
കതിരൂര്‍: ജോലി ചെയ്യുന്ന ലൈനിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്ന ബാലപാഠം പോലും പാലിക്കാതെ കരാര്‍ തൊഴിലാളിയെ മരണത്തിലേക്ക് തള്ളിവിട്ട് കെ.എസ്.ഇ.ബി. കതിരൂരില്‍ എര്‍ത്ത് കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് കരാര്‍ തൊഴിലാളി എ. രാജന്‍ (60) മരിച്ച സംഭവം കെ.എസ്.ഇ.ബിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണെന്ന ആക്ഷേപം ശക്തമാകുന്നു. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കരാര്‍ തൊഴിലാളികളെ അപകടത്തിലേക്ക് വിട്ടുനല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
വൈദ്യുത പോസ്റ്റില്‍ കയറി അറ്റകുറ്റപ്പണി നടത്തുമ്പോള്‍ പാലിക്കേണ്ട ഏറ്റവും പ്രാഥമികമായ ചട്ടം അവിടുത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക (ജീംലൃ ഈ)േ എന്നതാണ്. എന്നാല്‍ ചൊവ്വാഴ്ച രാത്രി പൊന്ന്യം പറാംകുന്നിലെ പോസ്റ്റില്‍ പരിശോധനയ്ക്കായി രാജനെ കയറ്റുമ്പോള്‍ ലൈന്‍ ഓഫ് ചെയ്തിരുന്നില്ല. ഇത്രയും വലിയൊരു വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ രാജന്റെ മരണത്തിന് ഉത്തരവാദികളാണ്. ഒരു സാധാരണക്കാരന്റെ ജീവന് കെ.എസ്.ഇ.ബി നല്‍കുന്ന വില ഇതാണോ എന്ന ചോദ്യമാണ് ഈ ദുരന്തം അവശേഷിപ്പിക്കുന്നത്.
110 കെ.വി സബ്‌സ്റ്റേഷന് സമീപത്തെ പോസ്റ്റില്‍ തീ കണ്ട് നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് തലശ്ശേരി സെക്ഷനിലെ ജീവനക്കാരന്‍ രാജേഷ് സഹായിയായ രാജനുമായി സ്ഥലത്തെത്തിയത്. ലൈനില്‍ തകരാറുണ്ടെന്ന് ഉറപ്പായിട്ടും വൈദ്യുതി ഓഫ് ചെയ്യാതെ പരിശോധനയ്ക്ക് മുതിര്‍ന്നത് ആത്മഹത്യാപരമായിരുന്നു. ഹൈടെന്‍ഷന്‍ ലൈനോട് ചേര്‍ന്നുള്ള എര്‍ത്ത് കമ്പിയില്‍ പിടിച്ച ഉടന്‍ തന്നെ രാജന്‍ തെറിച്ചുവീഴുകയായിരുന്നു.
ശക്തമായ വൈദ്യുതാഘാതമേറ്റ രാജന്റെ കൈകളിലടക്കം മാരകമായി പൊള്ളലേറ്റിരുന്നു. പോസ്റ്റില്‍ നിന്നും ദൂരേക്ക് തെറിച്ചുവീണ ഇദ്ദേഹം സംഭവസ്ഥലത്ത് വെച്ച് തന്നെ മരണത്തിന് കീഴടങ്ങി. സുരക്ഷാ ഉപകരണങ്ങളോ കൃത്യമായ മേല്‍നോട്ടമോ ഇല്ലാതെ രാത്രികാലങ്ങളില്‍ കരാര്‍ തൊഴിലാളികളെ ഇത്തരം അപകട മേഖലകളിലേക്ക് നിയോഗിക്കുന്നത് കെ.എസ്.ഇ.ബിയുടെ സ്ഥിരം രീതിയായി മാറുകയാണ്.
കെ.എസ്.ഇ.ബിയില്‍ ജോലി ചെയ്യുന്ന കരാര്‍ തൊഴിലാളികള്‍ക്ക് യാതൊരുവിധ ഇന്‍ഷുറന്‍സ് പരിരക്ഷയോ സുരക്ഷാ ഗ്യാരണ്ടിയോ ലഭിക്കുന്നില്ലെന്നത് പരസ്യമായ രഹസ്യമാണ്. സ്ഥിരം ജീവനക്കാര്‍ ചെയ്യാന്‍ മടിക്കുന്ന അപകടകരമായ പണികള്‍ക്ക് കരാര്‍ തൊഴിലാളികളെ പരിചയാക്കി ഉപയോഗിക്കുകയാണ് പലപ്പോഴും ചെയ്യുന്നത്. രാജന്റെ മരണം വെറുമൊരു 'അപകടം' ആയി എഴുതിത്തള്ളാന്‍ കെ.എസ്.ഇ.ബിയെ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.
അപകടം നടക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന ജീവനക്കാര്‍ക്കും ഇതിന് ഉത്തരവാദികളായ സെക്ഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കുമെതിരെ ക്രിമിനല്‍ കേസെടുക്കണം. വൈദ്യുതി ഓഫ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കാതിരുന്നത് ആരാണെന്ന് കണ്ടെത്തണം. ഇത്തരം കുറ്റകരമായ അനാസ്ഥകള്‍ കാണിക്കുന്നവര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിച്ചാല്‍ മാത്രമേ ഇനിയൊരു രാജന്‍ കൂടി ഇത്തരത്തില്‍ ഇല്ലാതാകാതിരിക്കൂ.
കുണ്ടുചിറ പഞ്ചാര ഹൗസില്‍ താമസിച്ച് വരികയായിരുന്ന രാജന്‍ കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു. രാത്രി ജോലിക്ക് പോയ ഗൃഹനാഥന്‍ മൃതദേഹമായി തിരിച്ചുവരുന്നത് ആ കുടുംബത്തിന് താങ്ങാനാവുന്നതിലപ്പുറമാണ്. കെ.എസ്.ഇ.ബിയുടെ ഈ 'കൊലപാതകത്തിന്' അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
കതിരൂര്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഭാര്യ സിന്ധുവും മകള്‍ അനുവര്‍ഷയും ഉള്‍പ്പെടുന്ന കുടുംബം ഈ വലിയ ദുരന്തത്തില്‍ തകര്‍ന്നിരിക്കുകയാണ്. സഹോദരങ്ങള്‍: രതീശന്‍, രഞ്ജിത്ത്, രാഗേഷ്, രജിത, രേഷ്മ.
