
വേനൽക്കാലത്തെ അസിഡിറ്റിയും ദഹനപ്രശ്നങ്ങളും പരിഹരിക്കാൻ നെല്ലിക്ക ജ്യൂസ് മികച്ച ഔഷധമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന 'MYSAGAM1' എന്ന ഘടകം ഒരു പ്രോബയോട്ടിക് ആയി പ്രവർത്തിക്കുകയും ദഹനത്തെ സുഗമമാക്കുകയും ചെയ്യുന്നതായി ഫുഡ് ബയോസയൻസ് ജേണലിലെ പഠനം ചൂണ്ടിക്കാട്ടുന്നു. വെറും വയറ്റിൽ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ആമാശയത്തിലെ ആസിഡ് സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുമെന്ന് കൈലാഷ് ഹോസ്പിറ്റലിലെ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സരോജ് ദുബെ വ്യക്തമാക്കുന്നു.
വേനൽക്കാലത്ത് വർധിച്ചുവരുന്ന നിർജ്ജലീകരണവും വിയർപ്പും മൂലമുണ്ടാകുന്ന അസിഡിറ്റി തടയാൻ നെല്ലിക്കയിലെ വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും സഹായിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ശരീരത്തിലെ ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുകയും ചെയ്യും.
എങ്കിലും, വിപണിയിൽ ലഭിക്കുന്ന പാക്കറ്റ് നെല്ലിക്ക ജ്യൂസുകൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണം. പല പാക്കറ്റ് ജ്യൂസുകളിലും ആകർഷകമായ പച്ചനിറം ലഭിക്കാൻ കൃത്രിമ നിറങ്ങൾ, പഞ്ചസാര, അഡിറ്റീവുകൾ എന്നിവ ചേർക്കാറുണ്ട്. ഇത് ആരോഗ്യത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അതിനാൽ പാക്കറ്റ് ജ്യൂസുകൾ വാങ്ങുമ്പോൾ ലേബൽ പരിശോധിച്ച് പ്രകൃതിദത്ത ചേരുവകൾ മാത്രമാണെന്ന് ഉറപ്പുവരുത്തണം. വീട്ടിൽ തന്നെ തയ്യാറാക്കുന്ന ഫ്രഷ് നെല്ലിക്ക ജ്യൂസ് ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതം. അസിഡിറ്റി അകറ്റുന്നതിനൊപ്പം വേനൽക്കാലത്ത് ശരീരത്തിന് നവോന്മേഷം നൽകാനും നെല്ലിക്ക ജ്യൂസ് സഹായിക്കും.
