
മുല്ലന്‍പുര്‍: മുല്ലന്‍പൂരിലെ സ്റ്റേഡിയത്തില്‍ നടന്ന പഞ്ചാബ് കിങ്സ് - രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിനിടെ ഡ്രസ്സിങ് റൂമിനുള്ളില്‍ വേപ് (ഇ-സിഗരറ്റ്) ഉപയോഗിച്ച രാജസ്ഥാന്‍ റോയല്‍സ് ടീം ക്യാപ്റ്റന്‍ റിയാന്‍ പരാഗിനെതിരെ കടുത്ത അച്ചടക്ക നടപടിക്ക് സാധ്യത. കളി പുരോഗമിക്കുന്നതിനിടെ ഡ്രസ്സിങ് റൂമിലിരുന്ന് ഇ-സിഗരറ്റ് (വേപ്) ഉപയോഗിച്ച പരാഗിന്റെ ദൃശ്യങ്ങള്‍ തത്സമയ സംപ്രേക്ഷണത്തിനിടെ പുറത്തുവന്നത് വലിയ വിവാദത്തിനാണ് തിരി കൊളുത്തിയിരിക്കുന്നത്. സംഭവത്തില്‍ ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം പ്രാഥമിക അന്വേഷണം ആരംഭിച്ചതായാണ് വിവരം. ഇന്ത്യയില്‍ ഇ-സിഗരറ്റുകള്‍ നിരോധിക്കപ്പെട്ട സാഹചര്യത്തില്‍, താരത്തിനെതിരെ ക്രിമിനല്‍ നടപടികള്‍ക്കും സാധ്യതയുണ്ട്. ചൊവ്വാഴ്ച പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിനിടെയാണ് റിയാന്‍ പരാഗ് ഡ്രസ്സിങ് റൂമിനുള്ളിലിരുന്ന് വേപ് ഉപയോഗിച്ചത്. രാജസ്ഥാന്‍ ഇന്നിങ്‌സിന്റെ 16-ാം ഓവറിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ താരത്തിനെതിരെ വ്യാപകമായി വിമര്‍ശനമുയരുകയും ചെയ്തു. യശസ്വി ജയ്സ്വാള്‍, യുധ്വീര്‍ സിങ് ചരക്, കുല്‍ദീപ് സെന്‍ തുടങ്ങിയവരും ഈ സമയം പരാഗിനു സമീപമുണ്ട്. ബിസിസിഐ ഇതില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് ഐപിഎല്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ബിസിസിഐ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്, നിശ്ചിത മേഖലകളില്‍ ഒഴികെ ഐപിഎല്‍ സ്റ്റേഡിയം പരിസരത്ത് പുകവലി കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഇ-സിഗരറ്റ് കൈവശം വച്ചതും ഉപയോഗിച്ചതും വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. 2019ല്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ 'ദ് പ്രൊഹിബിഷന്‍ ഓഫ് ഇലക്ട്രോണിക് സിഗരറ്റ്‌സ് ആക്ട് (പിഈസിഎ) നിയമപ്രകാരം വേപ് ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ട്. നിയമം അനുസരിച്ച്, ആദ്യമായി കുറ്റം ചെയ്താല്‍ കുറ്റവാളിക്ക് ഒരു വര്‍ഷം വരെ തടവും കൂടാതെ/അല്ലെങ്കില്‍ ഒരു ലക്ഷം രൂപ പിഴയും ലഭിക്കും. റിയാന്‍ പരാഗ്, വേപ് ഉപയോഗിച്ചെന്ന് ദൃശ്യങ്ങളില്‍നിന്നു വ്യക്തമായതിനാല്‍ താരത്തിനെതിരെ ക്രിമിനല്‍ കേസെടുക്കാനും സാധ്യതയുണ്ട്. കേസ് റജിസ്റ്റര്‍ ചെയ്താല്‍ പരാഗിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നു നീക്കാനും സാധ്യതയുണ്ട്.
പരാഗിന്റെ ഭാഗത്തുനിന്നു തീര്‍ത്തും നിരുത്തരവാദിത്തപരമായ നടപടിയാണുണ്ടായെന്ന് ബിസിസിഐ വൃത്തം വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു പറഞ്ഞു. ''ഒട്ടേറെ കളിക്കാര്‍ ഇ-സിഗരറ്റ് ഉപയോഗിക്കാറുണ്ട്, പക്ഷേ അവര്‍ അത് ഡ്രസ്സിങ് റൂമിനുള്ളില്‍ ചെയ്യാറില്ല. ഇത്രയധികം ക്യാമറകള്‍ ചുറ്റുമുള്ളപ്പോള്‍ അങ്ങനെ ചെയ്യുന്നത് വളരെ അപകടകരവും അശ്രദ്ധവുമാണ്. പരാഗ് ഇത്ര പരസ്യമായി വേപ്പിങ് നടത്തിയ സാഹചര്യത്തില്‍, നടപടിയെടുക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരായേക്കാം.''- അദ്ദേഹം പറഞ്ഞു. രാജസ്ഥാന്‍ ടീം അധികൃതര്‍ ആരും ഇതുവരെ പ്രതികരിക്കാന്‍ തയാറായിട്ടില്ല.
