
മലപ്പുറം: ഇപ്പോൾ കേരളം മുഴുവനും പാമ്പ് ഭീതിയിലാണ്. കടിയേറ്റെന്ന് തോന്നിയാൽ ആളുകൾ പരിഭ്രാന്തരാകുന്നത് സ്ഥിരം കാഴ്ചയാണ്. ഇത് തന്നെയാണ് ആനപ്പടി സ്വദേശി നാസിമിനും സംഭവിച്ചത്. ഇടതുകാലിലെ വിരലുകൾക്കിടയിലാണ് ഇദ്ദേഹത്തിന് പാമ്പിന്റെ കടിയേറ്റത്. ആദ്യം ഒന്ന് ഭയന്നെങ്കിലും കടിച്ച പാമ്പിനെ പിടിച്ച് കുപ്പിയിലാക്കിയ നാസിം, പാമ്പിനെയുമെടുത്താണ് തിരൂർ ജില്ലാ ആശുപത്രിയിലെത്തിയത്.
കടിച്ചത് വിഷപ്പാമ്പ് തന്നെയാണോ എന്ന കാര്യത്തിൽ സ്ഥിരീകരണത്തിന് വേണ്ടിയായിരുന്നു ഇത്. തിരൂർ ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ നാസിമിനെ കടിച്ചത് വിഷപ്പാമ്പല്ലെന്നും നീർക്കോലിയാണെന്നും പിന്നീട് വ്യക്തമായി. ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം യുവാവ് വീട്ടിലേക്ക് തിരികെപ്പോവുകയും ചെയ്തു.
