BoolokamBoolokam

എഎപി വിട്ട് ബിജെപിയിലെത്തി; പിന്നാലെ സന്ദീപ് പഥക്കിനെതിരെ ജാമ്യമില്ലാ വകുപ്പില്‍ കുരുക്ക്; രണ്ട് എഫ്‌ഐആറുകള്‍ റജിസ്റ്റര്‍ ചെയ്ത് പഞ്ചാബ് പൊലീസ്; കുറ്റം എന്താണെന്ന് 'രഹസ്യം'; 'പ്രതികാര രാഷ്ട്രീയം' എന്ന് ബിജെപി; പ്രതിഷേധം കടുക്കുന്നു

ചണ്ഡീഗഡ്: ആം ആദ്മി പാര്‍ട്ടിയില്‍ (എഎപി) നിന്ന് ബിജെപിയിലേക്ക് ചേക്കേറിയതിന് പിന്നാല രാജ്യസഭാ എംപി സന്ദീപ് പഥക്കിനെതിരെ പ്രതികാര നടപടി. സന്ദീപ് പഥക്കിനെതിരെ രണ്ട് എഫ്‌ഐആറുകള്‍ പഞ്ചാബ് പൊലീസ് റജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ഏത് കുറ്റത്തിനാണ് കേസെടുത്തതെന്ന് പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

രാഷ്ട്രീയ എതിരാളികളെ അടിച്ചമര്‍ത്താന്‍ ഭരണകൂട സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നു എന്ന ബിജെപിയുടെ ആരോപണവും, നിയമം അതിന്റെ വഴിക്ക് പോകുന്നു എന്ന സര്‍ക്കാരിന്റെ വിശദീകരണവും തമ്മിലുള്ള ഏറ്റുമുട്ടലായി ഈ സംഭവം മാറി. രണ്ട് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പഥക്കിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ പോലീസ് ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ ഇന്ന് രാവിലെ പരിശോധനകള്‍ നടന്നതായും സൂചനകളുണ്ട്.

പഞ്ചാബ് രാഷ്ട്രീയത്തില്‍ എഎപിയുടെ കരുത്തുറ്റ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച തന്ത്രജ്ഞനായിരുന്നു സന്ദീപ് പഥക്. 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാളിന്റെ വിശ്വസ്തനായി നിന്ന് പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ച അദ്ദേഹത്തിന്റെ വിട്ടുപോകല്‍ എഎപിക്ക് വ്യക്തിപരവും രാഷ്ട്രീയവുമായ കനത്ത ആഘാതമാണ്. സന്ദീപ് പഥക്കിനൊപ്പം രാഘവ് ഛദ്ദ, ഹര്‍ഭജന്‍ സിങ്, സ്വാതി മലിവാള്‍ തുടങ്ങിയ പ്രമുഖരായ ഏഴ് എംപിമാര്‍ ഒരേസമയം പാര്‍ട്ടി വിട്ടതോടെ രാജ്യസഭയില്‍ എഎപിയുടെ അംഗബലം പത്തില്‍ നിന്നും മൂന്നായി കുത്തനെ ഇടിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ പാര്‍ട്ടിക്കേറ്റ ഈ പ്രഹരം ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

എംപിമാരുടെ കൂട്ടരാജിയും ബിജെപിയിലേക്കുള്ള പ്രവേശനവും പഞ്ചാബ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചിട്ടുണ്ട് എന്നതിന്റെ സൂചനകളാണ് പഥക്കിനെതിരെയുള്ള പോലീസ് നടപടികളെന്ന് ബിജെപി ആരോപിക്കുന്നു. ഏത് കുറ്റത്തിന്റെ പേരിലാണ് കേസെടുത്തതെന്ന് വെളിപ്പെടുത്താന്‍ പോലീസ് ഇതുവരെ തയ്യാറാകാത്തത് ഈ വാദത്തിന് ബലം നല്‍കുന്നു. നേരത്തെ ബിജെപിയില്‍ ചേര്‍ന്ന രാജീന്ദര്‍ ഗുപ്തയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ മിന്നല്‍ പരിശോധനകളും ഇതിനോട് ചേര്‍ത്തു വായിക്കപ്പെടുന്നുണ്ട്. രാഷ്ട്രീയമായി നേരിടുന്നതിന് പകരം ഏജന്‍സികളെ ഉപയോഗിച്ച് നേതാക്കളെ വേട്ടയാടുകയാണെന്ന ആരോപണം എഎപി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.

അതേസമയം, സന്ദീപ് പഥക്കിനെതിരെയുള്ള നടപടികള്‍ രാഷ്ട്രീയ പ്രേരിതമല്ലെന്നും നിയമപരമായ നടപടിക്രമങ്ങള്‍ മാത്രമാണെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ നിലപാട്. എന്നാല്‍, തന്റെ പേരിലുള്ള കേസുകളെക്കുറിച്ച് അറിയില്ലെന്ന പഥക്കിന്റെ പ്രതികരണം നാടകീയമായ വഴിത്തിരിവുകള്‍ക്ക് സാധ്യത നല്‍കുന്നു. പഞ്ചാബ് രാഷ്ട്രീയത്തിലെ നിര്‍ണ്ണായക ശക്തിയായിരുന്ന പഥക്കിനെ നിശ്ശബ്ദനാക്കാനുള്ള നീക്കമാണോ ഇതെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകും. രാജ്യസഭയിലെ അംഗബലം കുറഞ്ഞതും പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിട്ടതും എഎപിയുടെ ദേശീയ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഈ രാഷ്ട്രീയ നാടകങ്ങള്‍ വോട്ടര്‍മാരെ എങ്ങനെ സ്വാധീനിക്കുമെന്നതാണ് ഇനി കാണാനിരിക്കുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എഎപി വിട്ട് ബിജെപിയിലെത്തി; പിന്നാലെ സന്ദീപ് പഥക്കിനെതിരെ ജാമ്യമില്ലാ വകുപ്പില്‍ കുരുക്ക്; രണ്ട് എഫ്‌ഐആറുകള്‍ റജിസ്റ്റര്‍ ചെയ്ത് പഞ്ചാബ് പൊലീസ്; കുറ്റം എന്താണെന്ന് 'രഹസ്യം'; 'പ്രതികാര രാഷ്ട്രീയം' എന്ന് ബിജെപി; പ്രതിഷേധം കടുക്കുന്നു - Marunadan Malayali | Boolokam