
കൊല്ലം: കൊല്ലത്ത് എട്ടുവയസ്സുകാരി തെരുവുനായയുടെ കടിയേറ്റ് മരിച്ച സംഭവത്തില്‍ ചികിത്സാപ്പിഴവ് ആരോപിച്ച് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു. പുനലൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ.ആര്‍. സുനില്‍കുമാര്‍ ഉള്‍പ്പെടെ നാല് ഡോക്ടര്‍മാരെ പ്രതിചേര്‍ത്താണ് പുനലൂര്‍ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡോക്ടര്‍മാരായ ദേവിലക്ഷ്മി, അംജിത, ജയസൂര്യ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. മെഡിക്കല്‍ നെഗ്ലിജന്‍സ് (ചികിത്സാപ്പിഴവ്) ഉള്‍പ്പെടെയുള്ള ഗുരുതരമായ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
വിളക്കൊടി കുന്നിക്കോട് സ്വദേശിയായ നിയ ഫൈസല്‍ എന്ന എട്ടുവയസ്സുകാരിയുടെ ദാരുണാന്ത്യമാണ് നിയമപോരാട്ടത്തിലേക്ക് നയിച്ചത്. 2025 ഏപ്രില്‍ എട്ടിന് വീട്ടുപടിക്കല്‍ വെച്ചാണ് നിയയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. ഉടന്‍ തന്നെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും ആവശ്യമായ വാക്‌സിനുകളും ആന്റി റാബീസ് സിറവും നല്‍കുകയും ചെയ്തിരുന്നു. കൃത്യസമയത്ത് പ്രതിരോധ മരുന്നുകള്‍ സ്വീകരിച്ചതിനാല്‍ പേവിഷബാധ ഉണ്ടാകില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു കുടുംബം. എന്നാല്‍, ഏപ്രില്‍ 28-ഓടെ കുട്ടിക്ക് പനി ബാധിക്കുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പേവിഷബാധയുടെ ലക്ഷണങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്തു. മെയ് അഞ്ചിന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് നിയ മരിച്ചത്.
കുട്ടിയെ ചികിത്സിക്കുന്നതില്‍ ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ അശ്രദ്ധയുണ്ടായെന്നും, മരണശേഷം തെളിവുകള്‍ നശിപ്പിക്കാന്‍ ആശുപത്രി സൂപ്രണ്ട് കൂട്ടുനിന്നെന്നുമാണ് പോലീസിന്റെ പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭാരതീയ ന്യായ സംഹിതയിലെ (BNS) 106(1), 238, 3(5) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. നിയയുടെ അമ്മ നല്‍കിയ പരാതിയില്‍ കോടതി ഇടപെട്ടതിനെത്തുടര്‍ന്നാണ് പോലീസിന്റെ ഈ നടപടി. വാക്‌സിന്‍ നല്‍കിയ രീതിയിലോ മരുന്നിന്റെ ഗുണനിലവാരത്തിലോ വീഴ്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണപരിധിയില്‍ വരും.
കൃത്യമായി വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധയേറ്റ് കുട്ടി മരിച്ചത് അന്ന് തന്നെ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ചികിത്സാ രേഖകളില്‍ കൃത്രിമം കാണിച്ചെന്ന ആരോപണവും ഡോക്ടര്‍മാര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുത്ത സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നും കര്‍ശനമായ നടപടികള്‍ ഉണ്ടായേക്കാം. സര്‍ക്കാര്‍ ആശുപത്രികളുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യത്തിലാണ് നാട്ടുകാരും കുട്ടിയുടെ കുടുംബവും.
