BoolokamBoolokam

അസാധ്യമെന്ന് കരുതിയ പല തിരഞ്ഞെടുപ്പ് വിജയങ്ങളും അസാമാന്യമായ തന്ത്രങ്ങളിലൂടെ സുഹൃത്തുക്കള്‍ക്കായി നേടിയെടുത്തു; രാഷ്ട്രീയത്തിലെ അതികായന്മാര്‍ക്ക് വിജയ തന്ത്രങ്ങള്‍ പകര്‍ന്നു കൊടുത്ത ബുദ്ധികേന്ദ്രം; പൗരാവകാശങ്ങള്‍ക്കായി തെരുവ് തൊട്ട് കോടതി വരെ പോരാടിയ പടനായകന്‍; ഡിജോ കാപ്പന്‍ ഇനി ഓര്‍മ്മകളില്‍ മാത്രം; ഔദ്യോഗിക ബഹുമതികളില്‍ നിറയുന്നത് കേരളത്തിന്റെ ആദരം

കോട്ടയം: രാഷ്ട്രീയത്തിലെ അതികായന്മാര്‍ക്ക് വിജയതന്ത്രങ്ങള്‍ പകര്‍ന്നു കൊടുത്ത തിരശ്ശീലയ്ക്ക് പിന്നിലെ ബുദ്ധികേന്ദ്രം, പൗരാവകാശങ്ങള്‍ക്കായി തെരുവ് തൊട്ട് കോടതി വരെ പോരാടിയ പടനായകന്‍ - ഡിജോ കാപ്പന്‍ ഇനി ഓര്‍മ്മകളില്‍ മാത്രം. സംസ്‌കാര ചടങ്ങുകള്‍ക്ക് ഔദ്യോഗിക ബഹുമതികളും ഉണ്ടാകും. ഇത് പടനായകന് കേരളം നല്‍കുന്ന ആദരവാണ്.

അസാധ്യമെന്ന് കരുതിയ പല തിരഞ്ഞെടുപ്പ് വിജയങ്ങളും തന്റെ അസാമാന്യമായ തന്ത്രങ്ങളിലൂടെ സുഹൃത്തുക്കള്‍ക്കായി നേടിയെടുത്ത ഡിജോ കാപ്പന്റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് പാലായ്ക്ക് സമീപം പാലാക്കാട് ചെറുപുഷ്പം പള്ളിയില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. കേരളം ഒരു നിര്‍ണ്ണായക തിരഞ്ഞെടുപ്പ് ചൂടിലൂടെ കടന്നുപോകുമ്പോള്‍, ആ രാഷ്ട്രീയ തന്ത്രങ്ങളുടെ ആശാന്‍ ലോകത്തോട് വിടപറഞ്ഞത് സഹപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയ കേരളത്തിനും വലിയ നോവായി മാറിക്കഴിഞ്ഞു.

രാഷ്ട്രീയത്തിനതീതമായ സൗഹൃദങ്ങളുടെ ഉടമയായിരുന്നു ഡിജോ. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസ് തന്റെ രോഗാവസ്ഥയില്‍ അന്ത്യകര്‍മ്മങ്ങള്‍ എങ്ങനെ വേണമെന്ന് വിശ്വസിച്ച് എഴുതി ഏല്‍പ്പിച്ചത് ഡിജോ കാപ്പനെയായിരുന്നു എന്നത് ആ സൗഹൃദത്തിന്റെ ആഴം വെളിപ്പെടുത്തുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ നിശബ്ദ സാന്നിധ്യമായിരുന്ന അദ്ദേഹം, സൗഹൃദങ്ങള്‍ക്കായി എപ്പോഴും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിച്ചു. നേതാക്കളുടെ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് പിന്നിലെ ചാണക്യതന്ത്രങ്ങള്‍ മെനഞ്ഞ ഡിജോ, തിരഞ്ഞെടുപ്പ് കാലത്തുതന്നെ ഓര്‍മ്മയായത് യാദൃശ്ചികം.

