BoolokamBoolokam

ഇസ്ലമബാദില്‍ പെട്രോള്‍ ഒരു ലിറ്ററിന് 458.41 രൂപ; ഡല്‍ഹിയില്‍ 94.77 രൂപയും; പാക്കിസ്ഥാനില്‍ ഇന്ധന ശേഖരമുള്ളത് വെറും ഏഴ് ദിവസത്തേയ്ക്ക് മാത്രം; ഇന്ത്യയെ കണ്ട് പഠിക്കൂ! തുറന്നു സമ്മതിച്ച് പാക് മന്ത്രി

ഇസ്ലമാബാദ്: ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ പാകിസ്ഥാന്‍ നേരിടുന്ന കടുത്ത ഊര്‍ജ്ജ പ്രതിസന്ധി വെളിപ്പെടുത്തി പാക്ക് പെട്രോളിയം മന്ത്രി അലി പര്‍വേസ് മാലിക്. ആഗോള ക്രൂഡ് ഓയില്‍ വില കുതിച്ചുയരവേ ഇന്ത്യയെപ്പോലെ തങ്ങള്‍ക്ക് തന്ത്രപ്രധാനമായ എണ്ണ ശേഖരമില്ലെന്നാണ് പാക്ക് മന്ത്രി പറയുന്നത്. പാക്കിസ്ഥാന്റെയും ഇന്ത്യയുടെയും സാമ്പത്തിക നയങ്ങള്‍ തമ്മിലുള്ള താരതമ്യം അന്തര്‍ദേശിയ തലത്തില്‍ വലിയ ചര്‍ച്ചയ്ക്കാണ് വഴിവച്ചിരിക്കുന്നത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 126 ഡോളറിലേക്ക് എത്തിയതോടെ, തങ്ങളുടെ പക്കല്‍ മതിയായ എണ്ണ ശേഖരമില്ലെന്ന തുറന്നുപറച്ചിലുമായാണ് പാക് പെട്രോളിയം മന്ത്രി അലി പര്‍വേസ് മാലിക് രംഗത്തെത്തിയത്. ഇന്ത്യയെപ്പോലെ ദീര്‍ഘവീക്ഷണത്തോടെയുള്ള തന്ത്രപ്രധാനമായ എണ്ണ ശേഖരം (Strategic Petroleum Reserve) പാകിസ്ഥാന് ഇല്ലാത്തത് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം സമ്മതിക്കുന്നു.

നിലവില്‍ പാകിസ്ഥാന്റെ പക്കല്‍ കേവലം ഏഴ് ദിവസത്തേക്കുള്ള വാണിജ്യ കരുതല്‍ ശേഖരം മാത്രമാണുള്ളത്. എന്നാല്‍ അയല്‍രാജ്യമായ ഇന്ത്യയാകട്ടെ, ഏകദേശം 70 ദിവസത്തോളം പ്രതിസന്ധികളെ അതിജീവിക്കാന്‍ ശേഷിയുള്ള ഭീമമായ എണ്ണ ശേഖരമാണ് സൂക്ഷിച്ചിരിക്കുന്നത്. 600 ബില്യണ്‍ ഡോളറിലധികം വരുന്ന വിദേശനാണ്യ കരുതല്‍ ശേഖരത്തിന് പുറമെ, തന്ത്രപ്രധാനമായ എണ്ണ സംഭരണ കേന്ദ്രങ്ങള്‍ ഇന്ത്യ നിര്‍മ്മിച്ചിട്ടുള്ളത് ആഗോള വിപണിയിലെ വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ ഇന്ത്യയെ സഹായിക്കുന്നു. എണ്ണവില കുതിച്ചുയരുമ്പോള്‍ നികുതി കുറച്ചും വിപണിയില്‍ ഇടപെട്ടും ജനങ്ങളെ സംരക്ഷിക്കാന്‍ ഇന്ത്യക്ക് കഴിയുന്നത് ഈ ദീര്‍ഘവീക്ഷണം കൊണ്ടാണെന്നും പാക് മന്ത്രി ചൂണ്ടിക്കാട്ടി.

