BoolokamBoolokam

ഇരുട്ടിലായി ഉദ്യോഗസ്ഥര്‍; കെഎസ്ഇബി ഓഫീസുകളില്‍ ജനരോഷം ഇരമ്പുന്നു; സുരക്ഷ തേടി ബോര്‍ഡ് പൊലീസിലേക്ക്

കൊച്ചി: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ജനജീവിതം ദുസ്സഹമാക്കിയതോടെ കെഎസ്ഇബി ഓഫീസുകള്‍ പ്രതിഷേധക്കടലായി മാറുന്നു. രാത്രികാലങ്ങളില്‍ വൈദ്യുതി മുടങ്ങുന്നതിനെത്തുടര്‍ന്ന് നാട്ടുകാര്‍ കൂട്ടത്തോടെ ഓഫീസുകളിലെത്തി ജീവനക്കാരെ തടയുന്നതും അസഭ്യം പറയുന്നതും പതിവായതോടെ ജീവനില്‍ ഭയന്ന് ഉദ്യോഗസ്ഥര്‍ പോലീസിന്റെ സഹായം തേടി. ആലുവ വെസ്റ്റ് ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയറാണ് ജീവനക്കാരുടെയും ഓഫീസിന്റെയും സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കത്ത് നല്‍കിയത്.

സാങ്കേതിക പ്രശ്‌നങ്ങളാല്‍ വൈദ്യുതി മുടങ്ങുമ്പോള്‍ നിയന്ത്രണം വിട്ട ജനക്കൂട്ടം ഓഫീസിലേക്ക് ഇരച്ചുകയറുന്നതായും ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതായും പരാതിയില്‍ പറയുന്നു. ആലുവയില്‍ മാത്രമല്ല, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്. തൃശൂര്‍ എരുമപ്പെട്ടിയില്‍ തിങ്കളാഴ്ച അര്‍ദ്ധരാത്രി തുടങ്ങിയ പ്രതിഷേധം പുലര്‍ച്ചെ രണ്ടര വരെ നീണ്ടു. കോഴിക്കോട് പന്നിയങ്കരയിലും നാദാപുരം സബ്‌സ്റ്റേഷനിലും മെഴുകുതിരി കത്തിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധവുമായി എത്തിയത് ഉദ്യോഗസ്ഥരെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി.

അതേസമയം, പ്രഖ്യാപിച്ച ലോഡ് ഷെഡിംഗ് അധികനാള്‍ നീണ്ടുനില്‍ക്കില്ലെന്ന ശുഭവാര്‍ത്തയും കെഎസ്ഇബി പങ്കുവെക്കുന്നുണ്ട്. അറ്റകുറ്റപ്പണി മൂലം തടസ്സപ്പെട്ടിരുന്ന കൂടംകുളം നിലയത്തില്‍ നിന്നുള്ള 200 മെഗാവാട്ട് വൈദ്യുതി വീണ്ടും ലഭ്യമായി തുടങ്ങിയത് വലിയ ആശ്വാസമാണ്. പവര്‍ എക്‌സ്‌ചേഞ്ച് വഴി 150 മെഗാവാട്ട് വൈദ്യുതി നിലവില്‍ ലഭിക്കുന്നുണ്ട്. അധികമായി അപേക്ഷിച്ച 250 മെഗാവാട്ട് കൂടി എത്തുന്നതോടെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് ബോര്‍ഡിന്റെ കണക്കുകൂട്ടല്‍.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!