
കൊല്ലം: കൊല്ലം ആയൂര്‍ വഞ്ചിപ്പേട്ടയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് പത്തുപേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. കിളിമാനൂര്‍ സ്വദേശികളായ കാര്‍ യാത്രികര്‍ക്കും ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്. ആയൂരില്‍ നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന ബസും കൊട്ടാരക്കരയില്‍ നിന്ന് കിളിമാനൂരിലേക്ക് വരികയായിരുന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബസിലുണ്ടായിരുന്ന ഏഴ് യാത്രക്കാര്‍ക്ക് നിസാര പരിക്കുകളാണുള്ളത്. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്ന് എം.സി റോഡില്‍ ഭാഗികമായി ഗതാഗത തടസ്സമുണ്ടായി. പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