സാധാരണ സിഗരറ്റുകളെ അപേക്ഷിച്ച് ദോഷം കുറവാണെന്ന ധാരണയുണ്ടെങ്കിലും ഇ-സിഗരറ്റുകള്‍ അതീവ അപകടകാരിയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇതിലെ ഉയര്‍ന്ന അളവിലുള്ള നിക്കോട്ടിന്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാനും ഹൃദയാഘാത സാധ്യത കൂട്ടാനും കാരണമാകും. ഒരു കായിക താരം ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത് യുവതലമുറയ്ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നും വിമര്‍ശനമുണ്ട്. വിഷയത്തില്‍ ബിസിസിഐ ഉടന്‍ തന്നെ രാജസ്ഥാന്‍ റോയല്‍സിനോടും പരാഗിനോടും വിശദീകരണം തേടും. നായകസ്ഥാനത്ത് നിന്ന് പരാഗിനെ മാറ്റണമെന്ന ആവശ്യവും ചില കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്.
അതേസമയം, ഐപിഎല്‍ സീസണ്‍ തുടങ്ങിയതായി മുന്നോടിയായി മുംബൈയില്‍ നടന്ന ക്യാപ്റ്റന്മാരുടെ യോഗത്തില്‍ ഡ്രസ്സിങ് റൂമിലെ കളിക്കാരുടെ സ്വകാര്യത സംബന്ധിച്ച് ചര്‍ച്ച ഉയര്‍വന്നിരുന്നതായി മറ്റൊരു ഐപിഎല്‍ വൃത്തം പിടിഐയോടു പറഞ്ഞു. തത്സമയ സംപ്രേക്ഷണത്തിനിടെ ക്യാമറകള്‍ ഡ്രസ്സിങ് റൂമിലേക്ക് തിരിയുന്നതിനെ ചില ക്യാപ്റ്റന്മാര്‍ എതിര്‍ത്തു. ''ഇത് ഡ്രസ്സിങ് റൂമിലെ ഇ-സിഗരറ്റ് ഉപയോഗവുമായി മാത്രം ബന്ധപ്പെട്ടുണ്ടായതല്ല. ഇത് കളിക്കാരുടെ സ്വകാര്യതയെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു. കളിക്കാര്‍ വസ്ത്രം പൂര്‍ണ്ണമായി ധരിക്കാത്ത അവസ്ഥയിലോ അല്ലെങ്കില്‍ ക്യാമറകള്‍ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന സമയങ്ങളോ ഉണ്ടാകാം. എന്നാല്‍ ഡ്രസ്സിങ് റൂമില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ബിസിസിഐയല്ല, മറിച്ച് ബ്രോഡ്കാസ്റ്ററാണെന്ന് അവരോട് പറഞ്ഞു. പരാഗിന്റെ ഈ സംഭവത്തിന് ശേഷം, ഇത് ഒരുപക്ഷേ പുനഃപരിശോധിക്കപ്പെട്ടേക്കാം.''- ഐപിഎല്‍ വൃത്തം കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ ബിസിസിഐ വൃത്തങ്ങള്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. പല കളിക്കാരും സ്വകാര്യമായി ഇത്തരം ശീലങ്ങള്‍ വെച്ചുപുലര്‍ത്താറുണ്ടെങ്കിലും ക്യാമറകള്‍ക്ക് മുന്നില്‍ ഇത്ര നിരുത്തരവാദപരമായി പെരുമാറിയത് അംഗീകരിക്കാനാവില്ലെന്നാണ് ബോര്‍ഡിന്റെ നിലപാട്. വസ്ത്രം മാറുന്ന സമയത്തോ മറ്റോ കളിക്കാരുടെ സ്വകാര്യത മാനിക്കണമെന്ന് ക്യാപ്റ്റന്മാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും, നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ഡ്രസ്സിങ് റൂമിനുള്ളില്‍ നടത്തുന്നത് ഇതിനോട് ചേര്‍ത്ത് വായിക്കാനാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ചിടത്തോളം ഈ സീസണിലെ രണ്ടാമത്തെ അച്ചടക്ക ലംഘനമാണിത്. കഴിഞ്ഞ മാസം ഡഗ്ഔട്ടില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് ടീം മാനേജര്‍ റോമി ഭിന്ദറിന് ബിസിസിഐ ഒരു ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ് പ്രകാരം ഹൃദയാഘാതത്തിനും രക്തസമ്മര്‍ദ്ദത്തിനും കാരണമാകുന്ന ഇ-സിഗരറ്റുകള്‍ ഒരു കായിക താരം ഉപയോഗിക്കുന്നത് കായിക ലോകത്തിന് തന്നെ നാണക്കേടാണെന്ന വിമര്‍ശനം ഉയരുന്നുണ്ട്. ബിസിസിഐ ഈ വിഷയത്തില്‍ കര്‍ശനമായ നിലപാട് സ്വീകരിക്കുമെന്നുറപ്പായതോടെ റിയാന്‍ പരാഗിന്റെ ഐപിഎല്‍ കരിയര്‍ തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്. ഔദ്യോഗിക വിശദീകരണം തേടിയ ശേഷം ബിസിസിഐ അന്തിമ നടപടി പ്രഖ്യാപിക്കും.
