
വാഷിംഗ്ടണ്‍: ഇറാന്‍-അമേരിക്ക സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ വിനോദസഞ്ചാരത്തിന് ഏറെ പേരുകേട്ട അസര്‍ബൈജാനിലേക്ക് പോകുന്ന അമേരിക്കന്‍ പൗരന്മാര്‍ക്ക് കടുത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. ഇറാനുമായുള്ള യുദ്ധം അയല്‍രാജ്യങ്ങളിലേക്കും വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.
നിലവില്‍ അസര്‍ബൈജാനെ 'ലെവല്‍ 3' (യാത്ര പുനര്‍ചിന്തിക്കുക) പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ 28-ന് പുറപ്പെടുവിച്ച പുതിയ യാത്രാ നിര്‍ദ്ദേശത്തില്‍ സുരക്ഷാ ഭീഷണികളെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ അസര്‍ബൈജാന്‍ അതിര്‍ത്തികളിലേക്ക് വ്യാപിക്കുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
ഇറാനില്‍ നിന്നുള്ള സൈനിക നീക്കങ്ങള്‍ അസര്‍ബൈജാന്റെ തെക്കന്‍ അതിര്‍ത്തി മേഖലകളെ അപകടത്തിലാക്കിയിരിക്കുകയാണ്. സായുധ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നതിനാല്‍ തെക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലേക്കുള്ള യാത്ര പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദ്ദേശിച്ചു. ഇറാനില്‍ നിന്നുള്ള ഏക യാത്രാമാര്‍ഗ്ഗമാണെങ്കില്‍ മാത്രമേ ഈ പ്രദേശം ഉപയോഗിക്കാവൂ.
ഭീകരാക്രമണ ഭീഷണിയാണ് മറ്റൊരു പ്രധാന വെല്ലുവിളി. മുന്നറിയിപ്പില്ലാതെ ജനക്കൂട്ടത്തെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ നടന്നേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കത്തികള്‍, തോക്കുകള്‍, വാഹനങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള ലളിതമായ ആക്രമണ രീതികളാണ് ഭീകരര്‍ പിന്തുടരുന്നതെന്നും സുരക്ഷിതമല്ലാത്ത ഇടങ്ങള്‍ ഇവര്‍ ലക്ഷ്യം വയ്ക്കുന്നതായും മുന്നറിയിപ്പിലുണ്ട്.
അര്‍മേനിയന്‍ അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ അടയാളപ്പെടുത്താത്ത കുഴിബോംബുകള്‍ വലിയ ഭീഷണിയുയര്‍ത്തുന്നു. അഗ്ദാം, ഫുസൂലി, ജബ്രയില്‍, ലാച്ചിന്‍ തുടങ്ങി പന്ത്രണ്ടോളം പ്രദേശങ്ങളില്‍ സ്‌ഫോടകവസ്തുക്കളുടെ സാന്നിധ്യമുണ്ടെന്നും ഇവ എവിടെയാണെന്ന് തിരിച്ചറിയാന്‍ പ്രയാസമാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
അസര്‍ബൈജാനിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും അമേരിക്കന്‍ ഭരണകൂടം ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും എതിരെയുള്ള അടിച്ചമര്‍ത്തലുകള്‍, ഏകപക്ഷീയമായ അറസ്റ്റുകള്‍, തടവുകാരോടുള്ള മോശം പെരുമാറ്റം എന്നിവ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്നതായാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിലയിരുത്തുന്നത്.
കഴിഞ്ഞ മാര്‍ച്ചില്‍ ഇറാനില്‍ നിന്നുള്ള ഡ്രോണുകള്‍ അസര്‍ബൈജാനിലെ നഖ്ചിവാനില്‍ സ്‌കൂളിന് സമീപവും വിമാനത്താവളത്തിലും പതിച്ചിരുന്നു. ഈ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും വിമാനത്താവളത്തിന്റെ ടെര്‍മിനലിന് നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. ഇറാന്‍-അമേരിക്ക സംഘര്‍ഷം എത്രത്തോളം അപകടകരമായി വളരുന്നു എന്നതിന്റെ തെളിവായിരുന്നു ഈ സംഭവം.
ഇസ്രായേലുമായി അടുത്ത സുരക്ഷാബന്ധം പുലര്‍ത്തുന്ന അസര്‍ബൈജാനെ ഇറാന്‍ കടുത്ത സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവ് ആരോപിച്ചു. ഇതിന് തക്കതായ തിരിച്ചടി നല്‍കുമെന്നും തങ്ങളുടെ ശക്തി പരീക്ഷിക്കാന്‍ ആരും വരേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
എന്നാല്‍ ഈ ആരോപണങ്ങള്‍ ഇറാന്‍ നിഷേധിച്ചു. ഇസ്രായേല്‍ ബോധപൂര്‍വം പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഇറാന്റെ വാദം. അസര്‍ബൈജാനും ഇറാനും തമ്മിലുള്ള ബന്ധം വഷളാക്കാന്‍ മൂന്നാം കക്ഷികള്‍ ശ്രമിക്കുന്നുണ്ടെന്നും ഇറാന്റെ സൈനിക വക്താക്കള്‍ പ്രസ്താവനയില്‍ അറിയിച്ചു.
സംഘര്‍ഷം നിലനില്‍ക്കുന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ കുടുങ്ങുന്ന വിനോദസഞ്ചാരികള്‍ക്ക് അടിയന്തര സഹായം എത്തിക്കാന്‍ അമേരിക്കന്‍ എംബസിക്ക് പരിമിതികളുണ്ടാകുമെന്നും ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കുന്നു. അസര്‍ബൈജാന്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതിയില്ലാതെ എംബസി ഉദ്യോഗസ്ഥര്‍ക്ക് ഇത്തരം മേഖലകളില്‍ പ്രവേശിക്കാന്‍ സാധിക്കില്ല എന്നതാണ് ഇതിന് കാരണം.
