
ഇസ്ലാമാബാദ്: യുഎസ് പ്രതിനിധികളുടെ സന്ദര്‍ശനത്തിന് മുന്നോടിയായി പാക്കിസ്ഥാനില്‍ നിന്നു മടങ്ങിയ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വീണ്ടും ഇസ്ലാമാബാദിലെത്തുന്നു. ഒമാനിലേക്ക് പോയ മന്ത്രിയും സംഘവും റഷ്യന്‍ സന്ദര്‍ശനത്തിന് മുന്‍പായി പാക്കിസ്ഥാനിലേക്ക് മടങ്ങിയെത്തുമെന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ അറിയിച്ചു.
യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച നിര്‍ണായക ചര്‍ച്ചകള്‍ക്കായി ടെഹ്റാനിലേക്ക് മടങ്ങിയ പ്രതിനിധി സംഘത്തിലെ ഒരു വിഭാഗവും ഞായറാഴ്ച രാത്രിയോടെ അരാഗ്ചിക്കൊപ്പം ചേരും. അതേസമയം, ഇറാന്‍ നേരിട്ടുള്ള ചര്‍ച്ചയ്ക്ക് വിമുഖത കാട്ടിയതോടെ പാക്കിസ്ഥാനിലേക്കുള്ള യുഎസ് പ്രതിനിധികളുടെ യാത്ര പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റദ്ദാക്കിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മധ്യസ്ഥ രാജ്യമായ പാക്കിസ്ഥാനില്‍ അരാഗ്ചി എത്തിയത്. പാക് സേനാമേധാവി ജനറല്‍ അസിം മുനീര്‍, പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്, വിദേശകാര്യമന്ത്രി ഇഷാഖ് ദര്‍ എന്നിവരുമായി അദ്ദേഹം വിശദമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. വെടിനിര്‍ത്തല്‍ കാര്യത്തിലുള്ള ഇറാന്റെ നിലപാട് അദ്ദേഹം പാക്കിസ്ഥാനെ ധരിപ്പിച്ചു.
ട്രംപിന്റെ പശ്ചിമേഷ്യാ ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ്, മരുമകന്‍ ജാരദ് കഷ്‌നര്‍ എന്നിവര്‍ പാക്കിസ്ഥാനിലെത്തി ഇറാന്‍ സംഘവുമായി ചര്‍ച്ച നടത്തുമെന്നായിരുന്നു വൈറ്റ് ഹൗസ് അറിയിച്ചിരുന്നത്. എന്നാല്‍, അമേരിക്കയുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍ നിലപാടെടുത്തതോടെ ട്രംപ് യാത്ര റദ്ദാക്കുകയായിരുന്നു. ഇറാന്‍ പ്രതിനിധികള്‍ക്ക് ചര്‍ച്ച വേണമെന്നുണ്ടെങ്കില്‍ എപ്പോള്‍ വേണമെങ്കിലും യുഎസിനെ വിളിക്കാമെന്ന് ട്രംപ് 'ട്രൂത്ത് സോഷ്യലില്‍' കുറിച്ചു.
ഇറാന്‍ സംഘം വീണ്ടും പാക്കിസ്ഥാനിലെത്തുന്നത് സമാധാന ശ്രമങ്ങളില്‍ പുതിയ പ്രതീക്ഷകള്‍ നല്‍കുന്നുണ്ടെങ്കിലും യുഎസുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്ക് സാധ്യത കുറവാണെന്നാണ് പാക് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ചര്‍ച്ചകളുടെ ഭാഗമായി ഇസ്ലാമാബാദില്‍ ഏര്‍പ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങളില്‍ അധികൃതര്‍ ഇളവ് വരുത്തിയിട്ടുണ്ട്.
