BoolokamBoolokam

ഒരുമിച്ചു ജീവിക്കാമെന്ന മോഹം നടന്നില്ല; ഇന്‍ഫ്‌ളുവന്‍സറും സാരി സ്റ്റോര്‍ ഉടമയുമായ യുവതിയെ വെട്ടിക്കൊലപ്പെടുത്തി; പിന്നാലെ മകന് സന്ദേശമയച്ച് ഭര്‍ത്താവ് ജീവനൊടുക്കി

ചെന്നൈ: പ്രശസ്ത ഇന്‍സ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്ററും സംരംഭകയുമായ യുവതിയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി. കുടുംബവഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവ് സുബ്രഹ്‌മണ്യന്‍ നാഗലക്ഷ്മിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കുകയായിരുന്നു. മൂന്നര ലക്ഷത്തോളം ഫോളോവേഴ്സുള്ള സോഷ്യല്‍ മീഡിയ താരം കൂടിയായ നാഗലക്ഷ്മിയുടെ മരണം തമിഴ് സിനിമാ-ഫാഷന്‍ ലോകത്തും വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ചെന്നൈ നങ്കനല്ലൂര്‍ സ്വദേശികളായ സുബ്രഹ്‌മണ്യനും നാഗലക്ഷ്മിയും വര്‍ഷങ്ങളായി ദാമ്പത്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. ഈ കാലയളവിലാണ് നാഗലക്ഷ്മി തന്റെ സ്വപ്ന സംരംഭമായ 'ശ്രീ സായ് സില്‍ക്‌സ്' എന്ന സാരി സ്റ്റോര്‍ ആരംഭിച്ചത്. ഇന്‍സ്റ്റഗ്രാം വഴി തന്റെ ബിസിനസ് വലിയ രീതിയില്‍ വിപുലപ്പെടുത്തിയ ഇവര്‍, ചുരുങ്ങിയ കാലം കൊണ്ട് ചെന്നൈയില്‍ തന്നെ വലിയൊരു വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉടമയായി മാറി. മധുരയില്‍ ബന്ധുവിനൊപ്പം താമസിച്ചിരുന്ന സുബ്രഹ്‌മണ്യന്‍ നാഗലക്ഷ്മിയുടെ ഈ വളര്‍ച്ചയില്‍ അസ്വസ്ഥനായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു.

അടുത്തിടെയാണ് സുബ്രഹ്‌മണ്യന്‍ മധുരയില്‍ നിന്ന് ചെന്നൈയില്‍ തിരിച്ചെത്തിയത്. നാഗലക്ഷ്മിയോട് മാപ്പപേക്ഷിച്ച ഇയാള്‍, വീണ്ടും ഒരുമിച്ച് താമസിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ നാഗലക്ഷ്മി ഇതിന് തയ്യാറായിരുന്നില്ല എന്നാണ് വിവരം. സംഭവ ദിവസം ഇതുസംബന്ധിച്ചുണ്ടായ രൂക്ഷമായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. രോഷാകുലനായ സുബ്രഹ്‌മണ്യന്‍ നാഗലക്ഷ്മിയെ വീട്ടില്‍ വെച്ച് മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കൃത്യത്തിന് ശേഷം സുബ്രഹ്‌മണ്യന്‍ ചെന്നൈയില്‍ തന്നെ ദന്തല്‍ വിദ്യാര്‍ത്ഥിയായ തന്റെ രണ്ടാമത്തെ മകന് മൊബൈല്‍ ഫോണില്‍ സന്ദേശമയച്ചിരുന്നു. താന്‍ അമ്മയെ കൊലപ്പെടുത്തിയെന്നും ജീവനൊടുക്കാന്‍ പോകുന്നുവെന്നും സൂചിപ്പിക്കുന്ന സന്ദേശം കണ്ട് മകന്‍ ഉടന്‍ തന്നെ വീട്ടിലേക്ക് ഓടിയെത്തിയെങ്കിലും ദാരുണമായ കാഴ്ചയാണ് കാത്തിരുന്നത്. രക്തത്തില്‍ കുളിച്ചു കിടക്കുന്ന അമ്മയുടെ മൃതദേഹവും മറ്റൊരു മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ അച്ഛനെയുമാണ് മകന്‍ കണ്ടെത്തിയത്. ഇവരുടെ മൂത്ത മകന്‍ റഷ്യയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ്.

സംഭവസ്ഥലത്തെത്തിയ പോലീസ് മൃതദേഹങ്ങള്‍ ചെംഗല്‍പ്പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. ദാമ്പത്യ കലഹത്തിനപ്പുറം മറ്റ് സാമ്പത്തിക ഇടപാടുകളോ സംശയമോ കൊലപാതകത്തിന് പിന്നിലുണ്ടോ എന്ന് പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!