BoolokamBoolokam

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട; ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത് 60 കിലോ കഞ്ചാവ്

കൊച്ചി: നഗരത്തിലേക്കുള്ള ലഹരിമരുന്നിന്റെ ഒഴുക്ക് തടയാന്‍ റെയില്‍വേ പോലീസ് നടത്തുന്ന പരിശോധനയില്‍ വന്‍ വിജയം. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ഏഴ് ബാഗുകളില്‍ നിന്നായി 60 കിലോ കഞ്ചാവ് പിടികൂടി. അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം 30 ലക്ഷം രൂപയോളം വില വരുന്ന കഞ്ചാവാണ് ഇന്ന് പുലര്‍ച്ചെയോടെ പിടിച്ചെടുത്തത്.

ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ നാലാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് ആര്‍.പി.എഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ സംശയാസ്പദമായ നിലയിലുള്ള ബാഗുകള്‍ പെട്ടത്. ഏറെ നേരം നിരീക്ഷിച്ചിട്ടും ഉടമസ്ഥരെ കണ്ടെത്താത്തതിനെ തുടര്‍ന്ന് ബാഗുകള്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. പോലീസ് പരിശോധന ഭയന്ന് കഞ്ചാവ് കടത്തുകാര്‍ ബാഗുകള്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞതാകാമെന്നാണ് പ്രാഥമിക നിഗമനം.

പിടിച്ചെടുത്ത കഞ്ചാവ് സീല്‍ ചെയ്ത ശേഷം തുടര്‍ നടപടികള്‍ക്കായി എക്‌സൈസ് വിഭാഗത്തിന് കൈമാറി. ട്രെയിന്‍ മാര്‍ഗ്ഗം ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് വന്‍തോതില്‍ ലഹരിമരുന്ന് എത്തുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനുകളില്‍ നിരീക്ഷണം കര്‍ശനമാക്കിയിരിക്കുകയാണ്. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ബാഗുകള്‍ ഉപേക്ഷിച്ചവരെ കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് പോലീസ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!