
ന്യൂയോര്‍ക്ക്: ആധുനിക കാലത്ത് ആരോഗ്യ സംബന്ധമായ അറിവുകള്‍ക്കായി ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് ഡോക്ടര്‍മാരെക്കാള്‍ കൂടുതല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെയാണ്. ഇന്‍സ്റ്റാഗ്രാമിലും യൂട്യൂബിലും ഡോക്ടര്‍മാരും ആരോഗ്യ വിദഗ്ധരും പങ്കുവെക്കുന്ന ലളിതമായ നുറുങ്ങുവിദ്യകള്‍ പലപ്പോഴും വലിയ സ്വീകാര്യത നേടാറുണ്ട്. എന്നാല്‍, പ്രൊഫഷണല്‍ ഉപദേശമില്ലാതെ ഇത്തരം വീഡിയോകള്‍ കണ്ട് സ്വയം ചികിത്സ നടത്തുന്നതും സപ്ലിമെന്റുകള്‍ ഉപയോഗിക്കുന്നതും എത്രത്തോളം അപകടകരമാണെന്ന് വ്യക്തമാക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ അമേരിക്കയില്‍ നിന്ന് പുറത്തുവരുന്നത്. സന്ധിവേദനയ്ക്കും ശരീരത്തിലെ വീക്കം കുറയ്ക്കാനുമായി ഇന്‍സ്റ്റാഗ്രാം വീഡിയോ കണ്ട് മഞ്ഞള്‍ സപ്ലിമെന്റുകള്‍ കഴിച്ചുതുടങ്ങിയ കേറ്റി മോഹന്‍ എന്ന 57 വയസുകാരി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ആശുപത്രിയിലായതാണ് ഒടുവിലത്തെ സംഭവം.
മഞ്ഞളിലെ സജീവ ഘടകമായ കുര്‍ക്കുമിന്‍ ആരോഗ്യത്തിന് ഉത്തമമാണെന്ന ധാരണയിലാണ് കേറ്റി ഈ സപ്ലിമെന്റുകള്‍ പതിവാക്കിയത്. എന്നാല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ കഠിനമായ വയറുവേദന, ഓക്കാനം, അമിതമായ തളര്‍ച്ച എന്നിവ അവരെ വേട്ടയാടിത്തുടങ്ങി. പരിശോധനയില്‍ മഞ്ഞളിലെ കുര്‍ക്കുമിന്‍ ശരീരത്തില്‍ അമിതമായ അളവില്‍ എത്തിയത് കരളിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചുവെന്നും കരള്‍ എന്‍സൈമുകളുടെ അളവ് അപകടകരമാംവിധം വര്‍ധിച്ചുവെന്നും കണ്ടെത്തി. ശുദ്ധമായ വെള്ളം ധാരാളമായി കുടിച്ചിട്ടും മൂത്രം ഇരുണ്ട നിറത്തില്‍ കാണപ്പെട്ടത് കരളിനേറ്റ ആഘാതത്തിന്റെ ലക്ഷണമായിരുന്നു. നിരുപദ്രവകാരിയെന്ന് നമ്മള്‍ കരുതുന്ന മഞ്ഞള്‍ പോലും ശാസ്ത്രീയമായ അളവിലല്ലാതെ ഉപയോഗിച്ചാല്‍ ശരീരത്തിന് വിഷമായി മാറുമെന്ന യാഥാര്‍ത്ഥ്യമാണ് ഇവിടെ തെളിയുന്നത്.
