BoolokamBoolokam

ആദ്യമായി കണ്ടുമുട്ടുന്നത് സെയിന്റ് ആന്‍ഡ്രൂസില്‍ വെച്ച്; 2011 ഏപ്രില്‍ 29 ന് വെസ്റ്റ്മിനിസ്റ്റര്‍ ആബെയില്‍ വെച്ച് നടന്ന വിവാഹം അറിയപ്പെട്ടത് ചാള്‍സിന്റെയും ഡയാനയുടെയും വിവാഹശേഷം നടന്ന ഏറ്റവും വലിയ രാജകുടുംബ പരിപാടിയായി; വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും പതിനഞ്ചാം വിവാഹവാര്‍ഷികം ആഘോഷിക്കുമ്പോള്‍

ലണ്ടന്‍: 2011 ഏപ്രില്‍ 29 ന് വെസ്റ്റ്മിനിസ്റ്റര്‍ ആബെയില്‍ വെച്ച് വില്യം രാജകുമാരന്‍ കെയ്റ്റ് രാജകുമാരിയെ വിവാഹം ചെയ്തപ്പോള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലായി ഇരുപത് ലക്ഷത്തിലേറെ പേരായിരുന്നു അത് ടെലിവിഷനിലൂടെ ലൈവ് ആയി കണ്ടത്. ചാള്‍സ് രാജകുമാരന്റെയും ഡയാന രാജകുമാരിയുടെയും വിവാഹശേഷം ബ്രിട്ടീഷ് രാജകുടുംബത്തില്‍ നടന്ന ഏറ്റവും വലിയ ചടങ്ങായാണ് ആ വിവാഹം രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന്, ആ വിവാഹത്തിന് പതിനഞ്ച് വയസ്സു പൂര്‍ത്തിയാകുമ്പോള്‍ പഴയകാലങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് വില്യമിന്റെ സുഹൃത്തുക്കള്‍.

വാര്‍ത്താപ്രാധാന്യം നേടിയ ചാള്‍സ് രാജാവിന്റേയും കാമില രാജ്ഞിയുടെയും അമേരിക്കന്‍ സന്ദര്‍ശനത്തിനിടയിലാണ് വിവാഹ വാര്‍ഷികം വന്നിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇത് എങ്ങനെ ഒരു പൊതു ആഘോഷമാക്കി മാറ്റാന്‍ കഴിയും എന്ന ചിന്തയിലാണ് ഇരുവരുടെയും സുഹൃത്തുക്കള്‍. അവരില്‍ ഒരാളായ, വില്യമിന്റെയും കെയ്റ്റിന്റെയും മുന്‍ പ്രൈവറ്റ് സെക്രട്ടറിയും ജോര്‍ജ്ജ് രാജകുമാരന്റെ തലതൊട്ടപ്പനുമായ ജാമി ലോതര്‍ - പിന്‍കെര്‍ട്ടണ്‍ ചില പഴയകാല സംഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ്.

2005 ല്‍ വസന്തകാലത്ത് സെയിന്റ് ആന്‍ഡ്രുസില്‍, 2005 ലായിരുന്നു താന്‍ ഭാവി രാജകുമാരിയെ ആദ്യമായി കണ്ടുമുട്ടിയതെന്ന് ലോതര്‍ - പിന്‍കെര്‍ട്ടണ്‍ പറഞ്ഞു. അപ്പോള്‍ തന്നെ ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നെങ്കിലും അക്കാര്യം പൊതുജനങ്ങള്‍ക്ക് ഒരു സംസാര വിഷയമാക്കാന്‍ അവര്‍ വിട്ടുകൊടുത്തിരുന്നില്ല. തന്റെ അമ്മയ്ക്കുണ്ടായ ദുരനുഭവമായിരിക്കും തന്റെ ഭാവിവധുവിന്റെ സ്വകാര്യത സംരക്ഷിക്കാന്‍ വില്യമിനെ പ്രേരിപ്പിച്ചതെന്ന് ലോതര്‍ പിന്‍കെര്‍ട്ടണ്‍ പറയുന്നു. തുല്യമായ അളവില്‍ തന്നെ കെയ്റ്റിന്റെ നിശ്ചയദാര്‍ഢ്യവും ധൈര്യവും ഈ സ്വകാര്യത കാത്തുസൂക്ഷിക്കാന്‍ സഹായകമായതായി അയാള്‍ പറയുന്നു.

