BoolokamBoolokam

ഇറാന്‍ യുദ്ധം വളത്തിന്റെ വിതരണം തടസ്സപ്പെടുത്തും; ഇത് ആഗോളതലത്തില്‍ പ്രതിവാരം 10 ബില്യന്‍ പ്ലേറ്റ് ഭക്ഷണം കുറയുന്നതിനിടയാക്കുമെന്നും മുന്നറിയിപ്പ്; ഇറാന്‍ യുദ്ധം ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട ഭക്ഷണ പദാര്‍ത്ഥങ്ങളെയും പ്രതികൂലമായി ബാധിക്കും; മദ്ധ്യപൂര്‍വ്വേഷ്യയിലെ സംഘര്‍ഷം ലോകത്തെ പട്ടിണിയിലാഴ്ത്തുമോ?

ലണ്ടന്‍: വളങ്ങളുടെയും അവയുടെ ചില പ്രധാന ചേരുവകളുടെയും വിതരണത്തില്‍ മദ്ധ്യപൂര്‍വ്വേഷ്യയില്‍ സംഘര്‍ഷം പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുന്നതോടെ ആഗോള തലത്തില്‍ പ്രതിവാരം 10 ബില്യന്‍ പ്ലേറ്റ് ഭക്ഷണങ്ങളുടെ ലഭ്യത ഇല്ലാതെയാകുമെന്ന് റിപ്പോര്‍ട്ട്. ഏറ്റവും ദരിദ്രമായ രാജ്യങ്ങളെയായിരിക്കും ഇത് കൂടുതല്‍ ബാധിക്കുക എന്നും ലോകത്തിലെ ഏറ്റവും വലിയ വളം നിര്‍മ്മാതാക്കളില്‍ ഒന്നിന്റെ സി ഇ ഒ പറയുന്നു. ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള ഗതാഗതം തടസ്സപ്പെടുത്തിയ ഇറാന്‍ യുദ്ധം ആഗോള ഭക്ഷ്യവസ്തു ഉദ്പാദനത്തെ തളര്‍ത്തുകയാണെന്നാണ് യാരായുടെ ചീഫ് എക്‌സിക്യൂട്ടീവ് സ്വീന്‍ ടോള്‍ ഹോള്‍സെതെര്‍ ബി ബി സിയോട് പറഞ്ഞത്.

വളങ്ങളുടെ ഉപയോഗം പരിമിതപ്പെടുന്നത് സ്വാഭാവികമായും വിളകളുടെ ഉദ്പാദനവും കുറയ്ക്കും. ഇത് ഒരു ഭക്ഷ്യ ക്ഷാമത്തിനു വരെ കാരണമായേക്കാം എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ഉദ്പാദനക്കുറവ് മൂലമുണ്ടാകുന്ന വിലക്കയറ്റം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളെ എങ്ങനെ ബാധിക്കും എന്നത് പരിശോധിക്കണമെന്നും അദ്ദേഹം യൂറോപ്യന്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ബ്രിട്ടനില്‍ ഭക്ഷ്യ ക്ഷാമം ഉണ്ടാകാനുള്ള സാധ്യത തുലോം വിരളമാണെങ്കിലും, വിലക്കയറ്റം അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ചെലവ് താങ്ങാവുന്നതിലും അപ്പുറമായി വര്‍ദ്ധിച്ചേക്കാം.

നിലവിലെ യുദ്ധ സാഹചര്യത്തില്‍ ഇതുവരെ അഞ്ച് ലക്ഷം ടണ്ണോളം നൈട്രജന്‍ വളങ്ങളാണ് ഉദ്പാദിപ്പിക്കാതെ പോയതെന്ന് ഹോള്‍സെതെര്‍ പറയുന്നു. ഇത് വളത്തിന്റെ ലഭ്യതയും ഉപയോഗവും പരിമിതപ്പെടുത്തും. തത്ഫലമായി വിളകളും കുറയും. ആദ്യ സീസണില്‍ നൈട്രജന്‍ വളങ്ങള്‍ ഉപയോഗിക്കാതിരുന്നാല്‍ വിള 50 ശതമാനത്തോളം കുറയുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ആഗോള തലത്തില്‍ തന്നെ വ്യാപിച്ചു കിടക്കുന്നതാണ് വളങ്ങളുടെ വിപണിയെങ്കിലും, പ്രധാനമായും ഏഷ്യ, തെക്ക് കിഴക്കന്‍ ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക ഭൂഖണ്ഡങ്ങളിലാണ് വളങ്ങള്‍ ഉപയോഗിക്കപ്പെടുന്നത് എന്നതിനാല്‍ ഇതിന്റെ പ്രത്യാഘാതം ആദ്യം ദൃശ്യമാവുക അവിടങ്ങളിലായിരിക്കുമെന്നും അദ്ദേഹം പറയുന്നു.

ഇപ്പോള്‍ തന്നെ വളങ്ങള്‍ക്ക് കടുത്ത ക്ഷാമം അനുഭവിക്കുന്ന സബ് സഹാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ പോലുള്ളവയില്‍ വരാന്‍ പോകുന്ന വള ക്ഷാമം കൂടുതല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളായിരിക്കും സൃഷ്ടിക്കുക. അതേസമയം, വളങ്ങളുടെ ക്ഷാമം ഏഷ്യന്‍ ഭക്ഷ്യ വിപണിയിലെ വിലകളില്‍ ഈവര്‍ഷം അവസാനം വരെ പ്രതിഫലിക്കില്ലെന്നും അദ്ദേഹം പറയുന്നു. യു കെയില്‍ വള ക്ഷാമത്തിന്റെ പ്രത്യാഘാതം അനുഭവപ്പെടുക കൊയ്ത്തിനു ശേഷമുള്ള ജൂലായ് ഒക്ടോബര്‍ കാലത്തായിരിക്കും. പ്രധാനമായും ഗോതമ്പിനെയായിരിക്കും ഇത് ബാധിക്കുക.

