
കൽപറ്റ: വയനാട്, നീലഗിരി ജില്ലകളിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും പോലീസ് പിടികൂടിയത് സുപ്രധാന നീക്കത്തിലൂടെ. 150-ലധികം മോഷണക്കേസുകളിൽ പ്രതിയായ കണ്ണൂർ ആലക്കോട് സ്വദേശി കെ.യു. മുഹമ്മദ് (46), അൻപതോളം കേസുകളിൽ പ്രതിയായ പുൽപ്പള്ളി സ്വദേശി കെ.ടി. ജോസ് (72) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി അരുൺ കെ. പവിത്രന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. മുഹമ്മദിനെ ആലക്കോട് നിന്നും ജോസിനെ ബോയ്‌സ് ടൗണിൽ നിന്നുമാണ് പോലീസ് സാഹസികമായി പിടികൂടിയത്.
അതീവ തന്ത്രശാലിയായ മുഹമ്മദ്, സിസിടിവി ക്യാമറകളിൽ കുടുങ്ങാതിരിക്കാൻ കണ്ണ് ഒഴികെയുള്ള ശരീരഭാഗങ്ങളെല്ലാം പൂർണ്ണമായും മറച്ചായിരുന്നു മോഷണത്തിന് ഇറങ്ങിയിരുന്നത്. ഓരോ മോഷണത്തിന് ശേഷവും ഇടക്കിടെ വേഷം മാറുന്ന ഇയാളെ പിടികൂടാൻ പോലീസും വേഷം മാറിയാണ് നിരീക്ഷണം നടത്തിയത്. ഉറക്കമൊഴിച്ച് ആഘോഷപ്പറമ്പുകളിലും മറ്റും പോലീസ് നടത്തിയ നീണ്ട നാളത്തെ ശാസ്ത്രീയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. ആളില്ലാത്ത വീടുകളെക്കുറിച്ചുള്ള വിവരങ്ങൾ ജോസ് നൽകുകയും അതനുസരിച്ച് മുഹമ്മദ് മോഷണം നടത്തുകയുമായിരുന്നു ഇവരുടെ രീതി.
കൽപറ്റ ഗ്രാമത്തുവയലിലെ ഒരു വീട്ടിൽ നിന്ന് ഒൻപത് പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിലാണ് ഇവർ ഇപ്പോൾ പിടിയിലായത്. ഇതിനുപുറമെ വയനാട് ജില്ലയിലെ മുട്ടിൽ, പുൽപ്പള്ളി, മേപ്പാടി തുടങ്ങിയ സ്ഥലങ്ങളിലും തമിഴ്‌നാട്ടിലെ ചേരമ്പാടി, പാടന്തറ എന്നിവിടങ്ങളിലുമായി പത്തൊമ്പതോളം മോഷണങ്ങൾ നടത്തിയതായി ഇവർ പ്രാഥമിക ചോദ്യംചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. ഒരു കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് മുഹമ്മദിനെ പോലീസ് പിടികൂടിയത്. ഈ വാഹനത്തിൽ നിന്ന് ആഭരണങ്ങളും പണവും മാരകായുധങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
കൽപറ്റ ഇൻസ്പെക്ടർ ടി.പി. ദിനേശ്, സബ് ഇൻസ്പെക്ടർ വിമൽ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക ക്രൈം സ്‌ക്വാഡാണ് പ്രതികളെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. വിരലടയാള വിദഗ്ധർ, ഡോഗ് സ്‌ക്വാഡ് എന്നിവരുടെ സഹായത്തോടെയായിരുന്നു പോലീസ് തെളിവുകൾ ശേഖരിച്ചത്.