.'നമ്മുടെ പക്കല്‍ വാണിജ്യ കരുതല്‍ ശേഖരം മാത്രമേയുള്ളൂ. ഏഴുദിവസത്തേക്കുള്ള ക്രൂഡ് ഓയില്‍ മാത്രമാണ് പാകിസ്ഥാനില്‍ ശേഷിക്കുന്നത്. അതേസമയം, ഇന്ത്യയുടെ പക്കല്‍ 70 ദിവസത്തേയ്ക്ക് വരെയുള്ള കരുതല്‍ ശേഖരമുണ്ട്. ഇന്ത്യയുടെ കൈവശം 600 അറബ് ഡോളറിന്റെ കരുതല്‍ ശേഖരം മാത്രമല്ല, തന്ത്രപരമായ കരുതല്‍ ശേഖരവും അവര്‍ നിലനിര്‍ത്തുന്നു. ഇത് ഇന്ത്യയെ പ്രതിസന്ധി പരിഹരിക്കാന്‍ സഹായിക്കുന്നു. എണ്ണവില കുതിച്ചുയരുന്നതിനനുസരിച്ച് നികുതി കുറയ്ക്കുന്നതുള്‍പ്പെടെ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ഇന്ത്യക്ക് കഴിയും.ഡീസല്‍ വില നാലിരട്ടി വരെ വര്‍ദ്ധിച്ചതോടെ ഡീസലിന്റെ ലെവി പൂജ്യമാക്കി കുറയ്ക്കാനും മുഴുവന്‍ ഉപഭോഗവും പെട്രോളിലേക്ക് മാറ്റാനും ആലോചനയുണ്ട്. മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ക്ക് സബ്സിഡി നല്‍കാനും തീരുമാനമായി'- മന്ത്രി വ്യക്തമാക്കി.

പാകിസ്ഥാനില്‍ ഇന്ധനവിലയിലുണ്ടായ അനിയന്ത്രിതമായ വര്‍ദ്ധനവ് ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. രാജ്യത്ത് ഇന്ധനവിലയില്‍ 42.7 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ലിറ്ററിന് 321.17 രൂപയായിരുന്ന ഇന്ധനവില ഒറ്റയടിക്ക് 458.41 രൂപയിലേക്ക് ഉയര്‍ന്നത് രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. ജനരോഷം തണുപ്പിക്കാനായി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പെട്രോള്‍ വിലയില്‍ ലിറ്ററിന് 80 രൂപ കുറച്ച് 378 രൂപയിലേക്ക് എത്തിച്ചെങ്കിലും ഇത് സമ്പദ്വ്യവസ്ഥയ്ക്ക് വലിയ ബാധ്യതയാകുന്നുണ്ട്. ഡീസല്‍ വില നാലിരട്ടിയോളം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഡീസല്‍ ലെവി പൂര്‍ണ്ണമായും ഒഴിവാക്കി ഉപഭോഗം പെട്രോളിലേക്ക് മാറ്റുന്നതിനെക്കുറിച്ചും സാധാരണക്കാരായ മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ക്ക് സബ്സിഡി നല്‍കുന്നതിനെക്കുറിച്ചും പാക് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

പാകിസ്ഥാന്‍ അതിരൂക്ഷമായ വിലക്കയറ്റത്തിലൂടെ കടന്നുപോകുമ്പോഴും ഇന്ത്യയിലെ ഇന്ധനവില താരതമ്യേന സ്ഥിരതയാര്‍ന്ന നിലയിലാണ് തുടരുന്നത്. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 94.77 രൂപയും ഡീസലിന് 87.67 രൂപയുമാണ് നിലവിലെ നിരക്ക്. വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ സാധാരണക്കാരെ നേരിട്ട് ബാധിക്കാത്ത രീതിയില്‍ തന്ത്രപരമായ കരുതല്‍ ശേഖരം ഉപയോഗിച്ച് വില നിയന്ത്രിക്കാന്‍ ഇന്ത്യക്ക് സാധിക്കുന്നു. അടിയന്തര സാഹചര്യങ്ങള്‍ക്കായി വന്‍തോതില്‍ എണ്ണ സംഭരിച്ചുവെക്കാനുള്ള സംവിധാനങ്ങള്‍ ഇന്ത്യ നേരത്തെ തന്നെ ഒരുക്കിയിരുന്നു. പാകിസ്ഥാനിലാകട്ടെ, ഓരോ ആഴ്ചയും എണ്ണ ഇറക്കുമതിയെ ആശ്രയിക്കേണ്ടി വരുന്നത് ആഗോള രാഷ്ട്രീയത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും രാജ്യത്തെ സാമ്പത്തികമായി തകര്‍ക്കുന്ന അവസ്ഥയിലേക്കാണ് എത്തിച്ചിരിക്കുന്നത്. പാക് മന്ത്രിയുടെ ഈ വെളിപ്പെടുത്തല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ഭദ്രതയിലെ വലിയ വ്യത്യാസമാണ് തുറന്നുകാട്ടുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇസ്ലമബാദില്‍ പെട്രോള്‍ ഒരു ലിറ്ററിന് 458.41 രൂപ; ഡല്‍ഹിയില്‍ 94.77 രൂപയും; പാക്കിസ്ഥാനില്‍ ഇന്ധന ശേഖരമുള്ളത് വെറും ഏഴ് ദിവസത്തേയ്ക്ക് മാത്രം; ഇന്ത്യയെ കണ്ട് പഠിക്കൂ! തുറന്നു സമ്മതിച്ച് പാക് മന്ത്രി - Marunadan Malayali | Boolokam