BoolokamBoolokam

ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ച് നേപ്പാള്‍ എയര്‍ലൈന്‍സ്; സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിമര്‍ശനവുമായി ഇന്ത്യന്‍ ഉപയോക്താക്കള്‍; ബഹിഷ്‌കരിക്കണമെന്ന് ആവശ്യം; വിവാദമായതോടെ മാപ്പ് പറഞ്ഞ് വിമാന കമ്പനി

കാഠ്മണ്ഡു: ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ചുകൊണ്ടുള്ള റൂട്ട് മാപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച നേപ്പാള്‍ എയര്‍ലൈന്‍സിന്റെ നടപടി വിവാദമായതോടെ മാപ്പ് പറഞ്ഞ് തലയൂരാന്‍ നീക്കം. ജമ്മു കശ്മീരിനെയും ലഡാക്കിനെയും പൂര്‍ണ്ണമായും പാക്കിസ്ഥാന്റെ ഭാഗമായി കാണിച്ചുകൊണ്ടുള്ള പോസ്റ്റ് ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കിടയില്‍ കനത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്. സംഭവത്തില്‍ വിമാനക്കമ്പനി ക്ഷമാപണം നടത്തുകയും വിവാദ പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. വിമര്‍ശനം അതിരുകടന്നതോടെ വിമാനക്കമ്പനി വിശദീകരണവുമായി രംഗത്തെത്തി. ഭൂപടത്തില്‍ വന്നത് സാങ്കേതികമായ തെറ്റാണെന്നും അത് നേപ്പാള്‍ സര്‍ക്കാരിന്റെയോ എയര്‍ലൈന്‍സിന്റെയോ ഔദ്യോഗിക നിലപാടല്ലെന്നും അവര്‍ വ്യക്തമാക്കി.

ബുധനാഴ്ച എയര്‍ലൈന്‍സിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ച നെറ്റ്വര്‍ക്ക് മാപ്പാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഭൂപടത്തിലെ ഗുരുതരമായ പിശക് ശ്രദ്ധയില്‍പ്പെട്ടതോടെ എക്‌സ് (ട്വിറ്റര്‍), ഫേസ്ബുക്ക് പ്ലാറ്റ്ഫോമുകളില്‍ വന്‍ പ്രതിഷേധം ഇരമ്പി. #BoycottNepalAirlines എന്ന ഹാഷ്ടാഗ് ട്രെന്‍ഡിങ്ങാവുകയും ചെയ്തു. പതിറ്റാണ്ടുകളായി നേപ്പാളിന്റെ സമ്പദ്വ്യവസ്ഥയ്ക്കും വികസനത്തിനും ഇന്ത്യ നല്‍കി വരുന്ന പിന്തുണയെ ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു പലരുടെയും പ്രതികരണങ്ങള്‍. നേപ്പാളിനോട് ഔദ്യോഗികമായി നയതന്ത്ര പ്രതിഷേധം രേഖപ്പെടുത്താന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തോടും വ്യോമയാന മന്ത്രാലയത്തോടും നിരവധി പേര്‍ ആവശ്യപ്പെട്ടു.

വിഷയത്തില്‍ ഭോജ്പുരി നടനും ഗായകനുമായ ഖേസരിലാല്‍ യാദവ് ഉള്‍പ്പെടെയുള്ളവര്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ചു. ഇതൊരു സാധാരണ തെറ്റല്ലെന്നും മനഃപൂര്‍വമായ പ്രകോപനമാണെന്നും അദ്ദേഹം ആരോപിച്ചു. ജമ്മു കശ്മീരിന്റെ കാര്യത്തില്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കാന്‍ നേപ്പാള്‍ എയര്‍ലൈന്‍സിന് എന്താണ് കാരണമെന്നും അദ്ദേഹം എക്‌സിലൂടെ ചോദിച്ചു.

അന്താരാഷ്ട്ര അതിര്‍ത്തികള്‍ രേഖപ്പെടുത്തിയതിലുണ്ടായ പിശകിന് കമ്പനി ആത്മാര്‍ത്ഥമായി ക്ഷമ ചോദിച്ചു. സംഭവത്തെക്കുറിച്ച് ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു. അയല്‍രാജ്യങ്ങളുമായുള്ള ബന്ധത്തെ തങ്ങള്‍ ഏറെ വിലമതിക്കുന്നുവെന്നും പോസ്റ്റ് മൂലമുണ്ടായ വിഷമങ്ങള്‍ക്ക് ഖേദിക്കുന്നുവെന്നും എയര്‍ലൈന്‍സ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കാന്‍ നേപ്പാള്‍ എയര്‍ലൈന്‍സ് പദ്ധതിയിടുന്നതിനിടെയാണ് ഈ വിവാദം ഉണ്ടായിരിക്കുന്നത്. നിലവില്‍ കാഠ്മണ്ഡു-ഡല്‍ഹി റൂട്ടില്‍ ദിവസേന ഒരു സര്‍വീസ് മാത്രമാണുള്ളത്. ഇത് ആഴ്ചയില്‍ പത്തായി ഉയര്‍ത്താനുള്ള നീക്കത്തിലായിരുന്നു കമ്പനി. എന്നാല്‍ ഈ പുതിയ വിവാദം ഇന്ത്യന്‍ വിപണിയിലെ വിമാനക്കമ്പനിയുടെ പ്രതിച്ഛായയെയും ഭാവി പദ്ധതികളെയും എങ്ങനെ ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!