
ഹൈദരാബാദ്: അത്താഴത്തിന് കോഴിക്കറി ഉണ്ടാക്കാത്തതിനെച്ചൊല്ലി ദമ്പതികൾക്കിടയിലുണ്ടായ നിസ്സാര തർക്കം കൊലപാതകത്തിൽ കലാശിച്ചു. തെലങ്കാനയിലെ കാമറെഡ്ഡി ടൗണിൽ കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം അരങ്ങേറിയത്. ഗോസാങ്കി കോളനി സ്വദേശിയായ 28-കാരൻ കോദൻദം ശിവാജിയാണ് ഭാര്യ ലക്ഷ്മിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി ഒൻപത് മണിയോടെ അത്താഴത്തിന് കോഴിക്കറി തയ്യാറാക്കാത്തതിനെച്ചൊല്ലി ശിവാജി ലക്ഷ്മിയുമായി വഴക്കിടാൻ തുടങ്ങി.
തർക്കം രൂക്ഷമായതോടെ ബന്ധുക്കൾ ഇടപെട്ട് ഇരുവരെയും ശാന്തരാക്കി മടങ്ങിയെങ്കിലും, അവർ പോയതിന് പിന്നാലെ തർക്കം വീണ്ടും കടുക്കുകയായിരുന്നു. ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കുന്നില്ലെന്ന് പറഞ്ഞ് ലക്ഷ്മിയെ നിരന്തരം കുറ്റപ്പെടുത്തിയ ശിവാജി മറ്റ് കുടുംബപ്രശ്നങ്ങളും ഇതിനിടയിലേക്ക് വലിച്ചിട്ടു. പ്രകോപിതയായ ലക്ഷ്മി വീട്ടിലിരുന്ന അരിവാൾ എടുത്ത് ശിവാജിയുടെ കഴുത്തിന് വെട്ടുകയായിരുന്നു. വെട്ടേറ്റ് താഴെ വീണ ശിവാജിയുടെ തല നിലത്തിടിച്ച് മാരകമായി മുറിവേൽക്കുകയും രക്തം വാർന്ന് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയും ചെയ്തു.
ആറ് വർഷം മുൻപ് വിവാഹിതരായ ശിവാജിക്കും ലക്ഷ്മിക്കും രണ്ട് പെൺമക്കളുണ്ട്. കഴിഞ്ഞ ആറുമാസമായി കാമറെഡ്ഡിയിലെ വാടകവീട്ടിലായിരുന്നു ഇവരുടെ താമസം. കുടുംബപ്രശ്നങ്ങളെച്ചൊല്ലി ഇവർക്കിടയിൽ തർക്കം പതിവായിരുന്നുവെന്ന് ബന്ധുക്കൾ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ ശിവാജിയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 103 (1) പ്രകാരം കൊലപാതകത്തിന് കേസെടുത്ത പോലീസ്, തിങ്കളാഴ്ച ലക്ഷ്മിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഞായറാഴ്ച തന്നെ ശിവാജിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. നിസ്സാരമായ കാരണങ്ങളുടെ പേരിൽ ഉടലെടുക്കുന്ന ദേഷ്യം എങ്ങനെ ഒരു കുടുംബത്തെ തകർക്കുന്നു എന്നതിന്റെ ഭീകരമായ ഉദാഹരണമായി ഈ സംഭവം മാറി.
