
മുംബൈ: ഐപിഎൽ മത്സരങ്ങൾ നീളുന്നതിനെതിരെ രൂക്ഷവിമർശനവുമായി സുനിൽ ഗവാസ്കർ. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരം 4 മണിക്കൂർ 22 മിനിറ്റ് നീണ്ടത് ഈ സീസണിലെ റെക്കോർഡായി മാറിയിരിക്കുകയാണ്. അമിതമായി സമയം പാഴാക്കുന്നത് ഒഴിവാക്കാൻ സപ്പോർട്ട് സ്റ്റാഫിനും റിസർവ് താരങ്ങൾക്കും മൈതാനത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ഗവാസ്കർ ആവശ്യപ്പെട്ടു. റിസർവ് താരങ്ങളും കോച്ചിംഗ് സ്റ്റാഫും അനാവശ്യമായി ഗ്രൗണ്ടിലേക്ക് പ്രവേശിക്കുന്നത് കളി വൈകാൻ കാരണമാകുന്നുണ്ടെന്ന് 'മിഡ്-ഡേ'യിലെ തന്റെ കോളത്തിൽ ഗവാസ്കർ കുറിച്ചു.
"ബൗണ്ടറിക്ക് അരികിൽ നിൽക്കുന്ന ഫീൽഡർക്ക് വെള്ളം നൽകാൻ പോലും റിസർവ് താരങ്ങൾ ഓടിയെത്തുന്നു. ഇത് കളി നടക്കുമ്പോൾ മൈതാനത്ത് 11 പേരിലധികം ഉണ്ടാകുന്നതിന് തുല്യമാണ്. സ്ട്രാറ്റജിക് ടൈം ഔട്ട് സമയങ്ങളിൽ പകുതിയോളം ടീം അംഗങ്ങൾ മൈതാനത്തിറങ്ങുന്ന കാഴ്ചയാണ് കാണുന്നത്. വെള്ളം നൽകാൻ രണ്ട് റിസർവ് താരങ്ങളെയും നിർദ്ദേശങ്ങൾ നൽകാൻ രണ്ട് കോച്ചിംഗ് സ്റ്റാഫിനെയും അല്ലാതെ മറ്റാരെയും അനുവദിക്കരുത്," അദ്ദേഹം പറഞ്ഞു.
മൈതാനത്തിന്റെ പവിത്രതയെക്കുറിച്ച് ഇതിഹാസ കമന്റേറ്റർ റിച്ചി ബെനോ നൽകിയ ഉപദേശവും ഗവാസ്കർ ഓർമ്മിപ്പിച്ചു. "കളിക്കാരും ഒഫീഷ്യൽസും അല്ലാതെ മറ്റാരും മൈതാനത്ത് പ്രവേശിക്കരുത്. അതുകൊണ്ടാണ് പിച്ച റിപ്പോർട്ടിനോ ടിവി ഷോയ്ക്കോ അല്ലാതെ ഞാൻ മൈതാനത്തിറങ്ങാത്തത്. ഓൾ ആക്സസ് അക്രഡിറ്റേഷൻ ഉണ്ടെന്ന് കരുതി ബിസിസിഐ കമ്മിറ്റി അംഗങ്ങൾ പോലും ബൗണ്ടറി കടക്കരുത്," അദ്ദേഹം ഓർമ്മിപ്പിച്ചു.
മത്സരസമയത്തിലെ താമസം ഒഴിവാക്കാൻ മാറ്റങ്ങളാണ് സുനിൽ ഗവാസ്കർ നിർദ്ദേശിച്ചിരിക്കുന്നത്. വിക്കറ്റ് വീണാൽ അടുത്ത ബാറ്റർ ക്രീസിലെത്താൻ നിലവിൽ അനുവദിച്ചിട്ടുള്ള രണ്ട് മിനിറ്റ് സമയം ഒരു മിനിറ്റായി കുറയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിലവിൽ ബാറ്റർമാർ ഡ്രസ്സിംഗ് റൂമിലല്ല, മറിച്ച് മൈതാനത്തിന് തൊട്ടടുത്തുള്ള ഡഗൗട്ടിലാണ് ഇരിക്കുന്നത് എന്നതിനാൽ ഈ മാറ്റം പ്രായോഗികമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിശ്ചിത സമയത്തിനുള്ളിൽ ബാറ്റർ ക്രീസിലെത്താൻ തയ്യാറായില്ലെങ്കിൽ, പ്രാഥമിക താക്കീതുകൾക്ക് ശേഷം ടീമിന് പെനാൽറ്റി റൺസ് ചുമത്തി കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ബിസിസിഐയോട് നിർദ്ദേശിച്ചു. സ്ലോ ഓവർ റേറ്റിന് നിലവിൽ ക്യാപ്റ്റൻമാർക്ക് പിഴയും വിലക്കും ഏർപ്പെടുത്തുന്നുണ്ടെങ്കിലും അതൊന്നും ഫലപ്രദമാകുന്നില്ലെന്ന വിലയിരുത്തലിലാണ് ഗവാസ്കർ പുതിയ പരിഷ്കാരങ്ങൾ മുന്നോട്ട് വെച്ചിരിക്കുന്നത്.
