
ന്യൂഡല്‍ഹി: രാജ്യസഭയില്‍ ആം ആദ്മി പാര്‍ട്ടിക്ക് കനത്ത ആഘാതം സൃഷ്ടിച്ച് ഏഴ് എംപിമാര്‍ ഔദ്യോഗികമായി ബിജെപിയില്‍ ലയിച്ചു. രാഘവ് ഛദ്ദ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ ബിജെപിയിലേക്കുളള ലയനം പ്രഖ്യാപിച്ചതിന് പിന്നാലെ, രാജ്യസഭാ ചെയര്‍മാന്‍ സി.പി. രാധാകൃഷ്ണന്‍ ഇതിന് ഔദ്യോഗിക അംഗീകാരം നല്‍കി. ഇതോടെ രാജ്യസഭയില്‍ എഎപിയുടെ അംഗബലം പത്തില്‍ നിന്ന് വെറും മൂന്നായി കുറഞ്ഞു. അതേസമയം, സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയുടെ അംഗബലം 113 ആയി ഉയരുകയും ചെയ്തു.
രാഘവ് ഛദ്ദ, സന്ദീപ് പാഠക്, അശോക് മിത്തല്‍, ഹര്‍ഭജന്‍ സിംഗ്, വിക്രംജിത് സഹ്നി, സ്വാതി മലിവാള്‍, രജീന്ദര്‍ ഗുപ്ത എന്നീ എംപിമാരാണ് എഎപി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ലയനത്തിന് ശേഷം തങ്ങളെ ബിജെപി എംപിമാരായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ വെള്ളിയാഴ്ച രാജ്യസഭാ ചെയര്‍മാന് കത്ത് നല്‍കിയിരുന്നു. ഈ അപേക്ഷ അംഗീകരിച്ചതോടെ രാജ്യസഭാ വെബ്‌സൈറ്റിലെ പട്ടികയില്‍ ഇവരുടെ പേര് ബിജെപി അംഗങ്ങളുടെ ഭാഗത്തേക്ക് മാറ്റി.
കൂറുമാറ്റ നിരോധന നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ചാണോ ലയനം നടന്നതെന്ന ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ, എഎപി നേതൃത്വം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. പാര്‍ട്ടി വിട്ട ഏഴ് എംപിമാരുടെയും അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഎപി രാജ്യസഭാ ചെയര്‍മാന് നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍, ഭൂരിഭാഗം എംപിമാരും ഒന്നിച്ച് ലയിച്ചതിനാല്‍ സാങ്കേതികമായി അംഗത്വം നഷ്ടപ്പെടാന്‍ സാധ്യതയില്ലെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഡല്‍ഹിയിലും പഞ്ചാബിലും ഭരണത്തിലുള്ള എഎപിയെ സംബന്ധിച്ചിടത്തോളം ദേശീയ രാഷ്ട്രീയത്തില്‍ ഏറ്റവും വലിയ തിരിച്ചടിയാണ് ഈ നീക്കം. പ്രധാനപ്പെട്ട പല നേതാക്കളും പാര്‍ട്ടി വിട്ടതോടെ രാജ്യസഭയിലെ എഎപിയുടെ ശബ്ദം ദുര്‍ബലമായിരിക്കുകയാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ബിജെപി നടത്തിയ ഈ നീക്കം പ്രതിപക്ഷ നിരയിലും വലിയ അങ്കലാപ്പുണ്ടാക്കിയിട്ടുണ്ട്.
ഈ രാഷ്ട്രീയ നീക്കത്തിനെതിരെ എഎപി കടുത്ത പ്രതിഷേധമാണ് രേഖപ്പെടുത്തുന്നത്. ബിജെപി ഒരിക്കല്‍ കൂടി പഞ്ചാബിനെ വഞ്ചിച്ചിരിക്കുകയാണെന്ന് എഎപി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ എക്സില്‍ (X) കുറിച്ചു. ഭഗവന്ത് മാന്‍ സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ബിജെപി 'ഓപ്പറേഷന്‍ ലോട്ടസ്' നടപ്പിലാക്കുകയാണെന്ന് എഎപി നേതൃത്വം ആരോപിച്ചു. തങ്ങളെ വഞ്ചിച്ചവര്‍ക്ക് പഞ്ചാബിലെ ജനങ്ങള്‍ മാപ്പ് നല്‍കില്ലെന്ന് പാര്‍ട്ടി നേതാക്കള്‍ പ്രതികരിച്ചു. അതേസമയം, എഎപിയില്‍ തങ്ങള്‍ വീര്‍പ്പുമുട്ടുകയാണെന്നും ജനങ്ങളെ സേവിക്കാനുള്ള അവസരം ലഭിക്കുന്നില്ലെന്നുമാണ് ബിജെപിയില്‍ ചേര്‍ന്ന എംപിമാരുടെ വാദം. എഎപി വിട്ട ഏഴ് എംപിമാരുടെയും അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി രാജ്യസഭാ ചെയര്‍മാന് പരാതി നല്‍കിയിട്ടുണ്ടെങ്കിലും, ലയനത്തിന് ഔദ്യോഗിക അംഗീകാരം ലഭിച്ചത് എഎപിക്ക് നിയമപരമായും രാഷ്ട്രീയമായും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