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്‌കാര ചടങ്ങുകള്‍ക്കായി കോട്ടയം ജില്ലാ കളക്ടര്‍ക്കും പോലീസ് മേധാവിക്കും നിര്‍ദ്ദേശം ലഭിച്ചു കഴിഞ്ഞു. സര്‍ക്കാരിന് വേണ്ടി ജില്ലാ കളക്ടര്‍ ഭൗതിക ശരീരത്തില്‍ റീത്ത് സമര്‍പ്പിക്കും. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സംസ്‌കാര ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും. 2025 ഒക്ടോബറില്‍ തിരുവനന്തപുരത്തുണ്ടായ കാറപകടത്തെ തുടര്‍ന്ന് മാസങ്ങളായി ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാവിലെയാണ് അന്തരിച്ചത്.

കെഎസ്സിയിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ച ഡിജോ കാപ്പന്‍, കേരള സര്‍വ്വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറി, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ തിളങ്ങിയിരുന്നു. 1998-ല്‍ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചെങ്കിലും സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ അദ്ദേഹം സജീവമായി ഇടപെട്ടു. സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ സ്ഥാപിച്ച അദ്ദേഹം ഉപഭോക്തൃ അവകാശങ്ങള്‍ക്കും റോഡ് സുരക്ഷയ്ക്കും വേണ്ടി സുപ്രീം കോടതിയില്‍ വരെ നിയമപോരാട്ടങ്ങള്‍ നടത്തി. ഇന്ധനവില വര്‍ദ്ധനയും ബസ് ചാര്‍ജ് വര്‍ദ്ധനയും മുതല്‍ വൈദ്യുതി ചാര്‍ജ് വരെ സാധാരണക്കാരനെ ബാധിക്കുന്ന വിഷയങ്ങളില്‍ കണക്കുകള്‍ നിരത്തി അദ്ദേഹം ചാനല്‍ ചര്‍ച്ചകളില്‍ പോരാടി.

ഭരണങ്ങാനം ഇടമറ്റം സ്വദേശിയായ ഡിജോ, എന്നും കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒപ്പമായിരുന്നു. കേരളത്തിലെ വമ്പന്‍ പൊതുമേഖലാ സ്ഥാപനങ്ങളായ കെഎസ്ഇബി, കെഎസ്ആര്‍ടിസി എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ജനോപകാരപ്രദമാക്കാന്‍ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ എക്കാലവും സ്മരിക്കപ്പെടും. കേരള സര്‍വ്വകലാശാല പ്ലാനിംഗ് ഡയറക്ടര്‍ ഡോ. മിനി കാപ്പനാണ് ഭാര്യ. അശ്വിന്‍, മരിയറ്റ, എഡ്വിന്‍ എന്നിവര്‍ മക്കളാണ്.

രാഷ്ട്രീയ കേരളത്തിലെ ഒരു വലിയ അധ്യായം കൂടിയാണ് ഡിജോ കാപ്പന്റെ വിയോഗത്തോടെ അവസാനിക്കുന്നത്. സഹായിക്കാന്‍ ഇനി ആരുണ്ടാകും എന്ന സുഹൃത്തുക്കളുടെ ചോദ്യത്തിന് ഉത്തരമില്ലാതെ ഡിജോ മടങ്ങുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അസാധ്യമെന്ന് കരുതിയ പല തിരഞ്ഞെടുപ്പ് വിജയങ്ങളും അസാമാന്യമായ തന്ത്രങ്ങളിലൂടെ സുഹൃത്തുക്കള്‍ക്കായി നേടിയെടുത്തു; രാഷ്ട്രീയത്തിലെ അതികായന്മാര്‍ക്ക് വിജയ തന്ത്രങ്ങള്‍ പകര്‍ന്നു കൊടുത്ത ബുദ്ധികേന്ദ്രം; പൗരാവകാശങ്ങള്‍ക്കായി തെരുവ് തൊട്ട് കോടതി വരെ പോരാടിയ പടനായകന്‍; ഡിജോ കാപ്പന്‍ ഇനി ഓര്‍മ്മകളില്‍ മാത്രം; ഔദ്യോഗിക ബഹുമതികളില്‍ നിറയുന്നത് കേരളത്തിന്റെ ആദരം - Marunadan Malayali | Boolokam