
കൊച്ചി: മലയാള സിനിമയിൽ ആക്ഷൻ ആവേശം തീർക്കാൻ 'കാട്ടാളൻ' വരുന്നു. ക്യൂബ്സ് എൻ്റർടെയ്ൻമെൻറ്സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമിക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ചിത്രത്തിൽ അലോക എന്ന കരുത്തുറ്റ കഥാപാത്രമായി എത്തുന്ന പ്രണവ് രാജിന്റെ (ഹിപ്സ്റ്റർ) പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ആൻ്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ ദുഹാൻ സിങ് തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലർ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ്. ജംഗീൾ ബീസ്റ്റ്, വൈൽഡ് ബീസ്റ്റ്, ഓഷ്യൻ ബീസ്റ്റ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത തീമുകളിലായി പുറത്തിറങ്ങിയ ട്രെയിലറിലെ സംഗീതം ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ രവി ബസ്രൂറാണ്. ആവേശം നിറയ്ക്കുന്ന ആക്ഷൻ രംഗങ്ങളും പശ്ചാത്തല സംഗീതവുമാണ് ട്രെയിലറിന്റെ പ്രധാന ആകർഷണം.
ആനക്കൊമ്പ് കള്ളക്കടത്തിന്റെ ഭയാനകമായ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ചോരക്കളിയുടെയും പകയുടെയും വന്യമായ ദൃശ്യങ്ങളിലൂടെ ഒരു ഹൈ-വോൾട്ടേജ് ആക്ഷൻ ത്രില്ലറാണ് നവാഗതനായ പോൾ ജോർജ് സമ്മാനിക്കുന്നതെന്നാണ് സൂചന. ആനവേട്ടയുടെയും പോരാട്ടത്തിന്റെയും പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം മേയിൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.
നേരത്തെ ചിത്രത്തിലെ യുവ താരനിരയെയും ആനക്കൊമ്പുകൾക്ക് നടുവിലുള്ള ആയുധ കൂമ്പാരങ്ങളെയും കാണിക്കുന്ന പോസ്റ്ററുകൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'മാർക്കോ'യുടെ വിജയത്തിന് ശേഷം ക്യൂബ്സ് എൻ്റർടെയ്ൻമെൻറ്സ് വീണ്ടും ആക്ഷൻ പടവുമായി എത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.