പ്രകൃതിദത്തമായ ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ള മഞ്ഞള്‍ നൂറ്റാണ്ടുകളായി നമ്മുടെ പാചകരീതിയുടെ ഭാഗമാണ്. ഭക്ഷണത്തില്‍ ചേര്‍ത്തോ പാലില്‍ കലര്‍ത്തിയോ കഴിക്കുന്ന മിതമായ അളവ് പൊതുവേ സുരക്ഷിതമാണെങ്കിലും, ഗുളികകളുടെയോ സപ്ലിമെന്റുകളുടെയോ രൂപത്തില്‍ ഉയര്‍ന്ന ഡോസുകള്‍ സ്വീകരിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ മുതല്‍ ഗുരുതരമായ അവയവ സ്തംഭനത്തിന് വരെ കാരണമായേക്കാം. പ്രത്യേകിച്ച് ഒഴിഞ്ഞ വയറ്റില്‍ സപ്ലിമെന്റുകള്‍ കഴിക്കുന്നത് ദഹനനാളത്തെ പ്രകോപിപ്പിക്കുകയും വയറിളക്കം, ദഹനക്കേട് എന്നിവയിലേക്ക് നയിക്കുകയും ചെയ്യും. ഇതിനുപുറമെ, മഞ്ഞളിലടങ്ങിയിരിക്കുന്ന ഓക്സലേറ്റുകള്‍ ശരീരത്തിലെ കാല്‍സ്യവുമായി ചേര്‍ന്ന് വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു എന്നത് പലരും തിരിച്ചറിയാത്ത വസ്തുതയാണ്.
മഞ്ഞളിന്റെ അമിത ഉപയോഗം വിളര്‍ച്ചയ്ക്കും തലവേദനയ്ക്കും കാരണമാകാറുണ്ട്. ഉയര്‍ന്ന അളവില്‍ കുര്‍ക്കുമിന്‍ ശരീരത്തിലെത്തുന്നത് ആഹാരത്തില്‍ നിന്നുള്ള ഇരുമ്പിന്റെ ആഗിരണത്തെ തടസ്സപ്പെടുത്തുന്നു. ഇത് ആര്‍ത്തവമുള്ള സ്ത്രീകള്‍ക്കിടയിലും സസ്യാഹാരം മാത്രം കഴിക്കുന്നവരിലും കടുത്ത അനീമിയയ്ക്ക് വഴിവെക്കും. ഇതിനു പുറമെ മൈഗ്രെയ്ന്‍ പോലുള്ള തലവേദനയും തലകറക്കവും ചിലരില്‍ അലര്‍ജി ലക്ഷണങ്ങളും കാണപ്പെടാറുണ്ട്. കരളിനും പിത്താശയത്തിനും പ്രശ്‌നങ്ങളുള്ളവരോ രക്തം കട്ടപിടിക്കാതിരിക്കാന്‍ മരുന്ന് കഴിക്കുന്നവരോ ഡോക്ടറുടെ കര്‍ശന നിര്‍ദ്ദേശമില്ലാതെ ഇത്തരം സപ്ലിമെന്റുകള്‍ തൊടുകപോലും ചെയ്യരുത്.
ദിവസവും അര മുതല്‍ ഒരു ടീസ്പൂണ്‍ വരെ മഞ്ഞള്‍ ഭക്ഷണത്തില്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. എന്നാല്‍ സപ്ലിമെന്റുകള്‍ ഒരു ചികിത്സാരീതിയായി സ്വീകരിക്കുമ്പോള്‍ അത് വിദഗ്ധനായ ഒരു ഡോക്ടറുടെ മേല്‍നോട്ടത്തില്‍ മാത്രമായിരിക്കണം. ഓണ്‍ലൈന്‍ ലോകത്തെ വിവരങ്ങള്‍ പ്രാഥമിക അറിവിനായി ഉപയോഗിക്കാമെങ്കിലും, സ്വന്തം ശരീരത്തില്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിന് മുന്‍പ് വൈദ്യോപദേശം തേടേണ്ടത് അത്യന്താപേക്ഷിതമാണ്. സോഷ്യല്‍ മീഡിയയിലെ താല്‍ക്കാലിക ട്രെന്‍ഡുകള്‍ക്ക് പിന്നാലെ പോകുമ്പോള്‍ സ്വന്തം ജീവന്‍ അപകടത്തിലാകില്ലെന്ന് ഉറപ്പുവരുത്താന്‍ ഓരോരുത്തരും ജാഗ്രത പാലിക്കണം.
