് വസ്തുതയാണ്. ഹൈദരാബാദിനെതിരെ 36 പന്തില്‍ 103 റണ്‍സ് നേടിയ വൈഭവ്, ഐപിഎല്‍ ചരിത്രത്തിലെ മൂന്നാമത്തെ അതിവേഗ സെഞ്ച്വറി എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. ഒരു ഐപിഎല്‍ ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ (12 എണ്ണം) നേടുന്ന ഇന്ത്യന്‍ താരമെന്ന ബഹുമതിയും ഈ 15-കാരന്‍ തന്റെ പേരില്‍ കുറിച്ചു. നിലവില്‍ 8 മത്സരങ്ങളില്‍ നിന്ന് 357 റണ്‍സുമായി ഓറഞ്ച് ക്യാപ്പ് പട്ടികയില്‍ വിരാട് കോലി, കെ.എല്‍. രാഹുല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം രണ്ടാം സ്ഥാനത്താണ് വൈഭവ്.
കഴിഞ്ഞ സീസണില്‍ സഞ്ജു സാംസണ് പരിക്കേറ്റതോടെയാണ് വൈഭവ് ആദ്യമായി രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലെയിംഗ് ഇലവനില്‍ എത്തുന്നത്. ഈ സീസണില്‍ യശസ്വി ജയ്സ്വാളിനൊപ്പം ഓപ്പണറായി ഇറങ്ങുന്ന വൈഭവ് ടീമിന്റെ കുതിപ്പില്‍ പ്രധാന പങ്കുവഹിക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യയ്ക്ക് ആറാം അണ്ടര്‍-19 ലോകകപ്പ് കിരീടം നേടിക്കൊടുത്തതിലും വൈഭവ് നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 175 റണ്‍സടിച്ചാണ് വൈഭവ് ലോകത്തെ ഞെട്ടിച്ചത്. മുന്‍ താരം മുഹമ്മദ് കൈഫ് ഉള്‍പ്പെടെയുള്ളവര്‍ വൈഭവിനെ 'അപൂര്‍വ്വ പ്രതിഭ' എന്ന് വിശേഷിപ്പിക്കുമ്പോള്‍, വരാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളില്‍ താരം ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ഇടംപിടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
