BoolokamBoolokam

ഇതൊക്കെ ഈസി ആണെന്ന് പറയാനേ പാടില്ല; ആ വേദന ജീവിതത്തിൽ ഞാൻ ഒരിക്കലും മറക്കില്ല; ആദ്യം മനുഷ്യനായിട്ട് കാണാൻ പഠിക്കുക; തുറന്നുപറഞ്ഞ് മഞ്ജു പത്രോസ്

പ്രസവത്തെക്കുറിച്ചുള്ള എൻ.ഡി.എ സ്ഥാനാർഥി അഖിൽ മാരാറുടെ വിവാദ പരാമർശങ്ങൾക്ക് മറുപടിയുമായി നടി മഞ്ജു പത്രോസ് രംഗത്ത്. സ്ത്രീകൾ ഒരുകാലത്ത് വളരെ ലളിതമായി ചെയ്തിരുന്ന കാര്യമാണ് പ്രസവം എന്ന അഖിലിന്റെ പ്രസ്താവനയ്ക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് തന്റെ പ്രസവാനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് മഞ്ജു പത്രോസ് നിലപാട് വ്യക്തമാക്കിയത്.

"പ്രസവിച്ച ഒരാളെന്ന നിലയ്ക്ക് പ്രസവം ഈസിയാണെന്ന് പറയാനേ പാടില്ല" എന്ന് മഞ്ജു ഉറപ്പിച്ചു പറയുന്നു. പഴയകാലത്തെ ജീവിതരീതിയും ഇന്നത്തെ ജീവിതസാഹചര്യങ്ങളും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടിയായിരുന്നു നടിയുടെ പ്രതികരണം. അന്നത്തെ കാലത്ത് വ്യായാമവും മായമില്ലാത്ത ഭക്ഷണവും പോലെയുള്ള ആരോഗ്യകരമായ സാഹചര്യം ഉണ്ടായിരുന്നുവെന്നും എന്നാൽ ഇന്ന് ജനിച്ചുവീഴുന്നത് മുതൽ യന്ത്രങ്ങളെ ആശ്രയിച്ചു കഴിയുന്ന തലമുറയാണെന്നും അവർ ഓർമ്മിപ്പിച്ചു.

"ഞാൻ പേടിച്ച് പ്രസവം നിർത്തിക്കളഞ്ഞ ആളാണ്. എന്റെ സിസേറിയൻ ആയിരുന്നു. നല്ല സൗകര്യങ്ങളോടെയാണ് പ്രസവിച്ചത്, എങ്കിലും പ്രസവം കഴിഞ്ഞിട്ടുള്ള ആ വേദന ജീവിതത്തിൽ ഒരിക്കലും മറക്കില്ല. എനിക്ക് ശ്വാസം വിടാൻ പോലും പ്രയാസമായിരുന്നു."

തത്വചിന്ത പറയുന്നവർക്ക് ഇതൊക്കെ എളുപ്പത്തിൽ പറയാമെന്നും എന്നാൽ പ്രസവവേദന അനുഭവിക്കുന്ന സ്ത്രീകളുടെ യാഥാർത്ഥ്യം അതല്ലെന്നും മഞ്ജു കൂട്ടിച്ചേർത്തു. വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിച്ച തലമുറകളെ തമ്മിൽ താരതമ്യം ചെയ്യുന്നത് വിഡ്ഢിത്തമാണെന്നും സഹജീവികളെ മനുഷ്യനായി കാണാൻ പഠിക്കണമെന്നും അഖിൽ മാരാറുടെ പേരെടുത്തു പറയാതെ മഞ്ജു പത്രോസ് വിമർശിച്ചു. പ്രസവത്തെ നിസ്സാരവൽക്കരിക്കുന്ന പ്രവണതയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ മഞ്ജുവിന്റെ വാക്കുകൾ ഇപ്പോൾ വലിയ ചർച്ചയാവുകയാണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!