അതേസമയം, അമേരിക്കയില്‍ ചോളം, സോയ എന്നി വിളകളെയായിരിക്കും വളക്ഷാമം പ്രധാനമായും ബാധിക്കുക. ഇന്ത്യയില്‍ ഒക്ടോബര്‍ മുതലായിരിക്കും ഇതിന്റെ പ്രത്യാഘാതം അനുഭവവേദ്യമാകുക എന്നും അദ്ദേഹം പറയുന്നു. നെല്ല്, പച്ചക്കറികള്‍ എന്നിവയെയായിരിക്കും ഇത് പ്രധാനമായും ബാധിക്കുക.

ബ്രിട്ടീഷുകാരുടെ പ്രിയ വിഭവങ്ങള്‍ക്ക് എന്ത് സംഭവിക്കും ?

ഇറാന്‍ യുദ്ധം ഒന്നിലധികം വഴികളില്‍ ബ്രിട്ടനെ ബാധിക്കും എന്നാണ് വിവിധ രംഗങ്ങളിലെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഊര്‍ജ്ജ വിലയും ഇന്ധനവിലയും വര്‍ദ്ധിക്കും എന്നതിനോടൊപ്പം പണപ്പെരുപ്പ നിരക്ക് വര്‍ദ്ധിക്കാനും ഇടയുണ്ടെന്ന് അവര്‍ പറയുന്നു. അതിനേക്കാള്‍ ഉപരി ബ്രിട്ടനില്‍ ഭക്ഷണപദാര്‍ത്ഥങ്ങളുടെ വിലയില്‍ ഉണ്ടാകുന്ന വര്‍ദ്ധനവായിരിക്കും പൊതുജനങ്ങളെ ഏറെ വലയ്ക്കുക. ബ്രിട്ടീഷുകാരുടെ പ്രിയ വിഭവമായ ചിപ്‌സിന്റെ വിലയെയായിരിക്കും ഇത് ഏറെ ബാധിക്കുക.

എന്നാല്‍, അടുത്ത വര്‍ഷം തുടങ്ങുന്നതുവരെ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ ഇടയില്ല എന്നാണ് ഉരുളക്കിഴങ്ങ് കൃഷിക്കാര്‍ പറയുന്നത്. ഈ മേഖലയുടെ പ്രവര്‍ത്തന രീതി കാരണം തന്നെ യുദ്ധവുമായി ബന്ധപ്പെട്ടുള്ള വിലക്കയറ്റം ഈ വര്‍ഷം അവസാനം വരെ തടഞ്ഞ് നിര്‍ത്താന്‍ കഴിയും എന്നാണ് ജി ബി പൊട്ടാറ്റോസ് ചീഫ് എക്‌സിക്യൂട്ടീവ് സ്‌കോട്ട് വാക്കര്‍ പറയുന്നത്. എന്നാല്‍, അടുത്ത വര്‍ഷത്തോടെ വില വര്‍ദ്ധനവ് പിടിച്ചു നിര്‍ത്താന്‍ കഴിയാതെ വരുമെന്നും അദ്ദേഹം പറയുന്നു.

മദ്ധ്യപൂര്‍വ്വേഷ്യയില്‍ യുദ്ധം അവസാനിച്ചാലും പിന്നെയും എട്ട് മാസക്കാലത്തോളം യുദ്ധഫലമായുണ്ടായ വില വര്‍ദ്ധനവ് തുടരുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തിലാണ് സ്‌കോട്ടിന്റെ വിശദീകരണം എത്തിയത്. അതേസമയം, ഫിഷ്, ചിപ് ചോപ് മേഖലകളില്‍ യുദ്ധഭീഷണി ഉടനടി പ്രതിഫലിക്കും. ഊര്‍ജ്ജ നിരക്ക്, പാചക എണ്ണ വില, മത്സ്യവില എന്നിവയില്‍ ഇതിനോടകം തന്നെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇത് ഉത്പന്ന വിലയില്‍ പ്രതിഫലിക്കും. നിലവില്‍, ചില്ലറ വില്പന മേഖലയില്‍ ഷോപ്പുകള്‍ അടച്ചുപോകുന്ന പ്രവണത കൂടി പരിഗണിച്ചാല്‍, ഈ മേഖലയിലും കടകള്‍ അടയ്ക്കുന്നതില്‍ ഈ വില വര്‍ദ്ധനവ് കാരണമാകുമോ എന്ന ആശങ്കയാണ് നാഷണല്‍ ഫിഷ് ഫ്രയേഴ്‌സ് ഫെഡറേഷന്‍ പങ്കുവയ്ക്കുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇറാന്‍ യുദ്ധം വളത്തിന്റെ വിതരണം തടസ്സപ്പെടുത്തും; ഇത് ആഗോളതലത്തില്‍ പ്രതിവാരം 10 ബില്യന്‍ പ്ലേറ്റ് ഭക്ഷണം കുറയുന്നതിനിടയാക്കുമെന്നും മുന്നറിയിപ്പ്; ഇറാന്‍ യുദ്ധം ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട ഭക്ഷണ പദാര്‍ത്ഥങ്ങളെയും പ്രതികൂലമായി ബാധിക്കും; മദ്ധ്യപൂര്‍വ്വേഷ്യയിലെ സംഘര്‍ഷം ലോകത്തെ പട്ടിണിയിലാഴ്ത്തുമോ? - Marunadan Malayali | Boolokam