
ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസിൽ സാൻ അന്റോണിയോ പാർക്കിൽ വെച്ച് മൂന്ന് വയസ്സുകാരിയെയും അമ്മയെയും അതിക്രൂരമായി ആക്രമിച്ച കേസിൽ ഇന്ത്യൻ പൗരനായ അഥർവ വ്യാസ് (24) അറസ്റ്റിലായ സംഭവം യുഎസിൽ വലിയ ചർച്ചയാവുകയാണ്. ഏപ്രിൽ 18-ന് നടന്ന ആക്രമണത്തിൽ ഗബ്രിയേല പെരസ് എന്ന യുവതിയെയും അവരുടെ മകളെയും ഇയാൾ ക്രൂരമായി ആക്രമിക്കുകയായിരുന്നു.
കുട്ടിയെ കൈയിലെടുത്ത് നടക്കുകയായിരുന്ന യുവതിയെ പിന്നിൽ നിന്ന് മുടിയിൽ പിടിച്ചു വലിച്ചു വീഴ്ത്തുകയും, താഴെ വീണ മൂന്ന് വയസ്സുകാരിയെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. ഈ ആക്രമണത്തിൽ കുഞ്ഞിന്റെ രണ്ട് പല്ലുകൾ നഷ്ടപ്പെടുകയും ശരീരത്തിൽ കടിയേറ്റ മുറിവുകൾ ഉൾപ്പെടെ ഗുരുതരമായ പരിക്കുകൾ ഏൽക്കുകയും ചെയ്തു. സംഭവസ്ഥലത്തുണ്ടായിരുന്ന ദൃക്‌സാക്ഷികൾ പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
2023-ൽ സ്റ്റുഡന്റ് വിസയിൽ അമേരിക്കയിലെത്തിയ അഥർവ വ്യാസ്, മുൻപും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. മുൻപ് സർവകലാശാല കാമ്പസിൽ വെച്ച് സമാനമായ ആക്രമണം നടത്തിയതിനെത്തുടർന്ന് ഇയാളുടെ വിസ 2025-ൽ റദ്ദാക്കിയിരുന്നുവെങ്കിലും, ബൈഡൻ ഭരണകൂടത്തിന്റെ മൃദുസമീപനം മൂലം ഇയാൾ പുറത്തിറങ്ങുകയായിരുന്നുവെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) ഉദ്യോഗസ്ഥർ ആരോപിക്കുന്നു.
നിലവിൽ നിയമവിരുദ്ധമായി യുഎസിൽ താമസിച്ചിരുന്ന പ്രതിയെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ഐസിഇ (ICE) രംഗത്തെത്തിയിട്ടുണ്ട്. വിചാരണയ്ക്ക് ശേഷം ഇയാളെ നാടുകടത്താനാണ് അധികൃതരുടെ നീക്കം. സുരക്ഷാ വീഴ്ചകളെക്കുറിച്ചും ഇമിഗ്രേഷൻ നിയമങ്ങളിലെ പോരായ്മകളെക്കുറിച്ചും ഈ സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള കുറ്റവാളികൾ സമൂഹത്തിൽ സ്വതന്ത്രരായി നടക്കുന്നത് തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് ആക്ടിങ് അസിസ്റ്റന്റ് സെക്രട്ടറി ലോറൻ ബിസ് വ്യക്തമാക്കി.
