
വാഷിങ്ടൺ: ഇറാൻ ഭരണകൂടം വലിയ തകർച്ചയെ നേരിടുകയാണെന്നും രാജ്യം കടുത്ത ആഭ്യന്തര-നേതൃത്വ പ്രതിസന്ധിയിലാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെയാണ്' ട്രംപിൻറെ പ്രസ്താവന. നിലവിൽ അടച്ചിട്ടിരിക്കുന്ന ഹോർമുസ് കടലിടുക്ക് എത്രയും വേഗം തുറന്നുനൽകാൻ ഇറാൻ അമേരിക്കയുടെ സഹായം തേടിയതായും ട്രംപ് വ്യക്തമാക്കി.
അമേരിക്ക-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷം മുറുകുന്നതിനിടെ ആഗോള വ്യാപാരത്തിന്റെ കേന്ദ്രീയ ഹോർമുസ് കടലിടുക്ക് മാസങ്ങളായി തടസ്സപ്പെട്ടിരിക്കുകയാണ്. നിലവിൽ രണ്ടായിരത്തോളം ചരക്ക് കപ്പലുകളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. ഇത് ആഗോള വിപണിയെയും എണ്ണ വിതരണത്തെയും വൻതോതിൽ ബാധിച്ചിട്ടുണ്ട്.
ഇറാന്റെ പ്രധാന തുറമുഖങ്ങൾക്കെതിരെ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കണമെന്ന ആവശ്യമാണ് ഇറാൻ മുന്നോട്ടുവെക്കുന്നത്. ഉപരോധം നീക്കിയാൽ പകരമായി ഹോർമുസ് കടലിടുക്ക് തുറന്നുനൽകാമെന്ന താൽക്കാലിക കരാറിന് തയ്യാറാണെന്ന് ഇറാൻ അറിയിച്ചിട്ടുണ്ട്. എന്നാൽ ഉപരോധം പിൻവലിക്കുന്ന കാര്യത്തിലോ മേഖലയിലെ അശാന്തി പരിഹരിക്കുന്നതിലോ അമേരിക്ക ഇതുവരെ അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടില്ല.
ഭരണകൂടം ദുർബലമാവുകയാണെന്നും നിലവിലെ സാഹചര്യങ്ങൾ ഇറാന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്നുമാണ് ട്രംപിന്റെ വിലയിരുത്തൽ. ഹോർമുസ് കടലിടുക്കിലെ സ്തംഭനാവസ്ഥ തുടരുന്നത് വരും ദിവസങ്ങളിൽ ആഗോള സാമ്പത്തിക രംഗത്ത് വലിയ ആശങ്കകൾക്ക് വഴിവെക്കും.
