
കൊച്ചി: സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയെയും സംഘത്തെയും പോലീസ് കരുതല്‍ തടങ്കലിലാക്കി. പുന്നേക്കാടുള്ള ഒരു റിസോര്‍ട്ടില്‍ സുഹൃത്തിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കോതമംഗലം പോലീസ് അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. ആയങ്കിക്കൊപ്പം പിടികൂടിയവരില്‍ കുപ്രസിദ്ധ ഗുണ്ടാനേതാവ് മരട് അനീഷിന്റെ പ്രധാന കൂട്ടാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
കോതമംഗലം പുന്നേക്കാട് മേഖലയില്‍ കുറ്റവാളികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് പോലീസ് റിസോര്‍ട്ടില്‍ പരിശോധന നടത്തിയത്. വിവാഹത്തില്‍ പങ്കെടുക്കാനാണ് എത്തിയതെന്ന് സംഘം അവകാശപ്പെട്ടെങ്കിലും, ക്രമസമാധാന പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ഇവരെ കരുതല്‍ തടങ്കലിലാക്കുകയായിരുന്നു. അര്‍ജുന്‍ ആയങ്കിയെപ്പോലൊരു ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തി എന്തിനാണ് കോതമംഗലം സ്റ്റേഷന്‍ പരിധിയില്‍ എത്തിയതെന്നും, മരട് അനീഷിന്റെ സംഘവുമായി ഇയാള്‍ക്കുള്ള ബന്ധമെന്തെന്നും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
ഡിവൈഎഫ്ഐ അഴീക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറിയായിരുന്ന അര്‍ജുന്‍ ആയങ്കി, ലഹരിക്കടത്ത് സംഘങ്ങളുമായി ബന്ധപ്പെട്ടതിനെത്തുടര്‍ന്നാണ് സംഘടനയില്‍ നിന്ന് പുറത്താക്കപ്പെട്ടത്. എന്നാല്‍ പിന്നീട് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി സിപിഎം അനുകൂല പ്രചാരണം സ്വന്തം നിലയില്‍ തുടര്‍ന്ന ഇയാള്‍, ഇതിനെ മറയാക്കി വലിയ തോതിലുള്ള സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു. കണ്ണൂര്‍ കേന്ദ്രീകരിച്ച് നടന്ന പല സ്വര്‍ണ്ണക്കടത്ത് കേസുകളിലും ആയങ്കിയുടെ പേര് ഉയര്‍ന്നു വന്നിരുന്നു.
കൊച്ചിയിലെ അധോലോക സംഘങ്ങളുമായി അര്‍ജുന്‍ ആയങ്കി കൈകോര്‍ക്കുന്നു എന്ന സൂചനകളാണ് മരട് അനീഷിന്റെ കൂട്ടാളികളോടൊപ്പം ഇയാള്‍ പിടിയിലായതിലൂടെ പുറത്തുവരുന്നത്. വടക്കന്‍ കേരളത്തിലെ ക്വട്ടേഷന്‍ സംഘങ്ങളും കൊച്ചിയിലെ ഗുണ്ടാസംഘങ്ങളും തമ്മിലുള്ള പുതിയ കൂട്ടുക്കെട്ടുകളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിടിയിലായവരുടെ മുന്‍കാല ചരിത്രവും നിലവിലുള്ള കേസുകളും പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് കോതമംഗലം പോലീസ് അറിയിച്ചു.
