
കൊച്ചി: പ്രണയവിവാഹത്തെ എതിര്‍ത്തതിന്റെ പേരില്‍ പെണ്‍സുഹൃത്തിന്റെ വല്യച്ഛനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കേസിൽ പിടിയിലായ അയ്യപ്പന്‍കാവ് സ്വദേശി അഭിജിത് പ്രസാദ് (24) സ്വന്തം അമ്മയെ മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കഴിഞ്ഞ മാസം 22-ാം തീയതിയാണ് അഭിജിത്ത് വീട്ടിൽ വെച്ച് അമ്മയെ മർദ്ദിച്ചത്. വീട്ടിലെ സിസിടിവിയിൽ ഇതിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. ഇഷ്ടപ്പെട്ട യുവതിയെ വിവാഹം കഴിക്കാൻ അനുവദിക്കില്ലെന്ന് മാതാപിതാക്കൾ പറഞ്ഞതാണ് യുവാവിനെ പ്രകോപിപ്പിച്ചത്.
അന്ന് ഈ പരാതി ഒത്തുതീർപ്പാക്കി വിട്ടെങ്കിലും പിന്നാലെ കൂടുതൽ ക്രൂരമായ കൃത്യത്തിലേക്ക് പ്രതി കടക്കുകയായിരുന്നു. വിവാഹം കഴിക്കാൻ ആഗ്രഹിച്ച യുവതിയെക്കുറിച്ചുള്ള വിവരങ്ങൾ മാതാപിതാക്കൾക്ക് നൽകിയത് അച്ഛന്റെ ജേഷ്ഠനായിരുന്നു. ഇതിലുള്ള വൈരാഗ്യം തീർക്കാനാണ് ഇദ്ദേഹം ചായ കുടിക്കാൻ സ്കൂട്ടറിൽ പോകുന്ന സമയം നോക്കി അഭിജിത്ത് കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇയാൾ പോകുന്ന വഴിയിൽ കാർ നിർത്തിയിട്ട് കാത്തുനിന്ന ശേഷം പുറകിലൂടെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ദിവസങ്ങളോളം ഇദ്ദേഹത്തിന്റെ യാത്രാ രീതികള്‍ നിരീക്ഷിച്ച ശേഷമാണ് പുലര്‍ച്ചെ തന്നെ ആക്രമണം നടത്തിയത്.
വധശ്രമത്തിന് ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ഇദ്ദേഹത്തിന് സാരമായി പരിക്കേറ്റു. അപകടമെന്ന് കരുതിയ സംഭവത്തില്‍ പിന്നീട് വീട്ടുകാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് കൊലപാതകശ്രമമാണെന്ന് തെളിഞ്ഞത്. പരിക്കേറ്റ വയോധികന്‍ നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളെ അപായപ്പെടുത്തിയാല്‍ വിവാഹത്തിനുള്ള തടസ്സം നീങ്ങുമെന്ന് കരുതിയാണ് ഇത്തരമൊരു ക്രൂരകൃത്യത്തിന് മുതിര്‍ന്നതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.
അഭിജിത്ത് വിവാഹം കഴിക്കാൻ ആഗ്രഹിച്ച യുവതി ഇതര സമുദായത്തിൽ നിന്നുള്ള ആളാണെന്നും അവർ നേരത്തെ വിവാഹമോചനം നേടിയ ഒരു കുട്ടിയുള്ള അമ്മയാണെന്നുമാണ് വിവരം. ഇക്കാരണത്താലാണ് വീട്ടുകാർ ഈ ബന്ധത്തെ എതിർത്തത്. കൃത്യം നടത്തുന്ന സമയത്ത് താൻ ഏതൊക്കെയോ ഗുളികകൾ കഴിച്ചിരുന്നുവെന്നും താൻ എന്താണ് ചെയ്യുന്നതെന്ന് തനിക്ക് പോലും അറിയില്ലായിരുന്നുവെന്നുമാണ് അഭിജിത്ത് പോലീസിനോട് പറഞ്ഞത്. ഇയാൾ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന കാര്യം കൊച്ചി നോർത്ത് പോലീസ് അന്വേഷിച്ചു വരികയാണ്. കേസിന്റെ ഭാഗമായി യുവതിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും.
അയ്യപ്പന്‍കാവ് ഭാഗത്തെ സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണ്ണായകമായത്. സ്‌കൂട്ടറിനെ ലക്ഷ്യമിട്ട് കാര്‍ മനഃപൂര്‍വ്വം ഇടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഇടിക്ക് ശേഷം വാഹനം നിര്‍ത്താതെ വേഗത്തില്‍ ഓടിച്ചുപോകുന്നതും കണ്ടതോടെ പോലീസിന് സംശയം വര്‍ദ്ധിച്ചു. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം അഭിജിത്തിലേക്കും അയാളുടെ ക്രിമിനല്‍ ഗൂഢാലോചനയിലേക്കും എത്തുകയായിരുന്നു. തന്റെ പെണ്‍സുഹൃത്തിന് ഗൂഡാലോചനയില്‍ പങ്കില്ലെന്നാണ് അഭിജിത് പ്രസാദിന്റെ മൊഴി. കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. വധശ്രമത്തിന് പുറമെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യാശ്രമം, അപകടകരമായ രീതിയില്‍ വണ്ടിയോടിക്കല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
