BoolokamBoolokam

എക്‌സിറ്റ് പോള്‍ ആവേശത്തില്‍ യുഡിഎഫ്; ജാഗ്രതയോടെ നേതൃത്വം; നേതാക്കള്‍ കെപിസിസി ആസ്ഥാനത്തേക്ക്; കെപിസിസി ഓഫീസിന് മുന്നില്‍ കൂറ്റന്‍ 'ആവേശപ്പന്തല്‍'

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്ന ഉറച്ച വിശ്വാസത്തില്‍ കോണ്‍ഗ്രസ് ക്യാമ്പ്. തിങ്കളാഴ്ച വോട്ടെണ്ണല്‍ നടക്കാനിരിക്കെ, വിജയവാര്‍ത്തകള്‍ ആഘോഷമാക്കുന്നതിനായി തിരുവനന്തപുരം വെള്ളയമ്പലത്തുള്ള കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പ്രവര്‍ത്തകരെയും നേതാക്കളെയും സ്വീകരിക്കുന്നതിനായി കെപിസിസി ഓഫീസിന് മുന്നില്‍ കൂറ്റന്‍ 'ആവേശപ്പന്തല്‍' ഉയര്‍ന്നു കഴിഞ്ഞു.

ഭരണമാറ്റം പ്രവചിക്കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളും താഴെത്തട്ടില്‍ നിന്നുള്ള അനുകൂല റിപ്പോര്‍ട്ടുകളുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശം പകരുന്നത്. ഇത്തവണ 80-ലധികം സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തില്‍ വരുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. നാളെ രാവിലെ എട്ടുമണിയോടെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ പ്രവര്‍ത്തകര്‍ കൂട്ടമായി ഇന്ദിരാ ഭവനിലേക്ക് എത്താന്‍ സാധ്യതയുള്ളതിനാലാണ് വിപുലമായ പന്തലും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്.

വിജയപ്രതീക്ഷ ഉണ്ടെങ്കിലും ഔദ്യോഗിക ഫലം വരുന്നത് വരെ ജാഗ്രത കൈവിടരുതെന്ന് കെപിസിസി നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കൃത്യമായ നിരീക്ഷണം ഉറപ്പാക്കാനും ഏജന്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തിങ്കളാഴ്ച രാവിലെ മുതല്‍ തന്നെ പ്രമുഖ യുഡിഎഫ് നേതാക്കള്‍ ഇന്ദിരാ ഭവനിലെത്തും. ഫലപ്രഖ്യാപനത്തിന് പിന്നാലെ വിജയാഘോഷങ്ങള്‍ക്കും തുടര്‍ന്ന് നിയമസഭാ കക്ഷി യോഗം ഉള്‍പ്പെടെയുള്ള നടപടികള്‍ക്കും കെപിസിസി ആസ്ഥാനം വേദിയാകും.

പത്തുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഭരണത്തുടര്‍ച്ചയെന്ന എല്‍ഡിഎഫ് മോഹങ്ങള്‍ തകര്‍ത്ത് യുഡിഎഫ് തിരിച്ചുവരുമെന്ന ആത്മവിശ്വാസം വോട്ടെണ്ണലിന് മണിക്കൂറുകള്‍ക്ക് മുന്‍പേ കോണ്‍ഗ്രസ് ക്യാമ്പുകളില്‍ പ്രകടമാണ്. കേരളം ആര് ഭരിക്കുമെന്ന ചോദ്യത്തിന് നാളെ ഉച്ചയോടെ വ്യക്തമായ ഉത്തരം ലഭിക്കും. അതുവരെ ശ്വാസമടക്കിപ്പിടിച്ചുള്ള കാത്തിരിപ്പിലാണ് രാഷ്ട്രീയ കേരളം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എക്‌സിറ്റ് പോള്‍ ആവേശത്തില്‍ യുഡിഎഫ്; ജാഗ്രതയോടെ നേതൃത്വം; നേതാക്കള്‍ കെപിസിസി ആസ്ഥാനത്തേക്ക്; കെപിസിസി ഓഫീസിന് മുന്നില്‍ കൂറ്റന്‍ 'ആവേശപ്പന്തല്‍' - Marunadan Malayali | Boolokam