
തിരുവനന്തപുരം: എക്സിറ്റ് പോളുകളില്‍ വിശ്വാസമില്ലെന്നും ജനങ്ങളുടെ പോളിലാണ് തനിക്ക് വിശ്വാസമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മെയ് 4-ലെ യഥാര്‍ത്ഥ ഫലത്തിനായി കാത്തിരിക്കുന്നുവെന്നും കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിക്ക് അനുകൂലമായ ഫലം ലഭിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കേരളത്തില്‍ ഇത്തവണ ഭരണമാറ്റം പ്രവചിക്കുന്ന എക്സിറ്റ് പോള്‍ ഫലങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പത്തു വര്‍ഷത്തിന് ശേഷം യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് പ്രമുഖ ഏജന്‍സികളെല്ലാം തന്നെ സൂചിപ്പിക്കുന്നത്. ആക്സിസ് മൈ ഇന്ത്യയുടെ സര്‍വ്വേ പ്രകാരം യുഡിഎഫ് 78 മുതല്‍ 90 വരെ സീറ്റുകള്‍ നേടി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും. എല്‍ഡിഎഫിന് 49 മുതല്‍ 62 വരെ സീറ്റുകള്‍ മാത്രമാണ് ഈ സര്‍വ്വേ പ്രവചിക്കുന്നത്. എന്‍ഡിഎയ്ക്ക് പരമാവധി മൂന്ന് സീറ്റുകള്‍ ലഭിക്കാമെന്നും സര്‍വ്വേകള്‍ പറയുന്നു.
കേരളത്തിന് പുറമെ തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും നടന്ന തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മിക്ക സര്‍വ്വേകളും കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ തരംഗമുണ്ടെന്ന് ഉറപ്പിക്കുമ്പോള്‍, തിരഞ്ഞെടുപ്പ് ഫലം വരാന്‍ ഇനി നാല് ദിവസങ്ങള്‍ മാത്രമാണ് ബാക്കി. മെയ് 4 തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍ നടക്കുന്നത്. കന്നിവോട്ടര്‍മാരുടെയും യുവാക്കളുടെയും പിന്തുണ യുഡിഎഫിന് ഗുണകരമാവുമെന്ന് സര്‍വ്വേകള്‍ വിശദീകരിക്കുമ്പോഴും, ജനവിധി തങ്ങള്‍ക്കൊപ്പമായിരിക്കുമെന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണിയും ബിജെപിയും.
