
ഹരിപ്പാട്: പണം തിരികെ ചോദിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പോലീസ് പിടിയിൽ. മുതുകുളം ചെമ്പകപ്പള്ളിയിൽ ബിനു കോശിയെയാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ കഴുത്തിന് ആഴത്തിൽ മുറിവേറ്റ പള്ളിപ്പാട് സ്വദേശി സജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.
ബിനു കോശിയുടെ ഭാര്യ സജിയുടെ സഹോദരിയിൽ നിന്ന് ഒരു ലക്ഷം രൂപ കടമായി വാങ്ങിയിരുന്നു. ഈ തുക തിരികെ ലഭിക്കാത്തതിനെച്ചൊല്ലി ബിനുവും സജിയും തമ്മിൽ ദീർഘനാളായി തർക്കം നിലനിന്നിരുന്നു. സംഭവദിവസം ബിനുവിന്റെ വീടിന് മുന്നിലെത്തിയ സജി പണം ആവശ്യപ്പെട്ടതോടെ ബിനു ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
തർക്കത്തിന് പിന്നാലെ സജി അവിടെ നിന്ന് മടങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് ബിനു കത്തിയുമായി വീട്ടിനുള്ളിൽ നിന്ന് ഓടിയെത്തിയത്. സജിയെ പിന്തുടർന്ന പ്രതി കഴുത്തിന്റെ ഇടതുഭാഗത്ത് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സജിയെ നാട്ടുകാർ ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. വധശ്രമത്തിന് കേസെടുത്ത പോലീസ് ബിനുവിനെ പിടികൂടി കോടതിയിൽ ഹാജരാക്കി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
