
വിഴിഞ്ഞം: വീടിന് മുന്നിലെ സിമന്റ് തൂണുകൾക്കിടയിൽ കുടുങ്ങിപ്പോയ കുട്ടിയുടെ കാല് അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലിൽ പുറത്തെടുത്തു. കോട്ടപ്പുറം കടയ്ക്കുളം കോളനിയിലെ റയാന്റെ വലതുകാലാണ് തൂണുകൾക്കിടയിൽ കുടുങ്ങിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.
കളിക്കുന്നതിനിടയിലാണ് കുട്ടിയുടെ കാല് തൂണുകൾക്കിടയിൽ കുടുങ്ങിയത്. വീട്ടുകാരും നാട്ടുകാരും ചേർന്ന് കാല് പുറത്തെടുക്കാൻ ഏറെനേരം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്നാണ് വിഴിഞ്ഞം അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. സ്റ്റേഷൻ ഓഫീസർ പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.
ഹൈഡ്രോളിക് ടൂളുകൾ ഉൾപ്പെടെയുള്ള ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് തൂണുകളുടെ വശങ്ങൾ വകഞ്ഞുമാറ്റുകയും കോൺക്രീറ്റ് ഭാഗങ്ങൾ ശ്രദ്ധയോടെ പൊട്ടിച്ചുനീക്കുകയുമായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ കാലിന് പരിക്കേൽക്കാതെ കുട്ടിയെ പുറത്തെടുത്തു. സേനാംഗങ്ങളായ ദിനേശ്, ശിവൻ, സന്തോഷ് കുമാർ, പ്രണവ്, ശ്യാംധരൻ, രതീഷ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്.
