BoolokamBoolokam

എല്‍ഡിഎഫ് 78 സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തും; യുഡിഎഫിന് 62 സീറ്റുകളും എന്‍ഡിഎയ്ക്ക് 18 സീറ്റുകളും; 140 സീറ്റുള്ള കേരളത്തില്‍ 158 സീറ്റുകളില്‍ പ്രവചനം; 'സുദര്‍ശന്‍ ബംഗ്ല' എക്‌സില്‍ പുറത്തുവിട്ട എഐ എക്‌സിറ്റ് പോള്‍ വിവാദത്തില്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിട്ട സുദര്‍ശന്‍ ബംഗ്ല എന്ന എക്സ് (ട്വിറ്റര്‍) ഹാന്‍ഡിലിന് സോഷ്യല്‍ മീഡിയയില്‍ കടുത്ത പരിഹാസം. 140 മണ്ഡലങ്ങളുള്ള കേരളത്തില്‍ ആകെയുള്ള സീറ്റുകളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ വിവിധ മുന്നണികള്‍ക്കായി വീതിച്ചു നല്‍കിയതാണ് ചാനലിനെ വെട്ടിലാക്കിയത്. 'അഞ്ചു സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ എഐ എക്സിറ്റ് പോള്‍' എന്ന അവകാശവാദത്തോടെ പുറത്തുവിട്ട കണക്കുകളിലാണ് ഈ വന്‍ അബദ്ധം സംഭവിച്ചിരിക്കുന്നത്.

സുദര്‍ശന്‍ ബംഗ്ലയുടെ പ്രവചനമനുസരിച്ച് കേരളത്തില്‍ എല്‍ഡിഎഫ് 78 സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തും. യുഡിഎഫിന് 62 സീറ്റുകളും എന്‍ഡിഎയ്ക്ക് 18 സീറ്റുകളും ലഭിക്കുമെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ഈ കണക്കുകള്‍ കൂട്ടിനോക്കിയാല്‍ ലഭിക്കുന്നത് 158 സീറ്റുകളാണ്. വെറും 140 സീറ്റുകള്‍ മാത്രമുള്ള കേരള നിയമസഭയില്‍ 158 സീറ്റുകളുടെ ഫലം പ്രവചിച്ചതിലെ യുക്തിയില്ലായ്മയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

കൃത്യമായ പഠനങ്ങളോ ഗ്രൗണ്ട് റിപ്പോര്‍ട്ടുകളോ ഇല്ലാതെ, എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സഹായത്തോടെ തോന്നിയതുപോലെ അക്കങ്ങള്‍ നിരത്തിയതാണ് ഈ പാളിച്ചയ്ക്ക് പിന്നിലെന്ന് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നു. കേരളത്തിന് പുറമെ പശ്ചിമ ബംഗാള്‍, തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ എക്‌സിറ്റ് പോള്‍ ഫലങ്ങളും ഇവര്‍ ഇതേ രീതിയില്‍ പങ്കുവെച്ചിട്ടുണ്ട്.

സാധാരണ ഗതിയില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ കൃത്യമായ ഡാറ്റാ വിശകലനത്തിലൂടെയാണ് എക്‌സിറ്റ് പോളുകള്‍ തയ്യാറാക്കുന്നത്. എന്നാല്‍ ഇവിടെ അടിസ്ഥാനപരമായ കണക്കുകളില്‍ പോലും പുലര്‍ത്തേണ്ട ജാഗ്രത ചാനലിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. എഐ സാങ്കേതികവിദ്യയെ ദുരുപയോഗം ചെയ്യുന്നതിന്റെയും ഉത്തരവാദിത്തമില്ലാത്ത മാധ്യമപ്രവര്‍ത്തനത്തിന്റെയും ഉദാഹരണമാണിതെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എല്‍ഡിഎഫ് 78 സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തും; യുഡിഎഫിന് 62 സീറ്റുകളും എന്‍ഡിഎയ്ക്ക് 18 സീറ്റുകളും; 140 സീറ്റുള്ള കേരളത്തില്‍ 158 സീറ്റുകളില്‍ പ്രവചനം; 'സുദര്‍ശന്‍ ബംഗ്ല' എക്‌സില്‍ പുറത്തുവിട്ട എഐ എക്‌സിറ്റ് പോള്‍ വിവാദത്തില്‍ - Marunadan Malayali | Boolokam