
ന്യൂഡല്‍ഹി: ഐപിഎല്‍ 2026 സീസണില്‍ മിന്നുന്ന ജയങ്ങളുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മുന്നേറുന്നതിന്റെ ആഹ്ലാദത്തിലാണ് ആര്‍സിബി ആരാധകര്‍. എന്നാല്‍ മൈതാനത്തിന് പുറത്ത് ആരാധകരുടെ ഹൃദയം നോവിക്കുന്ന ഒരു ദൃശ്യമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. വിരാട് കോലിയുടെ ഓട്ടോഗ്രാഫ് ലഭിക്കാത്ത സങ്കടത്തില്‍ ഒരു കുട്ടി ആരാധകന്‍ പൊട്ടിക്കരയുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
തന്റെ പ്രിയ താരത്തിന്റെ കയ്യൊപ്പ് തേടി ബാറ്റുമായി എത്തിയതായിരുന്നു ആ കൊച്ചു മിടുക്കന്‍. എന്നാല്‍ തിരക്കിനിടയില്‍ വേഗത്തില്‍ നടന്നുപോയ കോലി കുട്ടിയെ ശ്രദ്ധിച്ചില്ല. ഹോട്ടല്‍ ജീവനക്കാര്‍ കുട്ടിയെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും കൂടി ചെയ്തതോടെ നിയന്ത്രണം വിട്ട ബാലന്‍ സങ്കടത്തോടെ ബാറ്റ് വലിച്ചെറിഞ്ഞ് അമ്മയുടെ അടുത്തേക്ക് ഓടുകയായിരുന്നു. കോലിയുടെ ഫോം ആഘോഷിക്കുന്ന ആരാധകര്‍ക്കിടയില്‍ ഈ വീഡിയോ കുട്ടിയോടുള്ള സഹതാപത്തിന് ഇടയാക്കിയിട്ടുണ്ട്.
വിരാട് കോലി നടന്നു പോകുന്നതിനിടെയാണ് ഓട്ടോഗ്രാഫിനു വേണ്ടി ബാറ്റുമായി കുട്ടി പിന്നാലെ കൂടിയത്. എന്നാല്‍ വേഗത്തില്‍ നടന്നുപോയ കോലി കുട്ടിയെ ശ്രദ്ധിച്ചില്ല. ഹോട്ടല്‍ ജീവനക്കാരും കുട്ടിയെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. കുറച്ചുനേരം അഭ്യര്‍ഥിച്ചിട്ടും ഓട്ടോഗ്രാഫ് കിട്ടാതിരുന്നതോടെ കുട്ടി സങ്കടത്തോടെ പുറത്തേക്കു വരുന്നത് വിഡിയോയിലുണ്ട്. ബാറ്റു വലിച്ചെറിഞ്ഞ ബാലന്‍ സങ്കടത്തോടെ പൊട്ടിക്കരഞ്ഞ് അമ്മയുടെ അടുത്തേക്ക് ഓടുകയാണ്. വിഡിയോ വൈറലായതോടെ കുട്ടിയെ പിന്തുണച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ പ്രതികരിക്കുന്നത്. ഐപിഎല്‍ 2026 സീസണില്‍ മികച്ച ഫോമിലാണു കോലി കളിക്കുന്നത്. എട്ടു മത്സരങ്ങളില്‍നിന്ന് മൂന്ന് അര്‍ധ സെഞ്ചറികള്‍ ഉള്‍പ്പടെ 351 റണ്‍സ് താരം ഇതുവരെ നേടിയിട്ടുണ്ട്. ആര്‍സിബി എട്ടു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ആറു വിജയങ്ങളുമായി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. 12 പോയിന്റാണ് ആര്‍സിബിക്കുള്ളത്.
തിങ്കളാഴ്ച നടന്ന പോരാട്ടത്തില്‍ ഒന്‍പതു വിക്കറ്റിന്റെ വമ്പന്‍ വിജയമാണ് ആര്‍സിബി ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടില്‍ സ്വന്തമാക്കിയത്. ഡല്‍ഹി ഉയര്‍ത്തിയ 76 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബി 6.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 81 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ബെംഗളൂരുവിന്റെ വിജയം. മറുപടി ബാറ്റിങ്ങില്‍ 11 പന്തില്‍ 20 റണ്‍സെടുത്ത ജേക്കബ് ബെതലിന്റെ വിക്കറ്റാണ് ബെംഗളൂരുവിനു നഷ്ടമായത്. വിരാട് കോലിയും (15 പന്തില്‍ 23), ദേവ്ദത്ത് പടിക്കലും (13 പന്തില്‍ 34) പുറത്താകാതെനിന്നു. ഐപിഎലില്‍ 9,000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡിലേക്ക് ഈ മത്സരത്തോടെ വിരാട് കോലി എത്തി. എട്ട് സെഞ്ചറികളും 74 അര്‍ധ സെഞ്ചറികളുമാണ് കോലി കരിയറില്‍ സ്വന്തമാക്കിയിട്ടുള്ളത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് ഹോം ഗ്രൗണ്ടില്‍ 75 റണ്‍സിനു പുറത്തായി. പവര്‍പ്ലേയില്‍ ആര്‍സിബി പേസര്‍മാരായ ഭുവനേശ്വര്‍ കുമാറും ജോഷ് ഹെയ്‌സല്‍വുഡും തകര്‍ത്തെറിഞ്ഞതോടെ 3.5 ഓവറില്‍ എട്ട് റണ്‍സെടുക്കുന്നതിനിടെ ഡല്‍ഹിയുടെ ആറു വിക്കറ്റുകള്‍ വീണു. ഇരു പേസര്‍മാരും മൂന്നു വീതം വിക്കറ്റുകള്‍ പങ്കിട്ടെടുക്കുകയായിരുന്നു. സലില്‍ പരാഖ് (പൂജ്യം), കെ.എല്‍. രാഹുല്‍ (ഒന്ന്), നിതീഷ് റാണ (ഒന്ന്), സമീര്‍ റിസ്‌വി (പൂജ്യം), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (അഞ്ച്), ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേല്‍ (പൂജ്യം) എന്നിവരാണ് ആദ്യ ആറോവറുകളില്‍ പുറത്തായ ഡല്‍ഹി ബാറ്റര്‍മാര്‍.
ഐപിഎല്‍ ചരിത്രത്തില്‍ പവര്‍പ്ലേ ഓവറില്‍ കൂടുതല്‍ വിക്കറ്റുകള്‍ വീണ ഇന്നിങ്‌സാണ് ഡല്‍ഹിയുടേത്. 2011 ല്‍ കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ഡക്കാന്‍ ചാര്‍ജേഴ്‌സ് കൊച്ചി ടസ്‌കേഴ്‌സിനെതിരെ ഇതുപോലെ ആറു വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 13 റണ്‍സാണ് ആദ്യ ആറോവറുകളില്‍നിന്ന് ഡല്‍ഹി നേടിയത്. ഐപിഎലിലെ എക്കാലത്തെയും ചെറിയ സ്‌കോര്‍. ഇംപാക്ട് പ്ലേയറായി ഇറങ്ങി 33 പന്തില്‍ 30 റണ്‍സെടുത്ത അഭിഷേക് പൊറേലാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. 3.3 ഓവറുകള്‍ പന്തെറിഞ്ഞ ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡ്, 12 റണ്‍സ് വഴങ്ങി നാലു വിക്കറ്റുകള്‍ വീഴ്ത്തി. റാസിഖ് സലാം, സുയാഷ് ശര്‍മ, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി.
