
ഡെറാഡൂൺ: നോയിഡയിലെ കോർപ്പറേറ്റ് പ്രൊഫഷണലും ഉള്ളടക്ക നിർമ്മാതാവുമായ 28 കാരിയായ അർപിത സാഹുവിന് ഋഷികേശിലേക്കുള്ള വിനോദയാത്ര ഒരു ആയുഷ്കാലത്തെ ഓർമ്മപ്പെടുത്തലായി മാറി. നദിയിലെ പാറക്കെട്ടുകളിൽ നിന്നുള്ള ചാട്ടത്തിനിടെ (Cliff Jumping) ശക്തമായ ഒഴുക്കിൽപ്പെട്ട അർപിതയെ കൂടെയുണ്ടായിരുന്നവരുടെ സമയോജിതമായ ഇടപെടലാണ് മരണത്തിൽ നിന്ന് തിരികെ എത്തിച്ചത്.
വാരാന്ത്യ യാത്രയ്ക്കിടെ ക്ലിഫ് ജമ്പിംഗിന് മുതിർന്ന അർപിത ആദ്യ രണ്ട് തവണ വിജയകരമായി ചാട്ടം പൂർത്തിയാക്കിയിരുന്നു. എന്നാൽ മൂന്നാം തവണ മലഞ്ചെരിവിൽ നിന്ന് ചാടിയപ്പോൾ നദിയിലെ ഒഴുക്ക് അപ്രതീക്ഷിതമായി വർധിച്ചു. നീന്തൽ അറിയാമായിരുന്നിട്ടും ഒഴുക്കിന്റെ ശക്തിയിൽ അർപിതയ്ക്ക് നിയന്ത്രണം നഷ്ടപ്പെടുകയും നദിയിലൂടെ ഒഴുകിപ്പോവുകയുമായിരുന്നു.
അപകടം കണ്ട് കൂടെയുണ്ടായിരുന്ന രാഹുൽ എന്ന യുവാവും മറ്റൊരു വിദേശ സഞ്ചാരിയും ഒഴുക്കിലേക്ക് ചാടുകയും സാഹസികമായി അർപിതയെ കരയ്ക്കെത്തിക്കുകയും ചെയ്തു. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നെങ്കിൽ ഇത്തരമൊരു അപകടം ഒഴിവാക്കാമായിരുന്നെന്ന് രക്ഷപ്പെട്ട ശേഷം അർപിത പ്രതികരിച്ചു.
