
നെയ്യാറ്റിന്‍കര: കെ.എസ്.ആര്‍.ടി.സി ബസുകളില്‍ നിന്ന് പലപ്പോഴും കേള്‍ക്കാറുള്ളത് പരാതികളാണെങ്കില്‍, നെയ്യാറ്റിന്‍കര ഡിപ്പോയിലെ കണ്ടക്ടര്‍ ബി.എസ്. സുമ ഇന്ന് നന്മയുടെ പര്യായമാവുകയാണ്. മഞ്ചവിളാകം വഴി കാരക്കോണത്തേക്കുള്ള യാത്രയ്ക്കിടെ ബസില്‍ വീണുകിട്ടിയ സ്വര്‍ണ്ണ ലോക്കറ്റ് ഉടമയ്ക്ക് തിരികെ നല്‍കി മാതൃകയായിരിക്കുകയാണ് ഈ വനിതാ കണ്ടക്ടര്‍. സുമയുടെ സത്യസന്ധതയ്ക്ക് കെ.എസ്.ആര്‍.ടി.സി ഉന്നത ഉദ്യോഗസ്ഥര്‍ ഡിപ്പോയില്‍ വെച്ച് ആദരവ് നല്‍കി.
പഴയകട കുളത്തൂര്‍ സ്വദേശിനി ആര്‍.എല്‍. ആതിരയ്ക്കാണ് കാരക്കോണത്തേക്കുള്ള യാത്രയ്ക്കിടെ തന്റെ വിവാഹമാലയിലെ അരപ്പവന്റെ ലോക്കറ്റ് നഷ്ടമായത്. യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കിയ ശേഷം ബസിനുള്ളിലൂടെ നടന്ന സുമയുടെ കണ്ണുകള്‍ സീറ്റിനടിയില്‍ തിളങ്ങിയ ഒരു വസ്തുവില്‍ ഉടക്കുകയായിരുന്നു. കുനിഞ്ഞെടുത്തു പരിശോധിച്ചപ്പോഴാണ് അത് സ്വര്‍ണ്ണ ലോക്കറ്റാണെന്ന് മനസ്സിലായത്.
ലോക്കറ്റ് കിട്ടിയ ഉടന്‍ തന്നെ ബസിലുണ്ടായിരുന്ന യാത്രക്കാരോട് ആര്‍ക്കെങ്കിലും സ്വര്‍ണ്ണം നഷ്ടപ്പെട്ടോ എന്ന് സുമ അന്വേഷിച്ചു. എന്നാല്‍ ആരും അപ്പോള്‍ അവകാശവാദവുമായി എത്തിയില്ല. തുടര്‍ന്ന് ഒട്ടും വൈകാതെ തന്നെ സുമ വിവരം നെയ്യാറ്റിന്‍കര സ്റ്റേഷന്‍ മാസ്റ്ററെ വിളിച്ച് അറിയിച്ചു. യാത്രക്കാരി അറിയാതെ പോയ ആ ലോക്കറ്റ് സുരക്ഷിതമായി സുമ കൈയ്യില്‍ വെച്ചു.
യാത്ര കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് തന്റെ മാലയിലെ ലോക്കറ്റ് നഷ്ടപ്പെട്ട വിവരം ആതിര അറിയുന്നത്. വിവാഹമാലയിലെ പ്രധാന ഭാഗമായതിനാല്‍ തന്നെ വലിയ വിഷമത്തിലായ ആതിരയും ഭര്‍ത്താവും ഉടന്‍ തന്നെ നെയ്യാറ്റിന്‍കര ഡിപ്പോയില്‍ അന്വേഷിച്ചെത്തി. സുമ നേരത്തെ തന്നെ വിവരം സ്റ്റേഷന്‍ മാസ്റ്ററെ അറിയിച്ചിരുന്നതിനാല്‍ ലോക്കറ്റ് അവിടെയുണ്ടെന്ന മറുപടി ആതിരയ്ക്ക് വലിയ ആശ്വാസമായി.
ലോക്കറ്റ് ആതിരയുടേത് തന്നെയാണെന്ന് ഉറപ്പുവരുത്തിയ ശേഷം എ.ടി.ഒ കെ.ജി. സൈജുവിന്റെ നിര്‍ദ്ദേശപ്രകാരം അത് ഉടമയ്ക്ക് കൈമാറി. എ.ടി.ഒയ്‌ക്കൊപ്പം കണ്ടക്ടര്‍ ബി.എസ്. സുമ, ഡ്രൈവര്‍ പ്രദീപ് കുമാര്‍, ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ പി. വിനോദ് കുമാര്‍, സ്റ്റേഷന്‍ മാസ്റ്റര്‍ ബൈജു എന്നിവര്‍ ചേര്‍ന്നാണ് ആതിരയ്ക്ക് സ്വര്‍ണ്ണം നല്‍കിയത്.
സുമയുടെ സത്യസന്ധതയെയും അവര്‍ക്ക് പിന്തുണ നല്‍കിയ ഡ്രൈവര്‍ പ്രദീപ് കുമാറിനെയും കെ.എസ്.ആര്‍.ടി.സി ഔദ്യോഗികമായി അഭിനന്ദിച്ചു. 'ആനവണ്ടി' ജീവനക്കാരുടെ ഇത്തരം നന്മകള്‍ വകുപ്പിന് തന്നെ അഭിമാനമാണെന്ന് അധികൃതര്‍ പറഞ്ഞു. സ്വര്‍ണ്ണം തിരികെ കിട്ടിയ ആതിരയും കുടുംബവും സുമയ്ക്ക് ഹൃദയപൂര്‍വ്വം നന്ദി രേഖപ്പെടുത്തിയാണ് മടങ്ങിയത്.
