
തിരുവനന്തപുരം: ലോട്ടറി വിൽപനക്കാരനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിലായി. തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം ലോട്ടറി കട നടത്തുന്ന നേമം സ്വദേശിക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ വെട്ടുകാട് സ്വദേശി വിജിൻ (33), വള്ളക്കടവ് സ്വദേശി അഖിൽ (26) എന്നിവരെ തമ്പാനൂർ പോലീസ് അറസ്റ്റ് ചെയ്തു.
ലോട്ടറി കടയിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ അനുമതി നൽകാത്തതിലുള്ള വൈരാഗ്യമാണ് അക്രമത്തിൽ കലാശിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രതികൾ കടയിലെത്തി ഫോൺ ചാർജ് ചെയ്യാൻ ആവശ്യപ്പെട്ടത്. എന്നാൽ കടയുടമ ഇതിന് വിസമ്മതിച്ചു.
ഫോൺ ചാർജ് ചെയ്യാൻ സമ്മതിക്കാത്തതിന്റെ പിറ്റേന്ന് പ്രതികൾ മാരകായുധങ്ങളുമായി തിരിച്ചെത്തി.ഇരുമ്പ് വടിയും ഓലമടലും ഉപയോഗിച്ചാണ് യുവാവിനെ ക്രൂരമായി മർദിച്ചത്.കൊലപാതക ശ്രമത്തിന് കേസെടുത്ത പോലീസ് പ്രതികളെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