തികഞ്ഞ പക്വതയാര്‍ജ്ജിച്ച ബുദ്ധിമതിയായ ഒരു സ്ത്രീയാണ് കെയ്റ്റ് എന്നതില്‍ പിന്‍കെര്‍ട്ടണ് സംശയമില്ല. എന്നാല്‍, വളരെ ഇഴയടുപ്പത്തോടെ തുന്നിച്ചേര്‍ത്ത കെയ്റ്റിന്റെ കുടുംബ ജീവിതമായിരുന്നു വില്യമിനെ കെയ്റ്റിലേക്ക് ആകര്‍ഷിച്ചതെന്ന് അയാള്‍ പറയുന്നു. ഇന്നും, കെയ്റ്റിന്റെ കുടുംബാംഗങ്ങള്‍ എല്ലാവരും തന്നെ വളരെ അടുത്തായാണ് താമസിക്കുന്നത്. തന്റെ മാതാപിതാക്കള്‍ക്കിടയിലെ സ്വരച്ചേര്‍ച്ച കണ്ടുവളര്‍ന്ന വില്യമിന് കെയ്റ്റിന്റെ കുടുംബത്തോട് അസൂയകലര്‍ന്ന ആരാധനയായിരുന്നത്രെ. കെയിറ്റിന്റെ ഈ കുടുംബപശ്ചാത്തലം ഇന്ന് അവര്‍ കുട്ടികളെ വളര്‍ത്തുന്ന രീതിയില്‍ പ്രതിഫലിക്കുന്നുണ്ടെന്നും പിന്‍കെര്‍ട്ടണ്‍ ചൂണ്ടിക്കാട്ടുന്നു.

പൊതുവേദികളില്‍ വില്യം മുന്‍പിലായിരിക്കുമെങ്കിലും, കുടുംബത്തില്‍ ഇരുവരും ഒരുമിച്ചാണ് ചുമതലകള്‍ നിര്‍വഹിക്കുന്നത്. ഭാര്യയുടെ തീരുമാനങ്ങളെ വില്യം ബഹുമാനിക്കാറുമുണ്ട്. അവരവരുടെ കടമകള്‍ നിര്‍വ്വഹിക്കുന്നതില്‍ ഇരുവരും പരസ്പരം സഹായിക്കുകയും അതുപോലെ കുടുംബ വിഷയങ്ങള്‍ ഒരുമിച്ച് ചര്‍ച്ച ചെയ്ത് എടുക്കുകയുമാണ് പതിവെന്നും സുഹൃത്തുക്കള്‍ പറയുന്നു. മുത്തശ്ശിയുടെ മരണവും, അച്ഛന്റെ രോഗവും, ഭാര്യയുടെ രോഗവുമെല്ലാമായി കറുത്ത നിമിഷങ്ങളിലൂടെ കടന്നു പോയ്‌ക്കൊണ്ടിരുന്നപ്പോഴും വില്യമിന് കൈത്താങ്ങായി ധൈര്യം പകര്‍ന്ന് നല്‍കിയത് കെയ്റ്റ് ആയിരുന്നു.

അതിനിടയിലായിരുന്നു സഹോദരന്‍ ഹാരിയുടെ ചെളിവാരിയെറിയലുകളും, ചെറിയച്ഛന്‍ ആന്‍ഡ്രുവിന്റെ ലൈംഗിക പീഢന വിവാദവുമെല്ലാം എത്തിയത്. ഇവിടെയെല്ലാം വില്യമിന് താങ്ങായി കെയ്റ്റ് കൂടെത്തന്നെ ഉണ്ടായിരുന്നു. ആന്‍ഡ്രുവിന്റെ മക്കളായ ബിയാട്രീസ് രാജകുമാരിയെയും യൂജിന്‍ രാജകുമാരിയെയും വില്യം അടുപ്പിക്കാറില്ലെന്ന് ചില സുഹൃത്തുക്കള്‍ പറയുന്നു. ഈസ്റ്റര്‍ ആഘോഷത്തില്‍ പോലും ഇരുവരും ഇല്ലെന്ന് ഉറപ്പു വരുത്തിയിട്ടാണ് വില്യം പങ്കെടുത്തതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ്, തികച്ചും സ്വകാര്യമായി തന്നെ കുടുംബ ജീവിതം മുന്നോട്ട് പോകുന്നതിനാണ് അവര്‍ വിന്‍ഡ്‌സര്‍ എസ്റ്റേറ്റിലെ ഫോറസ്റ്റ് ലോഡ്ജിലേക്ക് താമസം മാറ്റിയതെന്നും അവര്‍ പറയുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!