BoolokamBoolokam

കന്നിവോട്ടര്‍മാരും യുവജനതയും വിശ്വാസം അര്‍പ്പിച്ചത് യുഡിഎഫില്‍; എല്‍ഡിഎഫിന് ഒപ്പം ഉറച്ചുനിന്നത് മുതിര്‍ന്ന പൗരന്മാര്‍; ക്ഷേമ പെന്‍ഷന്‍ തുണച്ചെങ്കിലും തിരിച്ചടിയായത് ഭരണവിരുദ്ധ വികാരം; യുഡിഎഫിന് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പ്രവചിച്ച ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പറയുന്നത്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാനിരിക്കെ, സംസ്ഥാനത്ത് ഭരണമാറ്റം പ്രവചിച്ച് പ്രമുഖ ഏജന്‍സികളുടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍. പത്തുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് ആക്സിസ് മൈ ഇന്ത്യ ഉള്‍പ്പെടെയുള്ള സര്‍വ്വേകള്‍ നല്‍കുന്ന സൂചന. യുഡിഎഫിന് 44 ശതമാനം വോട്ട് വിഹിതം ലഭിക്കുമ്പോള്‍ എല്‍ഡിഎഫ് 39 ശതമാനത്തിലേക്ക് ചുരുങ്ങുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. യുവജനതയുടെയും കന്നിവോട്ടര്‍മാരുടെയും ഇടയില്‍ യുഡിഎഫ് ഉണ്ടാക്കിയ വലിയ മുന്നേറ്റമാണ് ഭരണവിരുദ്ധ തരംഗത്തിന് കരുത്തുപകര്‍ന്നതെന്നാണ് വിലയിരുത്തല്‍.

ആക്സിസ് മൈ ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം കന്നിവോട്ടര്‍മാരില്‍ 51 ശതമാനവും യുഡിഎഫിനെയാണ് പിന്തുണയ്ക്കുന്നത്. മുന്‍ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഈ വിഭാഗത്തില്‍ യുഡിഎഫ് 13 ശതമാനത്തിന്റെ വര്‍ദ്ധനവ് രേഖപ്പെടുത്തിയപ്പോള്‍, എല്‍ഡിഎഫിന് അത്രതന്നെ വോട്ടുകളുടെ കുറവുണ്ടായി. 20-നും 29-നും ഇടയില്‍ പ്രായമുള്ള വോട്ടര്‍മാരുടെ ശക്തമായ പിന്തുണ യുഡിഎഫിന് ഭരണത്തിലേക്കുള്ള വഴി തുറന്നപ്പോള്‍, മുതിര്‍ന്ന പൗരന്മാര്‍ക്കിടയില്‍ മാത്രമാണ് എല്‍ഡിഎഫിന് നേരിയ സ്വാധീനം നിലനിര്‍ത്താനായത്. ക്ഷേമ പെന്‍ഷനുകള്‍ മുതിര്‍ന്ന പൗരന്മാരെ എല്‍ഡിഎഫിനൊപ്പം നിര്‍ത്താന്‍ സഹായിച്ചെങ്കിലും, യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മയും മറ്റു ഭരണവിരുദ്ധ ഘടകങ്ങളും സര്‍ക്കാരിന് വലിയ തിരിച്ചടിയായി.

വിവിധ ഏജന്‍സികളുടെ പ്രവചനങ്ങള്‍ പരിശോധിക്കുമ്പോള്‍ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് കാണാം. പീപ്പിള്‍സ് പള്‍സ് യുഡിഎഫിന് 75 മുതല്‍ 85 വരെ സീറ്റുകള്‍ പ്രവചിക്കുമ്പോള്‍, ആക്സിസ് മൈ ഇന്ത്യ 78 മുതല്‍ 90 സീറ്റുകള്‍ വരെയാണ് നല്‍കുന്നത്. 71 സീറ്റുകള്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടയിടത്ത് മിക്ക സര്‍വ്വേകളും യുഡിഎഫിന് 70-ന് മുകളില്‍ സീറ്റുകള്‍ ലഭിക്കുമെന്ന് ഉറപ്പിക്കുന്നു. ഭരണത്തുടര്‍ച്ച പ്രതീക്ഷിക്കുന്ന എല്‍ഡിഎഫിന് 49 മുതല്‍ 68 വരെ സീറ്റുകള്‍ മാത്രമേ ലഭിക്കൂ എന്നാണ് പ്രവചനം. എന്‍ഡിഎ ആകട്ടെ ഒന്നു മുതല്‍ അഞ്ചു സീറ്റുകള്‍ വരെ നേടിയേക്കാമെന്നും സര്‍വ്വേകള്‍ സൂചിപ്പിക്കുന്നു.

ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളില്‍ ബിജെപി വോട്ട് വിഹിതം 14 ശതമാനമായി ഉയര്‍ത്തുമെന്നാണ് സൂചന. വികസനത്തുടര്‍ച്ച എന്ന എല്‍ഡിഎഫിന്റെ പ്രചാരണത്തേക്കാള്‍, ഭരണമാറ്റം എന്ന യുഡിഎഫിന്റെ ആഹ്വാനത്തിനാണ് ജനങ്ങള്‍ മുന്‍ഗണന നല്‍കിയതെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെക്കുന്നു. വോട്ടിംഗ് ശതമാനത്തിലെ ഈ അഞ്ചു ശതമാനത്തിന്റെ വ്യത്യാസം നിയമസഭയിലെ സീറ്റുകളില്‍ വലിയ പ്രതിഫലനമുണ്ടാക്കും. മെയ് ഒന്നിന് വോട്ടെണ്ണല്‍ നടക്കുമ്പോള്‍ ഈ പ്രവചനങ്ങള്‍ എത്രത്തോളം യാഥാര്‍ത്ഥ്യമാകുമെന്ന് വ്യക്തമാകും. എങ്കിലും കന്നിവോട്ടര്‍മാരും യുവതലമുറയും യുഡിഎഫില്‍ അര്‍പ്പിച്ച വിശ്വാസം കേരള രാഷ്ട്രീയത്തില്‍ പുതിയൊരു ദിശാമാറ്റത്തിന് വഴിതെളിക്കുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.


വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍

ആക്സിസ് മൈ ഇന്ത്യ - യുഡിഎഫ് 78-90, എല്‍ഡിഎഫ് 49-62 , എന്‍ഡിഎ 0- 3

സിഎന്‍എന്‍ ന്യൂസ് 18- യുഡിഎഫ് - 70-80, എല്‍ഡിഎഫ്- 58-68, എന്‍ഡിഎ 0-4

പി മാര്‍ക്ക്- യുഡിഎഫ്- 71-79, എല്‍ഡിഎഫ്- 62-69, എന്‍ഡിഎ 1-4

മാട്രിസ്- യുഡിഎഫ്- 70-75, എല്‍ഡിഎഫ് 60-65, എന്‍ഡിഎ 3-5

പീപ്പിള്‍ പള്‍സ്- യുഡിഎഫ് 75-85, എല്‍ഡിഎഫ് 55-65, എന്‍ഡിഎ 0-3

ടൈംസ് നൗ - യുഡിഎഫ് 70-75 , എല്‍ഡിഎഫ് 60-65 , എന്‍ഡിഎ 3-7

വോട്ട് വൈബ് - യുഡിഎഫ് 70-80, എല്‍ഡിഎഫ് 58-68, എന്‍ഡിഎ 0-4

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കന്നിവോട്ടര്‍മാരും യുവജനതയും വിശ്വാസം അര്‍പ്പിച്ചത് യുഡിഎഫില്‍; എല്‍ഡിഎഫിന് ഒപ്പം ഉറച്ചുനിന്നത് മുതിര്‍ന്ന പൗരന്മാര്‍; ക്ഷേമ പെന്‍ഷന്‍ തുണച്ചെങ്കിലും തിരിച്ചടിയായത് ഭരണവിരുദ്ധ വികാരം; യുഡിഎഫിന് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പ്രവചിച്ച ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പറയുന്നത് - Marunadan Malayali | Boolokam